articles
മുറിവുകളുടെ രാഷ്ട്രം
അംബേദ്കർ മരിച്ച ദിവസം കൂടിയാണ് ഡിസംബർ ആറ്. ഇന്ത്യയിൽ ജനാധിപത്യം വിജയിക്കുമോ എന്ന ചോദ്യത്തിന്, അംബേദ്കർ നൽകുന്ന മറുപടി അത് ദുസ്സാധ്യമാണ് എന്നാണ്. നല്ല ആളുകളുടെ കൈയിൽ ഭരണം ലഭിക്കുന്നില്ലെങ്കിൽ ജനാധിപത്യം പ്രവർത്തനക്ഷമമാകില്ല എന്നാണ് അംബേദ്കർ പറഞ്ഞത്. അതു തന്നെയാണ് ഇന്ത്യയിൽ സംഭവിക്കുന്നത്.
ഇന്ത്യ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന, ഇന്ത്യക്കാർ മറക്കാൻ പാടില്ലാത്ത കുറച്ച് ചരിത്രം ഡിസംബർ ആറിന് പറയാതെ വയ്യ. 1528ൽ മുഗൾ ചക്രവർത്തിയായിരുന്ന ബാബറിന്റെ നിർദേശപ്രകാരം മിർ ബാഖിയാണ് ബാബരി മസ്ജിദ് കെട്ടിയുയർത്തിയത്. 16 മുതൽ 18 വരെ നൂറ്റാണ്ടുകളിൽ, ഈ പള്ളി തകർക്കപ്പെട്ടതോ തകർന്നതോ ആയ ക്ഷേത്രാവശിഷ്ടങ്ങൾക്കു മേലാണ് പണിതത് എന്ന തരത്തിലുള്ള തർക്കങ്ങളോ ചർച്ചകളോ ഒന്നും തന്നെ ഉയന്നുവന്നിട്ടില്ല. മാത്രമല്ല, രാമന്റെ ജന്മഗൃഹമാണിതെന്ന രീതിയിലുള്ള അവകാശവാദങ്ങളും അക്കാലത്തുണ്ടായില്ല. 1855ൽ ഹനുമാൻഗിരിയിലെ ക്ഷേത്രത്തെ മുൻനിർത്തി ചില വിഭാഗങ്ങൾ തമ്മിൽ സംഘർഷം രൂപപ്പെട്ടു.
1859ലാണ് ഇവിടെയാണ് രാമജന്മഭൂമി എന്ന നിലക്കുള്ള ആശയങ്ങളും അഭിപ്രായങ്ങളും പുറത്തുവന്ന് തുടങ്ങിയത്. അതിനെ തുടർന്ന് ബ്രിട്ടീഷുകാർ സ്ഥലങ്ങൾ വേലി കെട്ടിത്തിരിക്കുകയും ഉള്ളകം മുസ്്ലികംളുടെ നിസ്കാരത്തിനും അതിനെ ചുറ്റിയുള്ള കെട്ടിടങ്ങൾ ഹിന്ദുക്കളുടെ പ്രാർഥനകൾക്കായും വിട്ടുനൽകി. 1885ൽ ചുറ്റമ്പലം എന്ന് വിളിക്കാവുന്ന ഈ ഭാഗത്ത് ഒരു തറ (ഛബൂത്ര) കെട്ടാൻ വേണ്ടി മഹന്ത് രഘുബീർ ദാസ് പ്രാദേശിക കോടതിയിൽ അപേക്ഷിച്ചെങ്കിലും അനുവദിക്കപ്പെട്ടില്ല.
1934ൽ പള്ളിക്ക് ചില കേടുപാടുകൾ ഉണ്ടാകുന്ന വിധത്തിൽ വർഗീയ കലാപങ്ങൾ നഗരത്തിലുണ്ടായി. സർക്കാർ കേടുപാടുകളെല്ലാം തീർത്തുകൊടുത്തു. 1938 മുതൽ 1947 വരെ ശിയാക്കളും സുന്നി വഖഫ് ബോർഡും തമ്മിലുള്ള കോടതി വ്യവഹാരങ്ങളുടെ കാലമായിരുന്നു.
അവസാനം സുന്നി വഖ്ഫ് ബോർഡിനനുകൂലമായ വിധി ലഭിച്ചു. 1949 ഡിസംബർ 22ന് ഹിന്ദു മഹാസഭാ പ്രവർത്തകർ പള്ളിക്കകത്ത് രാമവിഗ്രഹം സ്ഥാപിച്ചു. അതിനെ തുടർന്ന് പള്ളി അടച്ചുപൂട്ടി. അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന കെ കെ നായർ ഈ വിഗ്രഹം എടുത്തുമാറ്റാൻ വിസമ്മതിച്ചു. അദ്ദേഹം പിന്നീട് ജനസംഘത്തിൽ ചേർന്നു. 1950ൽ ഹാഷിം അൻസാരി, പള്ളി നിസ്കാരത്തിനായി തുറന്നു തരണമെന്ന് ഫൈസാബാദ് കോടതിയിൽ ഒരപേക്ഷ നൽകി. ഗോപാൽ സിംഗ് വിശാരദും മഹന്ത് പരമഹാൻസ രാമചന്ദ്ര ദാസും രാമവിഗ്രഹത്തെ ആരാധിക്കാൻ അവകാശം നൽകണമെന്നാവശ്യപ്പെട്ടും ഹരജികൾ നൽകി. ഉള്ളകം അടച്ചു തന്നെ കിടക്കവെ പുറംഭാഗത്ത് ആരാധനകൾക്ക് അനുമതി നൽകപ്പെട്ടു.
പിന്നീട് ദീർഘകാലം സ്വത്ത് തർക്കത്തിന്മേലുള്ള സിവിൽ വ്യവഹാരങ്ങൾ വിവിധ കോടതികളിൽ നടന്നു. 1964ലാണ് ഹിന്ദു താത്പര്യങ്ങൾ സംരക്ഷിക്കാനായിട്ടെന്ന വാദഗതിയോടെ വിശ്വ ഹിന്ദു പരിഷത്ത് എന്ന സംഘടന പ്രവർത്തനം തുടങ്ങിയത്. 1984ൽ കുറേയധികം ഹിന്ദു സംഘടനകൾ ഒന്നായി ചേർന്ന് രാമജന്മഭൂമി പ്രക്ഷോഭം കൂടുതൽ ശക്തമാക്കി. ബി ജെ പി നേതാവായ എൽ കെ അഡ്വാനിയായിരുന്നു ഇതിന്റെ ഏറ്റവും വലിയ നേതാവ്. 1985-1986ൽ ശാബാനു കേസിലുണ്ടായ വിധിയെ തുടർന്ന് ചില വിഭാഗങ്ങളുയർത്തിയ എതിർപ്പിനെ മറികടക്കുന്നതിനു വേണ്ടി അക്കാലത്ത് പാർലിമെൻറിൽ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന രാജീവ് ഗാന്ധി സർക്കാർ ഭേദഗതി നിയമം പാസ്സാക്കി. ഇതിനു സമാന്തരമായാണ്, ബാബരി മസ്ജിദിന്റെ പുറംവാതിൽ ഹിന്ദുക്കളുടെ ആരാധനക്കായി തുറന്നു കൊടുത്തതും. ഇതിനും ആധാരമായി ഒരു കോടതി വിധി ഉണ്ടായിരുന്നുവെങ്കിലും അതിനു പിന്നിൽ കേന്ദ്ര സർക്കാർ നിർദേശമായിരുന്നുവെന്നാണ് രാമചന്ദ്ര ഗുഹയെ പോലുള്ളവർ വ്യാഖ്യാനിച്ചത്.
1989 നവംബർ ഒന്പതിന് വി എച്ച് പിക്ക് തർക്കസ്ഥലത്ത് ശിലാന്യാസം നടത്താനുള്ള അനുമതി രാജീവ് ഗാന്ധി സർക്കാർ നൽകി. 1990 സെപ്തംബർ 25ന് ബി ജെ പി പ്രസിഡന്റ് എൽ കെ അഡ്വാനിയുടെ നേതൃത്വത്തിൽ സോമനാഥ ക്ഷേത്രത്തിൽ നിന്ന് അയോധ്യയിലേക്ക് രഥയാത്ര ആരംഭിച്ചു. ബിഹാറിലെത്തിയ രഥയാത്രയെ അന്നത്തെ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് തടയുകയും അഡ്വാനിയെയും അശോക് സിംഗാളിനെയും അടക്കം അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. 1992 ഡിസംബർ ആറിന് കർസേവകരുടെ നേതൃത്വത്തിൽ ബാബരി മസ്ജിദ് പൊളിച്ചുനീക്കി. ടി വി രാമായണവും മഹാഭാരതവും വമ്പിച്ച തോതിൽ ജനപ്രിയമായതും അഡ്വാനിയുടെ നേതൃത്വത്തിൽ നടത്തിയ രഥയാത്രയുമാണ് തൊണ്ണൂറ്റി രണ്ട് ഡിസംബർ ആറിന്റെ സംഭവവികാസത്തിലേക്ക് നയിച്ചത് എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ആനന്ദ് പട് വർദ്ധൻ സംവിധാനം ചെയ്ത രാം കേ നാം എന്ന ഡോക്യുമെന്ററി രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ കൃത്യമായ രേഖയാണ്. ഈ ഡോക്യുമെന്ററിയിൽ ബാബരി മസ്ജിദിനകത്ത് പ്രവർത്തിച്ചിരുന്ന രാമക്ഷേത്രത്തിലെ പൂജാരിയായി കോടതി നിയോഗിച്ച ബാബ ലാൽ ദാസുമായി സംവിധായകൻ നടത്തിയ അഭിമുഖം കാണാവുന്നതാണ്. 1983 മുതൽ 1992 വരെ ബാബ അവിടെ പൂജയും അനുഷ്ഠാനങ്ങളും നിർവഹിച്ചു. മതാത്മക ദേശീയതക്കെതിരെ വ്യക്തമായ നിലപാടാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ അപകടം അദ്ദേഹം എടുത്തുപറഞ്ഞു. രാമൻ മനസ്സലിവിന്റെ പ്രതീകമാണ്, വെറുപ്പിന്റെ അല്ല എന്നാണദ്ദേഹം പറഞ്ഞത്. 1993 നവംബർ 16ന് അദ്ദേഹം കൊല്ലപ്പെട്ടു.
ഒന്നര ലക്ഷം ആളുകൾ പങ്കെടുത്ത ഒരു രാഷ്ട്രീയ റാലിയുടെ ബഹളത്തിനകത്തു വെച്ചാണ് പള്ളി തകർത്തത്. കേന്ദ്രത്തിൽ പി വി നരസിംഹ റാവു പ്രധാനമന്ത്രിയായ കോൺഗ്രസ്സ് സർക്കാറും ഉത്തർപ്രദേശിൽ കല്യാൺ സിംഗ് മുഖ്യമന്ത്രിയായ ബി ജെ പി സർക്കാറുമായിരുന്നു അധികാരത്തിൽ. ഇതിനെ തുടർന്നുണ്ടായ വർഗീയ ലഹളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു.
ഡിസംബർ 16ന് തന്നെ ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ നിയമിക്കപ്പെട്ടു. മൂന്ന് മാസം കൊണ്ട് റിപോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. 17 കൊല്ലത്തിനു ശേഷം 2009ൽ മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് അത് പൂർണരൂപത്തിലായി സമർപ്പിച്ചത്. എട്ട് കോടി രൂപയിലധികം ചെലവ് വന്നിട്ടുണ്ട്. ആയിരം പേജുള്ള റിപോർട്ട് ആണത്. പി വി നരസിംഹ റാവു, കല്യാൺ സിംഗ്, എൽ കെ അഡ്വാനി, ഉമാഭാരതി, മുരളി മനോഹർ ജോഷി, മുലായം സിംഗ് യാദവ് അടക്കമുള്ള പ്രമുഖർ ലിബർഹാൻ കമ്മീഷനു മുമ്പിൽ മൊഴി നൽകിയിട്ടുണ്ട്. മാർക്ക് ടുളി(ബി ബി സി), ജ്യോതിബസു, വി പി സിംഗ് അടക്കമുള്ളവരും മൊഴി നൽകിയിട്ടുണ്ട്. ബി ജെ പിയുടെ രാം മന്ദിർ രാഷ്ട്രീയം ആത്യന്തികമായി അവസാനിക്കട്ടെ എന്നു കരുതി ബാബരി മസ്ജിദ് തകരുന്നത് തടയേണ്ട എന്നു താൻ തീരുമാനിച്ചു എന്ന് പ്രധാനമന്ത്രി പി വി നരസിംഹ റാവു നിഖിൽ ചക്രവർത്തിയോട് പറഞ്ഞു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
68 പേരുടെ പേരിൽ ലിബർഹാൻ കമ്മീഷൻ കുറ്റം ചാർത്തിയിട്ടുണ്ട്. ഇതിൽ അഡ്വാനിയും മുരളി മനോഹർ ജോഷിയും വാജ്പയിയും കല്യാൺസിംഗും ഉൾപ്പെടും. ജനങ്ങൾ തങ്ങളിലേൽപ്പിച്ച വിശ്വാസം ഇല്ലാതാക്കിയ വ്യാജ- മിതവാദികൾ (സ്യൂഡോ മോഡറേറ്റ്സ്) എന്നാണ് അഡ്വാനി, വാജ്പയ് അടക്കമുള്ളവരെ കമ്മീഷൻ വിശേഷിപ്പിച്ചത്. ജനാധിപത്യ വ്യവസ്ഥക്കകത്ത് ഇതിലും വലിയ ഒരു കുറ്റകൃത്യവും വഞ്ചനയും ഇനി നടക്കാനില്ല എന്നും കമ്മീഷൻ പറയുന്നുണ്ട്.
അധികാരത്തിനു വേണ്ടിയുള്ള ഒരാക്രമണ പ്രവർത്തനമായിരുന്നു ഇത്. ഫാസിസത്തിലേക്കുള്ള വഴി തെളിയിക്കപ്പെട്ടു. 33 വർഷം കഴിഞ്ഞപ്പോൾ നാം ഇതിനോടൊക്കെ പൊരുത്തപ്പെട്ടു കഴിഞ്ഞു. അതായത്, ബാബരി മസ്ജിദ് തകർക്കപ്പെടേണ്ടതു തന്നെയായിരുന്നു എന്നോ, അല്ലെങ്കിൽ അങ്ങനെയൊന്ന് നടന്നിട്ടില്ല എന്നോ അതുമല്ലെങ്കിൽ അതൊരു വലിയ പ്രശ്നമൊന്നുമല്ല എന്നോ ഒക്കെ പൊതുബോധത്തെ സാമാന്യവത്കരിക്കുന്നതിൽ നവഫാസിസം വിജയിച്ചു കഴിഞ്ഞിരിക്കുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയും മറ്റനവധി കലാപങ്ങളും ഇപ്പോഴത്തെ മണിപ്പൂർ കലാപവുമടക്കം ഇന്ത്യ മുറിവുകളുടെ ഒരു രാഷ്ട്രമായി മാറിയിരിക്കുന്നു.
ബാബരി മസ്ജിദ് പൊളിച്ചു നീക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം പണിതുയർത്തി, പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്തു. പക്ഷേ, അതിന്റെ പിന്നാലെ നടന്ന 2024ലെ തിരഞ്ഞെടുപ്പിൽ, ഈ സ്ഥലം ഉൾക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി ജെ പി പരാജയപ്പെടുകയും സമാജ് വാദി പാർട്ടി (ഇന്ത്യാ മുന്നണി) സ്ഥാനാർഥി അവധേഷ് പ്രസാദ് വിജയിക്കുകയും ചെയ്തു. ജനറൽ സീറ്റായ ഫൈസാബാദിൽ ദളിത് സമുദായത്തിൽ നിന്നുള്ള അവധേഷ് പ്രസാദ് വിജയിച്ചത് ഏറെ ആശ്വാസത്തോടെയാണ് ഇന്ത്യ ശ്രവിച്ചത്.
സമ്പൂർണ വിനാശത്തിലെത്താതെ ഇന്ത്യയെ വീണ്ടെടുക്കാൻ നമുക്കാവുമോ എന്നതാണ് ഇന്നത്തെ നിർണായകമായ ചോദ്യം. മതനിരപേക്ഷത, ഭരണഘടനയോടുള്ള പ്രതിബദ്ധത, ന്യൂനപക്ഷങ്ങൾക്ക് നിർഭയമായി ജീവിക്കാനുള്ള അവകാശം എന്നിവ ഇല്ലാതായി. കോടതികൾ പോലും ഭരണഘടനക്ക് പകരം മനുസ്മൃതിയാണ് വരേണ്ടത് എന്ന അഭിപ്രായം ശക്തമായി ഉന്നയിക്കുന്നു
വഖ്ഫ് നിയമഭേദഗതി, പൗരത്വ നിയമ ഭേദഗതി, ഏകീകൃത സിവിൽ കോഡ് ഇതെല്ലാം ഇതിന്റെ വ്യക്തമായ ലക്ഷണങ്ങൾ ആണ്. ഇതോടൊപ്പം ആണ് ജി എസ് ടി, നോട്ട് നിരോധനം, വോട്ട് കൊള്ള, ഫെഡറലിസത്തിന്റെ സമ്പൂർണ തകർച്ച എന്നിവയും കാണേണ്ടത്.
അംബേദ്കർ മരിച്ച ദിവസം കൂടിയാണ് ഡിസംബർ ആറ്. ഇന്ത്യയിൽ ജനാധിപത്യം വിജയിക്കുമോ എന്ന ചോദ്യത്തിന്, അംബേദ്കർ നൽകുന്ന മറുപടി അത് ദുസ്സാധ്യമാണ് എന്നാണ്. നല്ല ആളുകളുടെ കൈയിൽ ഭരണം ലഭിക്കുന്നില്ലെങ്കിൽ ജനാധിപത്യം പ്രവർത്തനക്ഷമമാകില്ല എന്നാണ് അംബേദ്കർ പറഞ്ഞത്. അതു തന്നെയാണ് ഇന്ത്യയിൽ സംഭവിക്കുന്നത്.


