Connect with us

Kerala

അറസ്റ്റിലായ എ പത്മകുമാറിനായി എസ്‌ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും; കടകംപള്ളിക്ക് കുരുക്കായി പത്മകുമാറിന്റെ പ്രതികരണം

താന്‍ ദൈവതുല്യം കാണുന്നവര്‍ സ്വര്‍ണ്ണക്കൊള്ളക്ക് പിന്നില്‍ ഉണ്ടെങ്കില്‍ എന്തുചെയ്യാനാകുമെന്ന് നേരത്തെ പത്മകുമാര്‍ പ്രതികരിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങിയശേഷം തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് എസ്‌ഐടി നീക്കം. ഇതിനായി ഉടന്‍ കോടതിയെ സമീപിക്കും. സാക്ഷിമൊഴികളും കൃത്യമായ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്.

താന്‍ ദൈവതുല്യം കാണുന്നവര്‍ സ്വര്‍ണ്ണക്കൊള്ളക്ക് പിന്നില്‍ ഉണ്ടെങ്കില്‍ എന്തുചെയ്യാനാകുമെന്ന് നേരത്തെ പത്മകുമാര്‍ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിന്റെം പശ്ചാത്തലത്തില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണ സംഘം എത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. കടകംപള്ളിയെ എസ്‌ഐടി ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പത്മകുമാറിന്റെ അറസ്റ്റ് സിപിഎമ്മിന് കുരുക്കായിരിക്കുകയാണ്. അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തേക്കും. പത്മകുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് സര്‍ക്കാറും പാര്‍ട്ടിയും നേരിടുന്ന പ്രതിസന്ധി യോഗം വിലയിരുത്തും.

അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്മകുമാറിന്റെ വീടിന് പോലീസ് കാവല്‍ തുടരുകയാണ്.