Connect with us

International

'ഹോർമുസിലേക്ക് യുദ്ധക്കപ്പൽ അയക്കണം': ചൈന അടക്കം രാജ്യങ്ങളോട് കെഞ്ചി ട്രംപ്

ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യു കെ തുടങ്ങിയ രാജ്യങ്ങൾ ഈ മേഖലയിലേക്ക് കപ്പലുകൾ അയക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ്

Published

|

Last Updated

വാഷിംഗ്ടൺ | ഇസ്റാഈൽ വിഷയത്തിൽ പശ്ചിമേഷ്യയിൽ ഇറാനുമായി ആരംഭിച്ച യുദ്ധം 15-ാം ദിവസത്തിലേക്ക് കടന്നതോടെ, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ മറ്റ് രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് അഭ്യർത്ഥിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കറുകൾക്ക് യു എസ് നാവികസേന ഉടൻ അകമ്പടി സേവിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ശ്രമം ബാധിക്കുന്ന രാജ്യങ്ങൾ, കടലിടുക്ക് സുരക്ഷിതമായി നിലനിർത്താൻ അമേരിക്കയോടൊപ്പം ചേർന്ന് യുദ്ധക്കപ്പലുകൾ അയക്കണമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഇറാന്റെ സൈനിക ശേഷി നൂറ് ശതമാനവും തകർക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ എത്ര മോശമായി പരാജയപ്പെട്ടാലും ഒന്നോ രണ്ടോ ഡ്രോണുകൾ അയക്കാനോ മൈനുകൾ നിക്ഷേപിക്കാനോ ഇറാന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യു കെ തുടങ്ങിയ രാജ്യങ്ങൾ ഈ മേഖലയിലേക്ക് കപ്പലുകൾ അയക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

അതേസമയം, മേഖലയിൽ നിന്ന് വിദേശ സൈന്യത്തെ പുറത്താക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങളോട് ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഗ്‌ചി ആവശ്യപ്പെട്ടു. അമേരിക്കയുടെ സുരക്ഷാ കവചം സുഷിരങ്ങൾ നിറഞ്ഞതാണെന്ന് തെളിഞ്ഞതായും ഹോർമുസ് സുരക്ഷിതമാക്കാൻ ചൈനയുടെ പോലും സഹായം തേടി അമേരിക്ക ഇപ്പോൾ യാചിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈനിക താവളങ്ങൾ തകർത്തതായി വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നത് തുടർന്നാൽ ഇറാന്റെ എണ്ണ പശ്ചാത്തല സൗകര്യങ്ങൾ അടുത്ത ലക്ഷ്യമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മാർച്ച് ഒന്നിനാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതെന്നാണ് റിപ്പോർട്ടുകൾ. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ പാതകളിലൊന്നായ ഇവിടെ കൂടെയാണ് പ്രതിദിനം 20 ദശലക്ഷം ബാരൽ എണ്ണയും ആഗോള എൽ എൻ ജി വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത്. അമേരിക്കയ്ക്കെതിരായ സമ്മർദ്ദ തന്ത്രമായി കടലിടുക്ക് അടച്ചിടണമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ പ്രസ്താവിച്ചു. മേഖലയിലെ യു എസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Summary

US President Donald Trump has called on international allies to deploy warships to the Strait of Hormuz to ensure safe passage as the conflict with Iran marks its 15th day. While Trump claimed Iran’s military capacity is severely diminished, Iran’s Foreign Minister dismissed US security efforts and urged neighboring countries to expel foreign forces. Meanwhile, Iran’s new Supreme Leader Mojtaba Khamenei maintained that the strait would remain closed as leverage against the United States.

Latest