Kerala
ബി ജെ പിക്ക് കനത്ത തിരിച്ചടി; വി മുരളീധരന്റെ ഭാര്യയുടെ അടുത്ത ബന്ധു പാര്‍ട്ടി വിട്ട് സി പി എമ്മില്‍
ബി ജെ പി ജില്ലാ കമ്മിറ്റിയംഗം കൊട്ടേത്ത് ഹരികുമാര്‍ ആണ് പാര്‍ട്ടി വിട്ടത്. പന്തളം നഗരസഭ 22-ാം വാര്‍ഡില്‍ ബി ജെ പി വിമതനായി നല്‍കിയിരുന്ന പത്രിക പിന്‍വലിച്ചാണ് സി പി എമ്മില്‍ ചേര്‍ന്നത്.
പന്തളം | മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ ഭാര്യയുടെ അടുത്ത ബന്ധു ബി ജെ പി വിട്ട് സി പി എമ്മില്‍ ചേര്‍ന്നു. ബി ജെ പി ജില്ലാ കമ്മിറ്റിയംഗം കൊട്ടേത്ത് ഹരികുമാര്‍ ആണ് പാര്‍ട്ടി വിട്ടത്. പന്തളം നഗരസഭ 22-ാം വാര്‍ഡില്‍ ബി ജെ പി വിമതനായി നല്‍കിയിരുന്ന പത്രിക പിന്‍വലിച്ചാണ് അദ്ദേഹം സി പി എമ്മില്‍ ചേര്‍ന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സ്വന്തം ശക്തികേന്ദ്രത്തില്‍ ബി ജെ പിക്ക് ഇത് വന്‍ തിരിച്ചടിയായി. സി പി എം മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ നിര്‍മലാദേവിയാണ് ഹരികുമാറിനെ പാര്‍ട്ടിയിലേക്ക് മാലയണിയിച്ച് സ്വീകരിച്ചത്. സി പി എം മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം ടി കെ ജി നായരുടെ ഭാര്യയാണ് നിര്‍മലാദേവി. ഹരികുമാറിനെ സ്‌കൂളില്‍ കെമിസ്ട്രി പഠിപ്പിച്ച അധ്യാപിക കൂടിയാണ് നിര്‍മല. ടി കെ ജി നായരുടെ പ്രക്കാനത്തെ വീട്ടിലെത്തിയാണ് ഹരികുമാര്‍ രക്തഹാരം സ്വീകരിച്ചത്.
നിലവില്‍ ബി ജെ പി ഭരിക്കുന്ന നഗരസഭയില്‍ സ്ഥാനാര്‍ഥികളായി ചിലരെ ഹരികുമാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ജില്ലാ നേതൃത്വവുമായി ഏറെ നാളായി അകല്‍ച്ചയില്‍ കഴിയുന്ന ഹരികുമാറിന്റെ നിര്‍ദേശം നേതൃത്വം അംഗീകരിച്ചില്ല. തുടര്‍ന്ന് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തിയ ഹരികുമാര്‍ സ്വയം വിമതനായി പത്രിക നല്‍കുകയായിരുന്നു. പിന്നീട് ജില്ലാ നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് വിമത സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഹരികുമാര്‍ പിന്മാറി. ഇതിന് ശേഷമാണ് സി പി എമ്മിലേക്കുള്ള കൂറുമാറ്റം. പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള ഇടത്ത് ജില്ലാ നേതാവായ ഹരികുമാര്‍ പാര്‍ട്ടി വിട്ടത് ബി ജെ പിക്ക് കനത്ത പ്രഹരമായി.


