Connect with us

International

ഇറാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍; പ്രതിരോധിച്ച് യു എ ഇ

യു എ ഇ വ്യോമ സംവിധാനങ്ങള്‍ പ്രതിരോധിച്ചത് ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും 33 യു എ വികളും.

Published

|

Last Updated

അബൂദബി | ഇറാനില്‍ നിന്ന് വിക്ഷേപിച്ച ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും 33 യു എ വികളും യു എ ഇ വ്യോമ സംവിധാനങ്ങള്‍ പ്രതിരോധിച്ചു. ആക്രമണത്തില്‍ ആര്‍ക്കും കാര്യമായ പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആക്രമണങ്ങള്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 294 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,600 ഡ്രോണുകളുമാണ് യു എ ഇ വ്യോമ പ്രതിരോധ സേന തടഞ്ഞത്.

രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഉറപ്പാക്കുന്നതില്‍ സൈന്യം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദുബൈയില്‍ കെട്ടിടത്തില്‍ വീണ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു
മധ്യ ദുബൈയിലെ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണുണ്ടായ പ്രതികൂല സാഹചര്യം പൂര്‍ണമായി നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണ്‍ ആക്രമണത്തെ വിജയകരമായി തകര്‍ത്തതിനെ തുടര്‍ന്നാണ് അവശിഷ്ടങ്ങള്‍ കെട്ടിടത്തിന് മുകളില്‍ വീണത്.

യുദ്ധവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണം; അബൂദബിയില്‍ 45 പേര്‍ പിടിയില്‍
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത വിവിധ രാജ്യക്കാരായ 45 പേരെ അബൂദബി പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കാനും കിംവദന്തികള്‍ പടരാനും കാരണമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പിടിയിലായവര്‍ക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിരീകരിക്കാത്ത വിവരങ്ങളും ഔദ്യോഗികമല്ലാത്ത വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയെയും നിലവിലെ സുരക്ഷാ നടപടികളെയും പ്രതികൂലമായി ബാധിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

ഗ്ലോബല്‍ വില്ലേജില്‍ വെടിക്കെട്ടും ഡ്രോണ്‍ ഷോയും ഉണ്ടാവില്ല
ദുബൈയിലെ പ്രമുഖ വിനോദ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജ് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് നിശ്ചയിച്ചിരുന്ന വെടിക്കെട്ടും ഡ്രോണ്‍ ഷോകളും റദ്ദാക്കി.

രാജ്യവ്യാപകമായി സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചാണ് വെടിക്കെട്ടും ഡ്രോണ്‍ ഷോകളും ഒഴിവാക്കുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ വ്യക്തമാക്കി.

യു എ ഇ വിമാനത്താവളങ്ങളില്‍ 14 ലക്ഷം യാത്രക്കാര്‍
രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന നിലവാരത്തില്‍ 44.6 ശതമാനം വര്‍ധന കൈവരിച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ 12 വരെയുള്ള കാലയളവില്‍ 14 ലക്ഷം യാത്രക്കാരാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തത്. ഇതേ കാലയളവില്‍ യു എ ഇ വ്യോമപരിധിയില്‍ 7,839 വിമാന സര്‍വീസുകള്‍ രേഖപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും വ്യോമയാന മേഖല ഉത്തരവാദിത്തത്തോടും പ്രൊഫഷണലിസത്തോടും കൂടിയാണ് ഈ ഘട്ടത്തെ കൈകാര്യം ചെയ്തതെന്നും സാമ്പത്തിക വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി പറഞ്ഞു. മേഖലയിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ട വ്യോമഗതാഗതം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മറ്റ് ജി സി സി രാജ്യങ്ങളുമായി ചേര്‍ന്ന് സുരക്ഷിതമായ എയര്‍ കോറിഡോറുകള്‍ തുറന്നിട്ടുണ്ട്.

വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. വിമാനക്കമ്പനികള്‍ നേരിട്ട് നല്‍കുന്ന പുതുക്കിയ സമയവിവരങ്ങള്‍ക്കനുസരിച്ചാണ് ഈ സര്‍വീസുകള്‍.

ഫുജൈറയില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് തീപ്പിടിത്തം; ആളപായമില്ലെന്ന് മീഡിയ ഓഫീസ്
ഫുജൈറ | വ്യോമ പ്രതിരോധ സംവിധാനം ഡ്രോണ്‍ തകര്‍ത്തതിനെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ വീണ് ഫുജൈറയില്‍ തീപ്പിടിത്തമുണ്ടായതായി എമിറേറ്റ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

സ്ഥലത്തെത്തിയ ഫുജൈറ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി. ഡ്രോണ്‍ വിജയകരമായി തകര്‍ത്തതായും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest