Ongoing News
ലോകകപ്പ് 2026: പന്ത് 'ട്രിയോന്‍ഡ' പ്രകാശനം ചെയ്ത് ഫിഫ
മൂന്ന് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന, 48 ടീമുകള്‍ മാറ്റുരക്കുന്ന ആദ്യ ലോകകപ്പ് എന്നത് പന്തിന്റെ പേരിനും അലങ്കാരങ്ങള്‍ക്കും പ്രചോദനമായിട്ടുണ്ട്.

ന്യൂയോര്‍ക്ക് | ലോകകപ്പ് ഫുട്‌ബോള്‍-2026ന്റെ മത്സരങ്ങള്‍ക്കുള്ള പന്ത് പ്രകാശനം ചെയ്ത് ഫിഫ. ജര്‍മന്‍ നിര്‍മാതാക്കളായ അഡിഡാസ് രൂപകല്‍പന ചെയ്ത ‘ട്രിയോന്‍ഡ’ ആയിരിക്കും മൈതാനത്ത് ഉപയോഗിക്കുക. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫന്റിനോ ആണ് പന്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചത്. ലോകകപ്പിനുള്ള ‘ട്രിയോന്‍ഡ’ ബോള്‍ അഭിമാനത്തോടെ പുറത്തുവിടുകയാണെന്ന് ഇന്‍ഫന്റിനോ പറഞ്ഞു.
മൂന്ന് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന, 48 ടീമുകള്‍ മാറ്റുരക്കുന്ന ആദ്യ ലോകകപ്പ് എന്നത് പന്തിന്റെ പേരിനും അലങ്കാരങ്ങള്‍ക്കും പ്രചോദനമായിട്ടുണ്ട്. ഹൈടെക് പരിഷ്‌കാരങ്ങള്‍ക്കൊപ്പം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്ക, മെക്‌സിക്കോ, കാനഡ രാഷ്ട്രങ്ങളെ പ്രതിനിധീകരിക്കുന്ന ചുവപ്പ്, നീല, പച്ച നിറങ്ങളും പന്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാനഡയുടെ മേപ്പിള്‍വൃക്ഷം, മെക്‌സിക്കോയുടെ പരുന്ത്, അമേരിക്കയുടെ നക്ഷത്രങ്ങള്‍ എന്നിവ പ്രതീകാത്മക ചിത്രങ്ങളായി പന്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. മൂന്ന് രാഷ്ട്രങ്ങളുടെ ഐക്യത്തിന്റെ സൂചകമായി ത്രികോണ ചിഹ്നവുമുണ്ട്. പന്തിന്റെ പ്രത്യേക രീതിയിലുള്ള തുന്നലുകള്‍ വായുവിലൂടെ നീങ്ങുമ്പോള്‍ മെച്ചപ്പെട്ട സുസ്ഥിരത ലഭിക്കുന്നതിന് സഹായകമാണ്. എഴുന്നു നില്‍ക്കുന്ന ഐക്കണുകള്‍ നനഞ്ഞതോ ഈര്‍പ്പമുള്ളതോ ആയ സാഹചര്യങ്ങളിലും പന്തിന് ഗ്രിപ്പ് നല്‍കാനും ഉപകരിക്കുന്നു. പന്തില്‍ ഘടിപ്പിച്ചിട്ടുള്ള മോഷ്യന്‍ സെന്‍സര്‍ ചിപ്പ് പന്തിന്റെ നീക്കങ്ങളുടെ കൃത്യമായ വിവരങ്ങള്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വി എ ആര്‍)ക്ക് അയക്കും.
1970 മുതല്‍ ലോകകപ്പിന്റെ പന്ത് അഡിഡാസ് ആണ് നല്‍കിവരുന്നത്. അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ് നടക്കുന്നത്.