From the print
അങ്കത്തട്ടില്‍ 72,005 പേര്‍; തദ്ദേശത്തില്‍ ചിത്രം തെളിഞ്ഞു
34,218 പുരുഷന്മാരും 37,786 വനിതകളും ഒരു ട്രാന്‍സ് ജെന്‍ഡറുമാണ് ജനവിധി തേടുന്നത്.
തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ 23,576 വാര്‍ഡുകളിലായി മത്സര രംഗത്തുള്ളത് 72,005 സ്ഥാനാര്‍ഥികള്‍. 34,218 പുരുഷന്മാരും 37,786 വനിതകളും ഒരു ട്രാന്‍സ് ജെന്‍ഡറുമാണ് ജനവിധി തേടുന്നത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം ഉണ്ടായിരുന്ന 1,07,211 പേരില്‍ നിന്ന് പത്രിക പിന്‍വലിച്ചതിന് ശേഷമാണ് മത്സര രംഗത്തുള്ളവരുടെ അന്തിമ ചിത്രം വ്യക്തമായത്.
കൂടുതല്‍ മലപ്പുറത്ത്
ഏറ്റവും കൂടുതല്‍ പേര്‍ മത്സര രംഗത്തുള്ളത് മലപ്പുറത്താണ്. 4,018 പുരുഷന്മാരും 3,768 വനിതകളുമുള്‍പ്പെടെ 7,786 പേരാണ് മലപ്പുറത്ത് ജനവിധി തേടുന്നത്. തൊട്ടുപിന്നില്‍ 6,907 സ്ഥാനാര്‍ഥികളുമായി തൃശൂരും 6599 സ്ഥാനാര്‍ഥികളുമായി പാലക്കാടുമുണ്ട്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ വയനാട്ടിലാണ്. 911 പുരുഷന്മാരും 997 വനിതകളുമടക്കം1,908 പേരാണ് വയനാട്ടില്‍ ജനവിധി തേടുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലേക്കാണ് ട്രാന്‍സ് ജെന്‍ഡര്‍ അമേയപ്രസാദ് മത്സരിക്കുന്നത്.
സൂക്ഷ്മ പരിശോധനയില്‍ 2,261 പത്രികകള്‍ തള്ളിയിരുന്നു. അടുത്ത മാസം ഒന്പത്, 11 തീയതികളിലാണ് വോട്ടെടുപ്പ്. 13ന് ഫലമറിയാം.





