Connect with us

From the print

കണ്ണൂര്‍ കോര്‍പറേഷന്‍: 17 ഡിവിഷനുകളില്‍ യു ഡി എഫിന് വിമത സ്ഥാനാര്‍ഥികള്‍

പയ്യാമ്പലത്ത് നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാര്‍ഥിയും ഇപ്പോഴത്തെ ഡെപ്യൂട്ടി മേയറുമായ പി ഇന്ദിരക്കെതിരെ മഹിളാ കോണ്‍ഗ്രസ്സ് ടൗണ്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ്സ് വെസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റുമായ കെ എന്‍ ബിന്ദുവാണ് മത്സരിക്കുന്നത്.

Published

|

Last Updated

കണ്ണൂര്‍ | കോര്‍പറേഷനില്‍ 17 ഡിവിഷനുകളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരായി വിമതര്‍. പയ്യാമ്പലത്ത് നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാര്‍ഥിയും ഇപ്പോഴത്തെ ഡെപ്യൂട്ടി മേയറുമായ പി ഇന്ദിരക്കെതിരെ മഹിളാ കോണ്‍ഗ്രസ്സ് ടൗണ്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ്സ് വെസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റുമായ കെ എന്‍ ബിന്ദുവാണ് മത്സരിക്കുന്നത്.

സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇല്ലാതിരുന്ന പി ഇന്ദിരയെ അവസാന നിമിഷമാണ് പയ്യാന്പലത്ത് പ്രഖ്യാപിച്ചത്. കെ സി വേണുഗോപാലിന്റെയും കെ സുധാകരന്റെയും ഇടപെടലോടെയായിരുന്നു ഇത്. ഇതോടെ ആദ്യഘട്ടം മുതല്‍ സ്ഥാനാര്‍ഥിയാകുമെന്നുറപ്പിച്ച ബിന്ദുവിനെ പ്രാദേശിക നേതാക്കള്‍ മത്സരരംഗത്തിറക്കുകയായിരുന്നു.

വാരത്ത് മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌കെ പി ത്വാഹിറിനെതിരെ ലീഗ് ശാഖാ എക്‌സിക്യുട്ടീവ് അംഗം റഈസ് അസ്്അദിയാണ് വിമതന്‍. സീറ്റ് വിട്ടുകിട്ടുന്നതില്‍ കോണ്‍ഗ്രസ്സും ലീഗും തമ്മില്‍ തര്‍ക്കം നിലനിന്ന ഡിവിഷനാണ് വാരം. 38ാം ഡിവിഷനായ ആദികടലായിയില്‍ കെ പി സി സി അംഗവും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റുമായ റിജില്‍ മാക്കുറ്റിക്കെതിരെ മുസ്്‌ലിം ലീഗിന്റെ എം മുഹമ്മദലിയാണ് മത്സരരംഗത്തുള്ളത്.

പള്ളിപ്പൊയിലില്‍ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ടി സി ത്വാഹയാണ് വിമതനായി മത്സരിക്കുന്നത്. ഇദ്ദേഹത്തിന് എല്‍ ഡി എഫ് പിന്തുണ നല്‍കുന്നുണ്ട്. ഏഴരയില്‍ കോണ്‍ഗ്രസ്സുകാരനായ മുഹമ്മദ് ബള്ളറച്ചാലില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ രംഗത്തുണ്ട്.

കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷനും പള്ളിക്കുന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റുമായ പി കെ രാഗേഷന്റെ നേതൃത്വത്തില്‍ 12 ഡിവിഷനുകളില്‍ ഐക്യ ജനാധിപത്യ സംരക്ഷണ സമിതിയും മത്സരിക്കുന്നു. പി കെ രാഗേഷ് പഞ്ഞിക്കയിലാണ് മത്സരിക്കുന്നത്. നിലവിലുള്ള കൗണ്‍സിലര്‍ കെ പി അനിത പള്ളിയാംമൂലയില്‍ മത്സരിക്കുന്നുണ്ട്. ഇതിന് പുറമേ, കുന്നാവ്, കൊക്കേന്‍ പാറ, പള്ളിക്കുന്ന്, തളാപ്പ്, ഉദയംകുന്ന്, മുണ്ടയാട്, ചൊവ്വ, ചാല, ആയിക്കര, ചാലാട് എന്നിവിടങ്ങളിലാണ് ഐക്യ ജനാധിപത്യ സംരക്ഷണ സമിതി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.