From the print
രമ്യാ ഹരിദാസിന്റെ മാതാവ് സ്ഥാനാര്‍ഥിത്വം നേടിയത് ആത്മഹത്യാ ഭീഷണി മുഴക്കി; ആരോപണവുമായി മഹിളാ നേതാവ്
കുന്ദമംഗലം ബ്ലോക്കിലെ പൂവാട്ട്പറമ്പ് ഡിവിഷന്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി രാധാ ഹരിദാസിനെതിരെയാണ് കോണ്‍ഗ്രസ്സ് റിബലായി മത്സരരംഗത്തുള്ള മഹിളാ കോണ്‍ഗ്രസ്സ് നേതാവ് അനിതാ അനീഷ് ആരോപണമുന്നയിച്ചിരിക്കുന്നത്.
കോഴിക്കോട് | മുന്‍ എം പി രമ്യാ ഹരിദാസിന്റെ മാതാവ് ആത്മഹത്യാ ഭീഷണി മുഴക്കി സ്ഥാനാര്‍ഥിത്വം നേടിയെടുത്തുവെന്ന് ആരോപണം. കുന്ദമംഗലം ബ്ലോക്കിലെ പൂവാട്ട്പറമ്പ് ഡിവിഷന്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി രാധാ ഹരിദാസിനെതിരെയാണ് കോണ്‍ഗ്രസ്സ് റിബലായി മത്സരരംഗത്തുള്ള മഹിളാ കോണ്‍ഗ്രസ്സ് നേതാവ് അനിതാ അനീഷ് ആരോപണമുന്നയിച്ചിരിക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിപദം വാഗ്ദാനം ചെയ്തെങ്കിലും താന്‍ നിരസിച്ചുവെന്നും അനിത വ്യക്തമാക്കി.
മണിക്കൂറുകളോളം ചര്‍ച്ച ചെയ്താണ് തന്നെ സ്ഥാനാര്‍ഥിയാക്കിയത്. നേതാക്കളെല്ലാം തന്നെ കണ്ട് ആശിര്‍വദിക്കുകയും ചെയ്തു. എന്നാല്‍, പിന്നീടാണ് രാധാ ഹരിദാസ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്. ഇതിനെത്തുടര്‍ന്ന് പിറ്റേ ദിവസം രാധയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
പൂവാട്ടുപറമ്പ് ഡിവിഷനില്‍ രാധ രണ്ട് തവണ ജയിച്ചിട്ടുണ്ട്. രമ്യാ ഹരിദാസും വിജയിച്ചിരുന്നു. ജനാധിപത്യ രാജ്യത്ത് എല്ലാവര്‍ക്കും സ്ഥാനം കിട്ടണം. അല്ലാതെ മാതാവിലേക്കും മകളിലേക്കും മാത്രം ഒതുങ്ങിപ്പോകരുത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയെ ഒരിക്കലും കുറ്റംപറയില്ലെന്നും അനിതാ അനീഷ് വ്യക്തമാക്കി.
അതേസമയം, റിബലായി മത്സരിക്കുന്ന അനിതയെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമം കോണ്‍ഗ്രസ്സ് നേതൃത്വം നടത്തിയിരുന്നു. എന്നാല്‍, അനിത വഴങ്ങിയില്ല. താന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടില്ലെന്നും മറ്റ് വിവാദങ്ങളെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു രാധാ ഹരിദാസിന്റെ പ്രതികരണം.





