Kerala
കുമ്പള സ്‌കൂളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവം; ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കും: മന്ത്രി വി ശിവന്‍കുട്ടി
കുമ്പള സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും മന്ത്രി

തിരുവനന്തപുരം | കാസര്‍കോട് കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തി വെപ്പിക്കുകയും കലോത്സവം തന്നെ മാറ്റിവയ്ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം. ഫലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളം. പലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരം കുമ്പള സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.