Kerala
രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
ഈ കേസില്‍ അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ രാഹുല്‍ ഒളിവില്‍ തുടരുകയാണ്
തിരുവനന്തപുരം | ഒളിവില്‍ കഴിയുന്ന എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാേപക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
ആദ്യ കേസില്‍ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ രാഹുല്‍ ഒളിവില്‍ തുടരുകയാണ്. ഈ കേസില്‍ ഇന്ന് അറസ്റ്റ് തടയുകയാണെങ്കില്‍ സുപ്രധാനമായ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനു മുമ്പ് രാഹുലിന് ഒളിവില്‍ നിന്നു പുറത്തുവരാനും അനുയായികളെ ആവേശ ഭരിതരാക്കാനും സാധിച്ചേക്കും.
ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കെ പി സി സി പ്രസിഡന്റിന് പരാതി നല്‍കിയ ആളെ കണ്ടെത്തി മൊഴിയെടുക്കാന്‍ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരി ബംഗളൂരുവിലാണ് താമസിക്കുന്നത് എന്നാണ് കരുതുന്നത്. കേസിലെ വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കേണ്ട ബാധ്യത പ്രോസിക്യൂഷനുണ്ട്. പോലീസിന് പകരം കെ പി സി സി അധ്യക്ഷന് കൊടുത്ത പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന ചോദ്യം കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് ഉണ്ടായിരുന്നു.
ഇന്നുസ കോടതിയില്‍ തിരിച്ചടിയുണ്ടായാല്‍ രാഹുലിന് ഒളിവ് ജീവിതം തുടരേണ്ടിവരും. അതേസമയം ഒളിവില്‍ തുടരുന്ന രാഹുലിനെ കണ്ടെത്താനായി ബംഗളൂരുവിലേക്ക് പുതിയ അന്വേഷണ സംഘം ഇന്നലെ തിരിച്ചിരുന്നു. ഒളിവ് സങ്കേതങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ രാഹുല്‍ മുങ്ങുന്നത് അന്വേഷണ സംഘത്തില്‍ നിന്ന് വിവരം ചോരുന്നത് കൊണ്ടാണെന്നും ആക്ഷേപമുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് പുതിയ സംഘത്തെ നിയോഗിച്ചത്. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ഉന്നതരുടെ സഹായത്തോടെയാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നതെന്നു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ നിയന്ത്രണത്തിലുള്ള വിവിധ ഫാം ഹൗസുകളിലും റിസോര്‍ട്ടുകളിലുമായി മാറി മാറിക്കഴിയുകയാണ് രാഹുലെന്നാണ് പോലീസ് നിഗമനം. അഭിഭാഷകരുടെ അടക്കം സംരക്ഷണവും ഉണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടി വിവാദം നിലനിര്‍ത്തുകയാണ് സി പി എം ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.


