Educational News
ആക്ച്വറിയൽ സയൻസ്
സാമ്പത്തിക അപകട സാധ്യതയുടെയും അനിശ്ചിതത്വത്തിന്റെയും പ്രധാന മേഖലകളിൽ ബഹുമുഖ വൈദഗ്ധ്യമുള്ള പ്രൊഫഷനലുകളായി സേവനം ചെയ്യേണ്ട ആക്ച്വറിമാർ, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റ അനലിറ്റിക്‌സ്, ധനകാര്യം എന്നിവയിൽ ശക്തമായ കഴിവുകളുള്ള, നല്ല വിശകലന വൈദഗ്ധ്യവും ലോജിക്കൽ യുക്തിയും കഠിനാധ്വാനം ചെയ്യാൻ സന്നദ്ധതയുള്ള വ്യക്തിയായിരിക്കണം
ഇൻഷ്വറൻസ്, പെൻഷൻ, ധനകാര്യം, നിക്ഷേപം, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് വ്യവസായങ്ങൾ, പ്രൊഫഷനുകൾ എന്നിവയിലെ അപകട സാധ്യത വിലയിരുത്തുന്നതിന് ഗണിതശാസ്ത്രവും സ്ഥിതിവിവരക്കണക്കുകളും പ്രയോഗിക്കുന്ന മേഖലയാണ് ആക്ച്വറിയൽ സയൻസ്. ഈ മേഖലയിൽ പരിശീലനം നേടിയ പ്രൊഫഷനലുകളാണ് ആക്ച്വറിമാർ. പ്രോബബിലിറ്റി, പ്രവചന വിശകലനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള കർശനമായ പരീക്ഷയിൽ വിജയിച്ചാണ് ആക്ച്വറിമാർ തങ്ങളുടെ പ്രൊഫഷനൽ ജീവിതം ആരംഭിക്കുന്നത്.
സാമ്പത്തിക അപകട സാധ്യതയുടെയും അനിശ്ചിതത്വത്തിന്റെയും പ്രധാന മേഖലകളിൽ ബഹുമുഖ വൈദഗ്ധ്യമുള്ള പ്രൊഫഷനലുകളായി സേവനം ചെയ്യേണ്ട ആക്ച്വറിമാർ, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റ അനലിറ്റിക്‌സ്, ധനകാര്യം എന്നിവയിൽ ശക്തമായ കഴിവുകളുള്ള, നല്ല വിശകലന വൈദഗ്ധ്യവും ലോജിക്കൽ യുക്തിയും കഠിനാധ്വാനം ചെയ്യാൻ സന്നദ്ധതയുള്ള വ്യക്തിയായിരിക്കണം. വിവിധ മേഖലകളിൽ പ്രാവീണ്യം ആവശ്യമുള്ള ജോലിയാണ് ആക്ച്വറി. ഇൻഷ്വറൻസ് ചെലവ്, അപകട സാധ്യതകൾ എന്നിവ എത്രയാണെന്നത് മുതൽ സങ്കീർണമായ നിക്ഷേപ ഹെഡ്ജിംഗ് വരെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വിവിധ ശാസ്ത്ര ശാഖകൾ ഫലപ്രദമായി ഉപയോഗിക്കാൻ ആക്ച്വറിക്ക് സാധിക്കണം. ആക്ച്വറിയൽ സയൻസ് പഠനം മെഡിക്കൽ പഠനം പോലെ കൃത്യവും വിപുലവുമായ പ്രായോഗിക പരിശീലനം ആവശ്യമുള്ളതാണ്.
പ്രവേശനം
ഇന്ത്യയിൽ ആക്ച്വറി സയൻസ് രംഗത്തെ നിയന്ത്രിക്കുന്നതും ആക്ച്വറിയൽ സയൻസ് ഫെല്ലോഷിപ്പ് കോഴ്‌സ് നടത്തുന്നതും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ (ഐ എ ഐ)യാണ്. ഐ എ ഐ ഫെല്ലോഷിപ്പ് ലഭിച്ചവരാണ് ഇന്ത്യയിലെ ആക്ച്വറിമാർ. ഈ ഫെല്ലോഷിപ്പ് നേടാൻ ആദ്യം സ്റ്റുഡന്റ് മെമ്പർഷിപ്പ് ലഭിക്കണം. +2, വിവിധ ഡിപ്ലോമകൾ അടക്കം കുറഞ്ഞ യോഗ്യതയുള്ളവർക്ക് ആക്ച്വറിയൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എ സി ഇ ടി) എന്ന എൻട്രൻസ് പരീക്ഷ വഴിയാണ് മെമ്പർഷിപ്പ് ലഭിക്കുക. സി എ, കമ്പനി സെക്രട്ടറി, ബി ടെക്, എം ബി എ തുടങ്ങിയ ഉയർന്ന യോഗ്യത ഉള്ളവർക്കു നേരിട്ട് സ്റ്റുഡന്റ് മെമ്പർഷിപ്പിന് അപേക്ഷിക്കാം.
ഗണിതത്തിലും സ്റ്റാറ്റിസ്റ്റിക്‌സിലും താത്പര്യമുള്ളവരായിരിക്കണം അപേക്ഷകർ. എൻട്രൻസ് പരീക്ഷക്ക്, ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ്, ഇംഗ്ലീഷ് ലോജിക്കൽ റീസണിംഗ്, ഡാറ്റ ഇന്റർപ്രിറ്റേഷൻ എന്നീ വിഷയങ്ങളിൽ നിന്നായി 100 മാർക്കിന്റെ 70 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. 50 ശതമാനം മാർക്ക് ലഭിച്ചവർ വിജയിക്കും.
പ്രവേശന പരീക്ഷ വിജയിച്ചവരും നേരിട്ട് പ്രവേശനത്തിന് യോഗ്യതയുള്ളവരും സ്റ്റുഡന്റ് മെന്പർഷിപ്പിന് https://actuariesindia.org എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. മെമ്പർഷിപ്പ് ലഭിച്ചു കഴിഞ്ഞാൽ പരീക്ഷക്ക് അപേക്ഷിക്കാം.
പരീക്ഷ
ഫെല്ലോഷിപ്പ് നേടാൻ ഒരു വിദ്യാർഥിക്ക് 13 വിഷയങ്ങൾ പഠിക്കണം. നാല് ഘട്ടങ്ങളായാണ് പരീക്ഷകൾ നടക്കുക.
സ്റ്റേജ് 1. കോർ പ്രിൻസിപ്പിൽസ്,
സ്റ്റേജ് 2. കോർ പ്രാക്ടീസസ്,
സ്റ്റേജ് 3. സ്‌പെഷ്യലിസ്റ്റ് പ്രിൻസിപ്പിൽസ്,
സ്റ്റേജ് 4. സ്‌പെഷ്യലിസ്റ്റ് അഡ്വാൻസ്ഡ്
കോർ പ്രിൻസിപ്പിൽ സ്റ്റേജിൽ ഏഴ് വിഷയങ്ങളും കോർ പ്രാക്ടീസസ് സ്റ്റേജിൽ മൂന്ന് വിഷയങ്ങളുമുണ്ടാകും. സ്‌പെഷ്യലിസ്റ്റ് പ്രിൻസിപ്പിൽസ്റ്റേജിൽ എട്ട് പേപ്പറിൽ രണ്ട് പേപ്പർ തിരഞ്ഞെടുക്കണം. സ്‌പെഷ്യലിസ്റ്റ് അഡ്വാൻസ്ഡ് സ്റ്റേജിൽ അഞ്ച് പേപ്പറിൽ ഏതെങ്കിലും ഒരു പേപ്പർ എഴുതിയാൽ മതി. ആവശ്യമായ സ്റ്റഡി മെറ്റീരിയലുകൾ ഐ എ ഐയിൽ നിന്ന് ലഭിക്കും.
പരീക്ഷകൾ ഹോം ബേസ്ഡ് ഓൺലൈൻ മോഡിലാണ് നടക്കുന്നത്. പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ ഐ എ ഐയുടെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കണം. ഫീസും ഓൺലൈനായി അടക്കണം. പരീക്ഷക്ക് ആവശ്യമായ സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും പരീക്ഷാർഥിയുടെ ലാപ്‌ടോപ്പിലോ ഡെസ്‌ക്ടോപ്പിലോ ലഭ്യമായിരിക്കണം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. മൊബൈൽ ഫോണോ ടാബ്‌ലെറ്റോ ഉപയോഗിക്കാൻ പാടില്ല.
പരീക്ഷാർഥിയുടെ തയ്യാറെടുപ്പ് ശരിയാണെന്ന് ഉറപ്പു വരുത്താൻ മോക്ക് ടെസ്റ്റ് ഉണ്ടായിരിക്കും. പരീക്ഷയിലെ അവസാന നിമിഷ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഓരോ വിഷയത്തിനും ഒരു മോക്ക് ടെസ്റ്റിലെങ്കിലും പങ്കെടുക്കൽ നിർബന്ധമാണ് അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്‌സിറ്റീസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യയുടെ ഫെല്ലോഷിപ്പ്, പിഎച്ച് ഡി പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള ഉന്നത പഠനങ്ങളിൽ പ്രവേശനത്തിന് ഒരു ഇന്ത്യൻ യൂനിവേഴ്‌സിറ്റിയുടെ മാസ്റ്റേഴ്‌സ് ബിരുദത്തിന് തുല്യമായ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
വിവിധ യൂനിവേഴ്‌സിറ്റികൾ ആക്ച്വറിയൽ സയൻസിൽ ഡിഗ്രി, പി ജി കോഴ്‌സുകൾ നടത്തുന്നുണ്ട്. എന്നിരുന്നാലും അക്രെഡിറ്റഡ് ആക്ച്വറി ആകാൻ ഐ എ ഐ യുടെ ഫെല്ലോഷിപ്പ് നേടണം. കൂടുതൽ വിവരങ്ങൾക്ക് https://actuariesindia.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.



