Kerala
എറണാകുളത്ത് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റില്‍
തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി സജീവാണ് അറസ്റ്റിലായത്.
കൊച്ചി|എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം. പെണ്‍കുട്ടിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. പ്രതിയെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി സജീവാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. പൂനെ – കന്യാകുമാരി എക്‌സ്പ്രസ്സില്‍ തൃശ്ശൂരിലേക്ക് പോകാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. സംഭവ സ്ഥലത്തും സാമൂഹിക മാധ്യമത്തിലും പെണ്‍കുട്ടി പ്രതികരിച്ചിരുന്നു. കുറ്റകൃത്യത്തിന്റെ വീഡിയോയും പെണ്‍കുട്ടി പങ്കുവച്ചിരുന്നു. പ്രതിയെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്തു.
സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പ്രതിയെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. താന്‍ തന്നെ പ്രതിയെ പിടിച്ചു വയ്ക്കാന്‍ ശ്രമിച്ചു. വീഡിയോ എടുക്കാന്‍ തുടങ്ങിയതോടെ പ്രതി ആള്‍ക്കൂട്ടത്തിന് നടുവിലൂടെ ഓടിപ്പോയെന്നും പെണ്‍കുട്ടി പറഞ്ഞു. തിരക്കു കുറഞ്ഞ പ്ലാറ്റ്‌ഫോമിലാണ് സംഭവം നടന്നത്. പിടിക്കപ്പെട്ടതോടെ പ്രതി കുടുംബമുണ്ട്, ഭാര്യയും മക്കളും സഹിക്കില്ല എന്നെല്ലാം പറഞ്ഞു. ഇത്രയും കുടുംബത്തെ കുറിച്ച് ആശങ്കയുള്ളയാള്‍ എന്തിനിത് ചെയ്‌തെന്ന് പെണ്‍കുട്ടി ചോദിക്കുന്നു.


