articles
ദൃഢനിശ്ചയത്തിന്റെ സമുദ്രയാനങ്ങൾ
ഈ ദൗത്യം നിലയ്ക്കുകയല്ല, 11 യാനങ്ങളടങ്ങിയ ഫ്‌ളോട്ടില്ല യാത്ര തുടങ്ങിയിരിക്കുന്നു. ഗ്ലോബൽ സ്വുമൂദ് ഫ്‌ളോട്ടില്ല ആഗോളതലത്തിൽ ഫലസ്തീൻ അനുകൂല വികാരമുണർത്തുന്നതിൽ വമ്പൻ വിജയം നേടിയാണ് കീഴടങ്ങിയിരിക്കുന്നത്. 40 വെസ്സലുകൾ, 44 രാജ്യങ്ങൾ, 500 ആക്ടിവിസ്റ്റുകൾ.

ഫലസ്തീൻ രാഷ്ട്രം ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ലെന്നും ഗസ്സയിൽ ഒരു മനുഷ്യക്കുഞ്ഞും അവശേഷിക്കില്ലെന്നും ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിക്കുമ്പോൾ അത് ജീവനും കൊണ്ടോടാനുള്ള മുന്നറിയിപ്പല്ലേ, ഇത് കേട്ടിട്ടും എന്തിനാണവിടെ കടിച്ചുതൂങ്ങി നിൽക്കുന്നതെന്ന് ചോദിക്കുന്ന നരാധമൻമാരുള്ള നാടാണിത്. അവർക്ക് മനുഷ്യന്റെ അന്തസ്സെന്താണെന്നറിയില്ല.
സ്വന്തം മണ്ണിനോടുള്ള സ്‌നേഹമെന്താണെന്ന് അവർക്ക് മനസ്സിലാകില്ല. ഏത് ഭീഷണിക്കു മുമ്പിലും അവസാന നിമിഷം വരെ ചെറുത്തു നിൽക്കുന്നതിന്റെ യുക്തിയും അവർക്ക് പിടികിട്ടില്ല. ഗസ്സയെ മനോഹരമായ അവധിക്കാല കേന്ദ്രമായി മാറ്റുന്നതല്ലേ ബുദ്ധിയെന്നും അവിടെയുള്ളവർക്ക് ഇസ്‌റാഈലും അമേരിക്കയും കണ്ടെത്തിക്കൊടുക്കുന്നിടത്ത് ചെന്ന് “സുഖമായി’ ജീവിച്ചാൽ പോരേയെന്നും ചോദിക്കാൻ മാത്രമുള്ള മാനസിക വലിപ്പമേ ഇക്കൂട്ടർക്കുള്ളൂ. ഇസ്‌റാഈലിന്റെ സർവായുധ സജ്ജരായ സൈന്യം തടയുമെന്നും കൊന്നു തള്ളുമെന്നും അറിയാമായിരുന്നിട്ടും ചെറു ബോട്ടുകളിലും കപ്പലുകളിലുമായി ഗസ്സയെ ലക്ഷ്യമിട്ട് തിരിക്കുന്ന ഫ്‌ളോട്ടില്ലയിലെ നിരായുധരായ മനുഷ്യർ ലോകത്താകെയുള്ള സയണിസ്റ്റുകൾക്കും സയണിസ്റ്റ് സിംപതൈസർമാർക്കും എന്താണ് മനുഷ്യത്വമെന്നും ധീരതയെന്നും പഠിപ്പിച്ചു കൊടുക്കുന്നുണ്ട്.
ഗസ്സയിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെ നിസ്സാരപ്പെടുത്തുന്ന സർവർക്കുമുള്ള ഉത്തരമാണ് ഗ്ലോബൽ സ്വുമൂദ് ഫ്‌ളോട്ടില്ല. ഈ ലോകത്തെ ഹൃദയശൂന്യതയുടെ ഇരുട്ടിലേക്ക് തള്ളിവിടാൻ ഫലസ്തീൻവിരുദ്ധർ കിണഞ്ഞു പരിശ്രമിക്കുമ്പോൾ ഈ കപ്പലുകൾ നൽകുന്ന ആത്മവിശ്വാസം കടലോളം ആഴമുള്ളതാണ്. സ്വുമൂദ് എന്ന പദത്തിന് ദൃഢനിശ്ചയം എന്നർഥം.
കരയിൽ വളഞ്ഞും ആകാശത്ത് നിന്ന് ശ്വാസം മുട്ടിച്ചും, കടലിന്റെ തുറസ്സടച്ചും ഭൂമിയിലെ ഏറ്റവും വലിയ തുറന്ന ജയിലായി ഗസ്സ രൂപാന്തരപ്പെട്ടത് ഇന്നും ഇന്നലെയുമല്ല. ഒക്‌ടോബർ ഏഴിന് ശേഷമുണ്ടായ സവിശേഷ സാഹചര്യവുമല്ല. ഇസ്‌റാഈൽ സ്ഥാപിക്കപ്പെടാൻ പോകുമ്പോൾ തന്നെ തുടങ്ങിയ അധിനിവേശവും ആട്ടിയോടിക്കലും കഴിഞ്ഞ രണ്ട് വർഷമായി അതിന്റെ ഏറ്റവും ക്രൂരമായ നിലയിലെത്തിയെന്നേ ഉള്ളൂ. നെതന്യാഹുവെന്ന ഭരണാധികാരി അനുഭവിക്കുന്ന ആഭ്യന്തര ഭീഷണികൾ നേരിടാനും അധികാരം കാത്തുസൂക്ഷിക്കാനും നടത്തുന്ന മനുഷ്യക്കുരുതികളെ മുമ്പൊരിക്കലുമില്ലാത്തവിധം പിന്തുണക്കാൻ ഡൊണാൾഡ് ട്രംപ് തയ്യാറാകുമ്പോൾ സംഭവിക്കുന്ന പരിണതിയാണ് ഇപ്പോഴത്തെ വംശഹത്യ. ഇതിനെ ഗസ്സാ വാർ എന്ന് വിശേഷിപ്പിക്കുന്നിടത്ത് തുടങ്ങുന്നു അട്ടിമറി. ഇത് യുദ്ധമോ ആക്രമണമോ അല്ല. ആവർത്തിച്ച് പറയണം, ഇത് ആ പ്രദേശത്തിന്റെ സ്വാഭാവിക അവകാശികളെ തുടച്ചു നീക്കാനുള്ള വംശഹത്യയാണ്.
ഉപരോധം തടയാൻ ഒരു അന്താരാഷ്ട്ര സൈനിക ശക്തിക്കും ഇടപെടാൻ കഴിയില്ലെന്ന് ഉറപ്പാക്കി, ആയുധങ്ങൾ വിതരണം ചെയ്യുകയും പ്രമേയങ്ങൾ വീറ്റോ ചെയ്യുകയും ചെയ്തുകൊണ്ട് യു എസ് ഇസ്‌റാഈലി ഭീകരതയെ പിന്തുണക്കുന്നു. ഈ നിരാശാഭരിതമായ ലോകത്താണ് ഭക്ഷണവും മരുന്നും മാത്രമല്ല, ധീരതയുടെയും മനുഷ്യത്വത്തിന്റെയും സന്ദേശം കൂടി വഹിക്കുന്ന സഹായ ഫ്‌ളോട്ടില്ലകൾ പ്രതിരോധത്തിന്റെ ജീവനാഡികളായി ഗസ്സാ തീരം ലക്ഷ്യമാക്കി നീങ്ങിയത്.
അവക്ക് ഗസ്സാ തീരം തൊടാനാകുമെന്ന് ആരും അമിത പ്രതീക്ഷ കൊണ്ടിട്ടില്ല. കാരണം, ആയുധബലം പുറത്തെടുക്കുകയല്ലാതെ മറ്റൊന്നും ഇസ്‌റാഈലെന്ന അപാർതീഡ്, തെമ്മാടി രാഷ്ട്രത്തിൽ നിന്ന് മനുഷ്യരാശി പ്രതീക്ഷിക്കുന്നില്ല. അത് തന്നെ സംഭവിച്ചു. 40ലേറെ യാനങ്ങൾ തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് അടക്കമുള്ള 497 മനുഷ്യരെ കസ്റ്റഡിയിലെടുത്തു. ആത്മാവ് നഷ്ടപ്പെടുത്തിയ ഒരു ഭരണാധികാരിക്ക് അത്രയൊക്കെ മതിയല്ലോ ആഘോഷിക്കാൻ. എന്നാൽ നിരായുധരായ ആ മനുഷ്യരുടെ ആത്മബലം തെല്ലും ഉലഞ്ഞിട്ടില്ല.
സ്വുമൂദ് ഫ്‌ളോട്ടില്ലക്ക് മുമ്പ് സമീപ മാസങ്ങളിൽ ഗസ്സക്ക് മേലുള്ള സമുദ്ര ഉപരോധം വെല്ലുവിളിക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ജൂണിൽ, കുഞ്ഞുങ്ങളുടെ ലഘു ഭക്ഷണങ്ങൾ, മാവ്, അരി, ഡയപ്പറുകൾ, അവശ്യ മരുന്നുകൾ എന്നിവ വഹിച്ചുകൊണ്ട് മാഡ്്ലീൻ, ഫ്രീഡം ഫ്‌ളോട്ടില്ല സഖ്യത്തിന്റെ ബാനറിൽ സിസിലിയിൽ നിന്ന് പുറപ്പെട്ടിരുന്നു. അന്താരാഷ്ട്ര അതിർത്തിയിൽ വെച്ച് തന്നെ ഇസ്‌റാഈൽ സൈന്യം തടഞ്ഞു, ചരക്ക് പിടിച്ചെടുത്തു, യാത്രക്കാരെ കസ്റ്റഡിയിലെടുത്തു. ജൂലൈയിൽ, ഹൻഡാലയും മാനുഷിക സാമഗ്രികൾ എത്തിക്കാനും ഗസ്സയുടെ ദുരിതത്തെക്കുറിച്ച് ലോകത്തെ ഓർമിപ്പിക്കാനും കടലിലേക്കിറങ്ങി. അതും സയണിസ്റ്റ് രാഷ്ട്രം തടഞ്ഞു. ഒരു മണി അരിയും ഗസ്സയിലെത്തിയില്ല. അഷ്‌ദോദിലെ നങ്കൂര സ്ഥലത്ത് പുഴുവരിച്ചു.
ഗസ്സയുടെ അതിജീവന നാഡിയാണ് മധ്യധരണ്യാഴിയോട് ചേർന്ന 40 കീലോമീറ്റർ തീരപ്രദേശം. വ്യാപാരം, മത്സ്യബന്ധനം മാത്രമല്ല, വളയപ്പെട്ട ഭൂവിഭാഗത്തിന് ലോകത്തേക്ക് ഒരേയൊരു കവാടം. യു എസ് മുൻകൈയിൽ നടപ്പാക്കുന്ന ഗസ്സ പിടിച്ചടക്കൽ പദ്ധതിയുടെ മർമം ഈ തീരമാണ്. വാതക ഖനന പദ്ധതികൾ ഇതിന്റെ ഭാഗമാണ്. തുറമുഖ നിയന്ത്രണവും അധിനിവേശകർ ഏറ്റെടുക്കും.
രാഷ്ട്രീയ പദ്ധതി എന്നതിനേക്കാൾ ഇതൊരു സാമ്പത്തിക പദ്ധതിയാണ്. റഫാ ക്രോസ്സിംഗ് അടക്കം അതിർത്തികൾ അടച്ചു കഴിഞ്ഞാൽ, ആകാശത്ത് നിന്ന് തീതുപ്പിക്കൊണ്ടിരുന്നാൽ ഗസ്സയിൽ ഭക്ഷവും മരുന്നും എത്തിക്കാനുള്ള ഒരേയൊരു വഴിയാണ് കടൽ. പല നാടുകളിൽ നിന്ന് മനുഷ്യർ ചെറിയ കുപ്പികളിൽ പാലും പയർ മണികളും നിറച്ച് കടലിലൊഴുക്കിയത് വലിയ പ്രതിരോധ പ്രവർത്തനമായി അടയാളപ്പെടുത്തപ്പെട്ടത് ആ വഴി പോലും ഇസ്‌റാഈൽ സൈന്യത്തിന്റെ പിടിയിലായിക്കവിഞ്ഞുവെന്ന് വിളിച്ചു പറഞ്ഞതിനാലാണ്. കടൽ ഇസ്‌റാഈൽ ഭീകര സൈന്യത്തിന്റെ പിടിയിലാണ്. നിശ്ചിത നോട്ടിക്കൽ മൈൽ അകലേക്ക് മീൻപിടിത്തക്കാർക്ക് പോകാനാകില്ല. ഗസ്സാ തീരത്തേക്ക് ആരു വന്നാലും ഡ്രോൺ ആക്രമണം നടത്തും. കടൽ ഇസ്‌റാഈലിന്റെ സ്വകാര്യ സ്വത്തല്ല, എല്ലാവരുടേതുമാണെന്ന് വിളിച്ചുപറയുകയാണ് ഫ്‌ളോട്ടില്ലകൾ.
2008ലെ വിജയകരമായ സമുദ്രയാത്രയിൽ നിന്നാണ് ഗസ്സാ ഫ്‌ലോട്ടില്ലകളുടെ സമീപകാല ചരിത്രം തുടങ്ങുന്നത്. അന്ന് ഫ്രീ ഗസ്സാ മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഫ്രീ ഗസ്സ, ലിബർട്ടി എന്നി വെസ്സലുകൾ വൈദ്യ ഉപകരണങ്ങളുമായി ഗസ്സ തീരം തൊട്ടു. ഉപരോധം മറികടക്കാനാകുമെന്ന ആത്മവിശ്വാസം പകരുന്നതായിരുന്നു ആ വിജയം. 2010ൽ തുർക്കിയ കപ്പലായ മാവി മർമരയിൽ കടന്നുകയറിയ ഇസ്‌റാഈൽ ഭീകര സൈനികർ ഒമ്പത് സന്നദ്ധ പ്രവർത്തകരെ വധിച്ചത് പോരാട്ട ചരിത്രത്തിലെ രക്തം കൊണ്ടെഴുതിയ അധ്യായമായിരുന്നു. എന്നിട്ടെന്ത്? ഗസ്സയിലേക്കുള്ള യാത്രകൾ നിലച്ചുവോ? കൊന്നാൽ പേടിക്കുമെന്നത് സയണിസ്റ്റുകളുടെ മൗഢ്യം മാത്രമാണെന്ന് തെളിയിച്ച് റേച്ചൽ കോറിയുടെ നാമധേയത്തിലുള്ള ഫ്‌ളോട്ടില്ല പ്രയാണം തുടങ്ങി. ഈ സംഘവും 2018ലെ ഫ്രീഡം ഫ്‌ളോട്ടില്ലയും തീരം തൊട്ടില്ല. ഇപ്പോഴിതാ ഗ്ലോബൽ സ്വുമൂദ് ഫ്ളോട്ടില്ലയും.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ദൗത്യമായിരുന്നു ഗ്ലോബൽ സ്വുമൂദ് ഫ്‌ളോട്ടില്ല. ഈ വെസ്സൽ കൂട്ടത്തിലെ അവസാന യാനമായ മാരനെറ്റയെ 42.5 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഇസ്‌റാഈൽ യുദ്ധക്കപ്പൽ വളഞ്ഞത്. നിരായുധരായ, ദുർബലരായ മനുഷ്യരെ എത്രമേൽ പേടിയാണ് സയണിസ്റ്റുകൾക്ക്. ബ്രെഹ്തിന്റെ കവിതയിൽ പറയുംപോലെ, ഉറച്ച ഒറ്റ വാക്കു മതിയാകും ഇവരുടെ കോട്ടകൊത്തളങ്ങൾ തകർന്നു വീഴാൻ.
ഈ ദൗത്യം നിലയ്ക്കുകയല്ല, 11 യാനങ്ങളടങ്ങിയ ഫ്‌ളോട്ടില്ല യാത്ര തുടങ്ങിയിരിക്കുന്നു. ഗ്ലോബൽ സ്വുമൂദ് ഫ്‌ളോട്ടില്ല ആഗോളതലത്തിൽ ഫലസ്തീൻ അനുകൂല വികാരമുണർത്തുന്നതിൽ വമ്പൻ വിജയം നേടിയാണ് കീഴടങ്ങിയിരിക്കുന്നത്. 40 വെസ്സലുകൾ, 44 രാജ്യങ്ങൾ, 500 ആക്ടിവിസ്റ്റുകൾ. വിശാലമായ പങ്കാളിത്തം തന്നെയാണ് ഈ ഫ്‌ളോട്ടില്ലയുടെ കരുത്ത്.