Eduline
വിദേശ പഠനം മുഖ്യം, വേണം ഉടന്‍ ജോലി
ലണ്ടൻ സർവകലാശാലയിലെ സിറ്റി സെന്റ് ജോർജ് കമ്മീഷൻ ചെയ്ത ആർലിംഗ്ടൺ റിസർച്ച് നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. ഇന്ത്യൻ വിദ്യാർഥികൾ വിദേശ വിദ്യാഭ്യാസത്തെ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ചാണ് പഠനം നടത്തിയത്.
വിദേശ പഠനം തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ 97 ശതമാനം വിദ്യാർഥികളും പ്രാധാന്യം നൽകുന്നത് ഉടൻ ജോലി കിട്ടുന്ന കോഴ്സുകളെന്ന് പഠനം. ലണ്ടൻ സർവകലാശാലയിലെ സിറ്റി സെന്റ് ജോർജ് കമ്മീഷൻ ചെയ്ത ആർലിംഗ്ടൺ റിസർച്ച് നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. ഇന്ത്യൻ വിദ്യാർഥികൾ വിദേശ വിദ്യാഭ്യാസത്തെ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ചാണ് പഠനം നടത്തിയത്.
പഠനം
ജോലി ലഭിക്കാനുള്ള സാധ്യത, പ്രവൃത്തിപരിചയം എന്നിവ അത്യാവശ്യമാണെന്ന് കരുതുന്നവരാണ് വിദേശ പഠനം തിരഞ്ഞെടുക്കുന്നവരിൽ ഏറെയും.
മാതാപിതാക്കളും വിദ്യാർഥികളുമുൾപ്പെടെ 3,000 പേരിലാണ് പഠനം നടത്തിയത്.
സർവേയിൽ പങ്കെടുത്ത മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പ്രായോഗിക പഠനം, സാങ്കേതിക കഴിവുകൾ, പ്രൊഫഷനൽ പെരുമാറ്റം എന്നിവയെ വിദ്യാഭ്യാസത്തിന്റെ പ്രധാന ഭാഗങ്ങളായി കണക്കാക്കുന്നതിൽ ഇന്ത്യൻ പഠിതാക്കളാണ് മുന്നിലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ആഗോളതലത്തിൽ, 56 ശതമാനം വിദ്യാർഥികളും സാങ്കേതികമായ കഴിവുകൾ വികസിപ്പുക്കുന്നതിന് മുൻഗണന നൽകുന്നു.
പഠനത്തിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അത്യാവശ്യമാണെന്ന് 60 ശതമാനം പേർ പറയുന്നു. പ്രൊഫഷനൽ പെരുമാറ്റം വളർത്തിയെടുക്കുന്നത് വിദ്യാഭ്യാസത്തിന്റെ നിർണായക ഭാഗമാണെന്ന് 56 ശതമാനം പേർ പറയുന്നു.
അതേസമയം, ഇന്ത്യൻ വിദ്യാർഥികളുടെ അഭിരുചികൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് സിറ്റി സെന്റ് ജോർജിലെ എംപ്ലോയബിലിറ്റി ഡയറക്ടർ ജെമ്മ കെനിയോൺ പറയുന്നു. വിദ്യാർഥികൾ കൂടുതൽ അറിവുകൾ നേടുന്നതിനായി തങ്ങളുടെ പഠന മേഖല വികസിപ്പിക്കുകയാണ്. കരിയറിൽ വിജയിക്കാൻ സഹായിക്കുന്ന കഴിവുകൾ, ആത്മവിശ്വാസം, നെറ്റ്‌വർക്കുകൾ എന്നിവ അവർ കണ്ടെത്താൻ ശ്രമിക്കുന്നു. അക്കാദമിക് പഠനവും പ്രായോഗിക പരിചയവും, ഇന്റേൺഷിപ്പുകളും, വ്യവസായ പരിചയവും സംയോജിപ്പിക്കുന്ന പ്രോഗ്രാമുകൾ സർവകലാശാലകൾ രൂപകൽപ്പന ചെയ്യണമെന്ന് അവർ കൂട്ടിച്ചേർത്തു.
പഠനത്തിന് മാത്രമല്ല, ജോലി ചെയ്യാൻ സഹായിക്കുന്ന സർവകലാശാലകളാണ് ഇന്ത്യൻ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്നത്. വിദേശ പഠനാനുഭവത്തിന്റെ ഭാഗമായി പ്രായോഗിക പഠനം, വ്യവസായ പിന്തുണയുള്ള കോഴ്‌സുകൾ, യഥാർഥ ലോക പരിചയം എന്നിവ അവർ ആഗ്രഹിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.




