Kerala
ഗസയില്‍ കൊലചെയ്യപ്പെട്ട കുട്ടികളുടെ പേരുകള്‍ പൊതുവേദിയില്‍ വായിക്കും
കൊല്ലപ്പെട്ട കുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങള്‍കൊണ്ട് ഗസാമതില്‍ തീര്‍ക്കും

കോഴിക്കോട് | ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ഭീകരമായ വംശഹത്യക്കെതിരെ കേരളത്തില്‍ ചിന്ത രവി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍. ഗാസയില്‍ കൊലചെയ്യപ്പെട്ട കുട്ടികളുടെ പേരുകള്‍ പൊതുവേദിയില്‍ വായിക്കും. പരിപാടിയുടെ ഭാഗമായി കോഴിക്കോട്ടെ സാമൂഹിക സാംസ്‌കാരിക സംഘടനകളുടേയും വ്യക്തികളുടേയും സഹകരണത്തോടെ വിപുലമായ ഐക്യദാര്‍ഢ്യ പരിപാടി നടക്കും.
ഒക്ടോബര്‍ 21 ന് കോഴിക്കോട് ബീച്ചില്‍ ഗസയില്‍ കൊലചെയ്യപ്പെട്ട കുട്ടികളുടെ പേരുകള്‍ വായിക്കും. ബഹുജന റാലിയും വിവിധ പരിപാടികളും ഇതോടൊപ്പമുണ്ടാവും. ഐക്യദാര്‍ഢ്യ പരിപാടിയുടെ ഭാഗമായി കോഴിക്കോട്ടെ കലാകാരന്‍മാര്‍ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ക്രൗണ്‍ തിയറ്ററിന്റെ വലതു വശത്തെ മതിലില്‍ ഫ്രീ ഫലസ്തീന്‍ ഗസാമതില്‍ നിര്‍മ്മിക്കും.
ഗസയില്‍ കൊലചെയ്യപ്പെട്ട കുട്ടികളുടെയും അമ്മമാരുടെയും ഛായാ ചിത്രങ്ങള്‍ ഇവിടെ വരയ്ക്കും. ജില്ലയിലെ വിവിധ ഭാഗങളില്‍ ഇത്തരം ഗസാ ചിത്ര മതിലുകള്‍ തീര്‍ക്കും. നാളത്തെ ചിത്രമതിലില്‍ കെ സുധീഷ്, അജയന്‍ കാരടി, സുനില്‍ അശോകപുരം, ശാന്ത കല്ലായി എന്നിവര്‍ വരച്ച് തുടക്കം കുറിക്കും. തുടര്‍ന്ന് വരും ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ കലാകാരര്‍ ചിത്രമതിലില്‍ വരയ്ക്കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഗുലാബ് ജാന്‍ അറിയിച്ചു.