From the print
വിമതരുടെ ശല്യമൊഴിയാതെ മലപ്പുറം
യു ഡി എഫിനാണ് വിമതരുടെയും റിബലുകളുടെയും ശല്യം തലവേദനയാകുന്നത്.
മലപ്പുറം | പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞതോടെ മലപ്പുറത്തെ വിമതരുടെ ചിത്രം തെളിഞ്ഞു. യു ഡി എഫിനാണ് വിമതരുടെയും റിബലുകളുടെയും ശല്യം തലവേദനയാകുന്നത്. മുന്നണിക്ക് വിരുദ്ധമായി മത്സരമുണ്ടായാല്‍ ശക്തമായ അച്ചടക്ക നടപടിയുണ്ടാകുമെന്ന നേതാക്കളുടെ താക്കീതൊന്നും ഫലം കണ്ടില്ല.
രൂപവത്കരിച്ചത് മുതല്‍ ലീഗും കോണ്‍ഗ്രസ്സും തനിച്ച് മത്സരിക്കുന്ന പൊന്‍മുണ്ടം ഗ്രാമപഞ്ചായത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ഇത്തവണയും യു ഡി എഫ് മുന്നണി സംവിധാനമില്ലാതെയാണ് തിരഞ്ഞെടുപ്പ്. മുസ്‌ലിം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒരു ഭാഗത്തും കോണ്‍ഗ്രസ്സ്, സി പി എം, സി പി ഐ ചേര്‍ന്ന ജനകീയ മുന്നണി മറുഭാഗത്തും നിന്നാണ് ഇവിടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
പള്ളിക്കല്‍ പഞ്ചായത്തില്‍ 12ാം വാര്‍ഡ് കൂട്ടാലുങ്ങലില്‍ കോണ്‍ഗ്രസ്സിനാണ് വിമത സ്ഥാനാര്‍ഥിയുള്ളത്. ഒമ്പത് പേര്‍ ഇവിടെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. ഇന്നലെ ഏഴ് പേര്‍ പത്രിക പിന്‍വലിച്ചപ്പോള്‍ രണ്ട് പേര്‍ ബാക്കിയായി. കെ പി സകീര്‍ ആണ് ഇവിടെ ഔദ്യോഗിക സ്ഥാനാര്‍ഥി. മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമായ ലത്വീഫ് കൂട്ടാലുങ്ങലാണ് വിമതനായി മത്സരരംഗത്തുള്ളത്.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ വീട് സ്ഥിതിചെയ്യുന്ന തിരൂരങ്ങാടി നഗരസഭയിലെ 25ാം ഡിവിഷനില്‍ നിലവിലെ നഗരസഭാ വൈസ് ചെയര്‍പേഴ്സനും വനിതാ ലീഗ് മുനിസിപല്‍ സെക്രട്ടറിയുമായ സുലൈഖ കാലൊടി ലീഗ് സ്ഥാനാര്‍ഥിക്കെതിരെ മത്സരരംഗത്തുണ്ട്. 32ാം ഡിവിഷനില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് വാര്‍ഡ് മുന്‍ പ്രസിഡന്റ്്കക്കടവത്ത് അഹ്്മദ് കുട്ടിയും ലീഗിനെതിരെ മത്സര രംഗത്തുണ്ട്.
എടരിക്കോട്ട് നാലിടത്ത് യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് റിബലുകളുണ്ട്. പെരിന്തല്‍മണ്ണ ബ്ലോക്ക് കാര്യവട്ടം ഡിവിഷനില്‍ യു ഡി എഫിന് തലവേദനയായി രണ്ട് വിമതരുണ്ട്. കഴിഞ്ഞ തവണ മൂന്നാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മേലേതില്‍ നാസര്‍, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും സിനിമാ സംവിധായകനുമായ സകീര്‍ മണ്ണാര്‍മല എന്നിവരാണ് മത്സരിക്കുന്നത്.
കീഴാറ്റൂരില്‍ നെന്മിനി ബ്ലോക്കില്‍ 15ാം വാര്‍ഡിലും വിമതനുണ്ട്. കരുളായി പഞ്ചായത്തില്‍ യു ഡി എഫ് തൃണമൂല്‍ കോണ്‍ഗ്രസ്സിന് നല്‍കിയ സീറ്റില്‍ യു ഡി എഫിന് വിമത ഭീഷണിയായി കോണ്‍ഗ്രസ്സ് റിബല്‍ സ്ഥാനാര്‍ഥിയുണ്ട്. വാഴക്കാട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ്സിന് വിമത സ്ഥാനാര്‍ഥിയുണ്ട്.
വേങ്ങര പഞ്ചായത്തിലെ 15, 18 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ലീഗ് റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. വേങ്ങര മാട്ടില്‍ ബസാര്‍ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ ടി ശരീഫിനെതിരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ സുബൈര്‍ റിബലായി മത്സരിക്കുന്നു. പറപ്പൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കെ പി റശീദിനെതിരെ എം എസ് എഫ് മണ്ഡലം നേതാവ് മുഹമ്മദ് ശഹീം മത്സരിക്കുന്നു.
പറപ്പൂര്‍ ഏഴാം വാര്‍ഡില്‍ സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥി ദിവ്യക്കെതിരെ സി പി ഐ നിര്‍ത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥിയും മത്സരരംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ജില്ലയില്‍ ഡസണ്‍കണക്കിന് സ്ഥാനാര്‍ഥികളാണ് മുന്നണികള്‍ക്ക് തലവേദനയുണ്ടാക്കി മത്സരിക്കാനിറങ്ങുന്നത്.





