Health
റേഷനിലെ വെള്ള അരി കളയല്ലേ? ഗുണങ്ങൾ ഏറെ
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും ഫോർട്ടിഫൈഡ് അരി പ്രയോജനകരമാണ്.

റേഷൻ കടയിൽ നിന്നും കിട്ടുന്ന അരിയിൽ ധാരാളം വെള്ള അരി നമ്മൾ കാണാറുണ്ട്. പലപ്പോഴും ഇത് കഴുകി കളയുകയാണ് പതിവ്. പച്ചരിയാണെന്ന് ധരിച്ചാണ് പലരും ഇത് കളയാറുള്ളത്. എന്നാൽ സംഗതി അങ്ങനെയല്ല, ധാരാളം ഗുണങ്ങൾ അടങ്ങിയ ഫോർട്ടിഫൈഡ് റൈസ് ആണിത്.
പോഷകമൂല്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മൈക്രോ ന്യൂട്രിയന്‍റുകളുമായി കലർത്തി പ്രത്യേകം തയ്യാറാക്കുന്നവയാണിവ. 2019- ലാണ് കേന്ദ്ര സര്‍ക്കാര്‍ ഫോർട്ടിഫൈഡ് റൈസ് പ്രോഗ്രാമിന് തുടക്കം കുറിക്കുന്നത്.
ഗ്രാമപ്രദേശങ്ങളിലെ ആളുകളെ ആരോഗ്യത്തോടെ നിലനിർത്താനും അവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുമാണ് പദ്ധതി ലക്ഷ്യം വയ്‌ക്കുന്നത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും ഫോർട്ടിഫൈഡ് അരി പ്രയോജനകരമാണ്. ഫോളിക് ആസിഡ്, ഇരുമ്പ്, സിങ്ക്, വൈറ്റമിൻ B12 എന്നിവയുടെയെല്ലാം അഭാവം ഇല്ലാതാക്കാന്‍ ഇതു കഴിക്കുന്നത് വഴി സാധിക്കും. ഓരോ കിലോ അരിയിലും നിശ്ചിതഗ്രാം ഫോർട്ടിഫൈഡ് അരി ചേർത്താണ് റേഷൻകട വഴി അരി വിതരണം ചെയ്യുന്നത്.
ആവശ്യമായ പോഷകങ്ങള്‍ സാധാരണ അരി കഴിക്കുന്നതിനൊപ്പം ശരീരത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് റേഷന്‍ അരിയില്‍ ഈ ഫോർട്ടിഫൈഡ് റൈസ് ചേർക്കുന്നത്. 100 സാധാരണ അരിയില്‍ ഒരു ഫോർട്ടിഫൈഡ് റൈസ് എന്നാണ് ഇതിന്റെ അനുപാതം. റേഷന്‍ അരിയിലെ വെളുത്ത അരി പ്ലാസ്റ്റിക്കാണെന്ന് നേരത്തെ ചില കിംവദന്തി പ്രചരിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു. അതുകൊണ്ട് ഇനി മുതൽ റേഷൻ അരി വൃത്തിയാക്കുമ്പോൾ വെള്ള അരി കളയരുതേ.