Articles
"സഞ്ചാര്‍ സാഥി'; ജാഗ്രത തുടരണം
വ്യാപകമായ വിമര്‍ശങ്ങളും മൊബൈല്‍ കമ്പനികള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നുവെന്ന റിപോര്‍ട്ടുകളും വന്നതിന് പിന്നാലെ, സര്‍ക്കാര്‍ തങ്ങളുടെ നിര്‍ബന്ധിത പ്രീ-ഇന്‍സ്റ്റലേഷന്‍ ഉത്തരവ് പിന്‍വലിച്ചു എന്നത് ജനാധിപത്യ പ്രക്രിയയുടെ വിജയമാണ്. ജനാധിപത്യ വ്യവസ്ഥയില്‍, സര്‍ക്കാറിന് തെറ്റുപറ്റിയാല്‍ അത് തിരുത്താനുള്ള അവസരമുണ്ടാകണം. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അങ്ങനെ ചെയ്തു എന്നത് ആശ്വാസകരം തന്നെ.
സ്വകാര്യത ഓരോ വ്യക്തിയുടെയും മൗലികാവകാശമാണ്. അതിലേക്ക് അനുവാദമില്ലാതെ കടന്നുകയറാന്‍ ഒരു വ്യക്തിക്കോ ഭരണകൂടത്തിനോ അവകാശവും അധികാരവുമില്ല. ഇന്ത്യന്‍ ഭരണഘടന പൗരന്മാരുടെ സ്വകാര്യതക്ക് അത്രയേറെ പ്രാധാന്യവും വിലയും കല്‍പ്പിക്കുന്നുണ്ട്. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം അനുവദിച്ചുനല്‍കുന്ന, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ അവിഭാജ്യ ഘടകമായാണ് സ്വകാര്യതക്കുള്ള അവകാശത്തെ പരിഗണിക്കുന്നത്. 2017ല്‍, കെ എസ് പുട്ടസ്വാമി വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ബഞ്ച് ഈ അവകാശം ഒരു മൗലികാവകാശമാണെന്ന് ഏകകണ്ഠമായി പ്രഖ്യാപിച്ചു. സ്വകാര്യതക്കുള്ള അവകാശമെന്നത് വ്യക്തിയുടെ ശരീരത്തിന്റെയും മനസ്സിന്റെയും സംരക്ഷണം, വിവരപരമായ സ്വയം നിര്‍ണയാവകാശം, വ്യക്തിപരമായ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വിപുലമായ ആശയമാണ്. ന്യായമായ കാരണങ്ങളോടെയും നിയമത്തിന്റെ പിന്‍ബലത്തോടെയും മാത്രമേ സര്‍ക്കാറിനോ മറ്റ് ഏജന്‍സികള്‍ക്കോ ഈ അവകാശത്തില്‍ ഇടപെടാന്‍ സാധിക്കുകയുള്ളൂ എന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഇത്രയും കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്, കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ആപ്പിന്റെയും അതുയര്‍ത്തിയ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ്. രാജ്യത്തെ മുഴുവന്‍ മൊബൈല്‍ ഫോണുകളിലും കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയ സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കേന്ദ്രം നടത്തിയ നീക്കമാണ് വിവാദങ്ങള്‍ക്ക് ആധാരം. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ആ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ വളരെ പെട്ടെന്ന് പിന്‍വാങ്ങിയെങ്കിലും പൗരന്റെ മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നു എന്ന ആശങ്കക്ക് ഈ നീക്കം കാരണമായിട്ടുണ്ട്.
സഞ്ചാര്‍ സാഥി ആപ്പ് രാജ്യത്ത് പുതുതായി പുറത്തിറക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും നിര്‍ബന്ധമായും പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അത് ഡിലീറ്റ് ചെയ്യാനോ പ്രവര്‍ത്തനരഹിതമാക്കാനോ ഉപയോക്താക്കളെ അനുവദിക്കരുതെന്നും വ്യക്തമാക്കി മൊബൈല്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയതാണ് വിവാദമായത്. 90 ദിവസത്തിനകം ഉത്തരവ് നടപ്പാക്കാനായിരുന്നു നിര്‍ദേശം. പുതിയ ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പുറമെ, നിലവിലെ ഫോണുകളില്‍ ‘ഓവര്‍ ദി എയര്‍’ അപ്‌ഡേറ്റ് വഴി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചത് ഇതിന്റെ ഗൗരവം വര്‍ധിപ്പിച്ചു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള സര്‍ക്കാറിന്റെ ഹീനമായ ശ്രമമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഒരു പൗരന്റെ സ്വകാര്യ ഇടം എന്ന് വിശേഷിപ്പിക്കാവുന്ന സ്മാര്‍ട്ട് ഫോണിനെ സര്‍ക്കാറിന്റെ ചാരക്കണ്ണാക്കി മാറ്റാനുള്ള ശ്രമമാണ് ഇതെന്നും ഇത് ജനാധിപത്യ മര്യാദകള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികളും സൈബര്‍ വിദഗ്ധരും മറ്റും രംഗത്ത് വന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. പിന്നെ, എങ്ങും തൊടാത്ത ഒരു വിശദീകരണം നല്‍കി തടിയൂരുകയായിരുന്നു കേന്ദ്രം.
ആപ്പിന് ജനകീയ സ്വീകാര്യത വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിക്കുന്നത് എന്നായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം. സൈബര്‍ സുരക്ഷയെക്കുറിച്ച് കുറഞ്ഞ അവബോധമുള്ള പൗരന്മാര്‍ക്ക് എളുപ്പത്തില്‍ ആപ്പ് ലഭ്യമാക്കാനാണ് പ്രീ-ഇന്‍സ്റ്റലേഷന്‍ നിര്‍ബന്ധമാക്കിയതെന്നും ഇതോടെ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചുവെന്നും കേന്ദ്രം വിശദീകരിച്ചു. സര്‍ക്കാര്‍ നല്‍കുന്ന ഈ സുരക്ഷാ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇത് ഉറപ്പിക്കുന്നതെന്നു കൂടി പറഞ്ഞ് ജാള്യത ഒളിപ്പിക്കാന്‍ നടത്തിയ ശ്രമം ടെലികോം മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ കാണാം.
എന്താണ്
“സഞ്ചാര്‍ സാഥി’ ആപ്പ്?
സൈബര്‍ തട്ടിപ്പുകളില്‍ നിന്നും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ നിന്നും പൗരന്മാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ടെലികമ്യൂനിക്കേഷന്‍സ് വകുപ്പ് (ഡി ഒ ടി) പുറത്തിറക്കിയ പ്ലാറ്റ്ഫോമാണ് ‘സഞ്ചാര്‍ സാഥി’. മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും ഉപയോക്താവിന്റെ പേരില്‍ എടുത്തിട്ടുള്ള വ്യാജ സിം കണക്്ഷനുകള്‍ തിരിച്ചറിയാനും സൈബര്‍ തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാനുമുള്ള സേവനങ്ങളാണ് ഇതിലുള്ളതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. സെന്‍ട്രല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സി ഇ ഐ ആര്‍) ആണ് ഇതിന്റെ പ്രധാന സവിശേഷത. സര്‍ക്കാര്‍
ഉദ്യോഗസ്ഥരോ റെഗുലേറ്റര്‍മാരോ ആയി ആള്‍മാറാട്ടം നടത്തുന്നവര്‍, നിക്ഷേപത്തട്ടിപ്പ്, വ്യാജ കെ വൈ സി അലേര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സംശയാസ്പദമായ ആശയവിനിമയങ്ങള്‍ ഫ്ലാഗ് ചെയ്യാനുള്ള “ചക്ഷു’ എന്ന ഫീച്ചറും ആപ്പിലുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
എന്തുകൊണ്ട് വിമര്‍ശം?
രാജ്യത്തെ സൈബര്‍ സുരക്ഷ ഉറപ്പു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സംവിധാനം കൊണ്ടുവന്നതിനെ ഇത്രമാത്രം വിമര്‍ശിക്കേണ്ടതുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും ഉയരാനിടയുണ്ട്. സര്‍ക്കാറിനെ പിന്തുണക്കുന്നവരും നിഷ്പക്ഷമതികളുമെല്ലാം ഒറ്റനോട്ടത്തില്‍ ഈ ചോദ്യം ഉന്നയിച്ചേക്കാം. എന്നാല്‍ സഞ്ചാര്‍ സാഥി ആപ്പ് അത്ര നിസ്സാരക്കാരനല്ല എന്ന് അത് നടപ്പാക്കാന്‍ ശ്രമിച്ച രീതി വിശദമായി പഠിച്ചാല്‍ മനസ്സിലാകും. രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും മൊബൈല്‍ ഫോണുകളില്‍ സര്‍ക്കാര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നീക്കം ഒരു ചര്‍ച്ചയും കൂടാതെ ഒറ്റ സര്‍ക്കുലര്‍ കൊണ്ട് നടപ്പാക്കാന്‍ ശ്രമിച്ചതാണ് ഇതിലെ ആദ്യ അപകടം. പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാതെയും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുമായോ വ്യവസായ വൃത്തങ്ങളുമായോ പൗരസമൂഹവുമായോ കൂടിയാലോചനകള്‍ നടത്താതെയും തിടുക്കത്തില്‍ ഒരു തീരുമാനം എടുക്കുന്നത് എന്തിനെന്ന ചോദ്യം ഇതോടെ ഉയര്‍ന്നു.
ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണം എന്നതിനേക്കാള്‍ ഭയപ്പെടുത്തിയത്, ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത് ഒരു കാരണവശാലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കരുത് എന്ന നിര്‍ദേശമാണ്. ഓരോ പൗരന്റെയും ഡിജിറ്റല്‍ ജീവിതത്തിലേക്ക് ഒരു ചാരക്കണ്ണ് വെക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന സംശയം ബലപ്പെടുത്തുന്നതായി ഈ തീരുമാനം. 2021ല്‍ ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകളെ ഇസ്‌റാഈല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഈ നീക്കം പെഗാസസിന് സമാനമായി ജനങ്ങളെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുമെന്ന വിമര്‍ശം പ്രതിപക്ഷം ഉന്നയിച്ചു. ജനങ്ങളുടെ സുരക്ഷക്ക് എന്ന പേരില്‍ സര്‍ക്കാര്‍ ഒരു ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്നും പൗരന്മാര്‍ക്ക് എന്ത് ഉപയോഗിക്കണം, എന്ത് വേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇത് ചോദ്യം ചെയ്യുന്നുവെന്നും സൈബര്‍ രംഗത്തുള്ളവരും മറ്റും ചൂണ്ടിക്കാട്ടി.
കോള്‍ ലോഗുകള്‍, സന്ദേശങ്ങള്‍, ക്യാമറയിലേക്കുള്ള പ്രവേശനം, നെറ്റ് വര്‍ക്ക് സ്റ്റേറ്റ് തുടങ്ങിയവ നിരീക്ഷിക്കാനുള്ള അമിതമായ അനുമതികള്‍ ഈ ആപ്പ് ആവശ്യപ്പെടുന്നുണ്ട്. മോഷണം പോയ ഫോണ്‍ കണ്ടെത്താന്‍ വേണ്ടി മാത്രമുള്ള ഒരു ആപ്പിന് ഇത്രയും അനുമതികള്‍ ഒരിക്കലും ആവശ്യമില്ല. അതുകൊണ്ട് തന്നെ ഈ ആപ്പ് ഒരു സ്വകാര്യ നിരീക്ഷണ സംവിധാനമായി ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കക്ക് ഇത് കാരണമായി. ഒരു സിസ്റ്റം ലെവല്‍ ഫീച്ചറായി പൗരന്മാരുടെ മൊബൈല്‍ ഫോണില്‍ ഈ ആപ്പ് സ്ഥാപിച്ചുകഴിഞ്ഞാല്‍ ഭാവിയില്‍ കൂടുതല്‍ ഡാറ്റാ ആക്സസ് ചെയ്യാനോ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി നിരീക്ഷണം വിപുലപ്പെടുത്താനോ സര്‍ക്കാറിന് സാധിക്കും. ഇത് സര്‍ക്കാറിന് പൗരന്മാരെക്കുറിച്ചുള്ള സമഗ്രമായ ഡിജിറ്റല്‍ പ്രൊഫൈലിംഗ് നടത്താന്‍ അവസരം നല്‍കിയേക്കാമെന്നാണ് സൈബര്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് വിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ ലോകത്തിലെ പല സ്വേച്ഛാധിപത്യ രാജ്യങ്ങളെയും ഓര്‍മിപ്പിക്കുന്നതാണ്. എല്ലാ സ്മാര്‍ട്ട് ഫോണുകളിലും സര്‍ക്കാര്‍ പിന്തുണയുള്ള സന്ദേശവിനിമയ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ആഗസ്റ്റില്‍ റഷ്യ പുറപ്പെടുവിച്ച ഉത്തരവിന് സമാനമായാണ് ഇന്ത്യയുടെ ഉത്തരവും വിലയിരുത്തപ്പെട്ടത്. കൊവിഡ്-19 മഹാമാരിയുടെ കാലത്ത്, ചൈന പോലുള്ള രാജ്യങ്ങള്‍ പൗരന്മാരുടെ സഞ്ചാരവും ആരോഗ്യ വിവരങ്ങളും ട്രാക്ക് ചെയ്യുന്നതിനായി നിര്‍ബന്ധിത ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചിരുന്നു. വടക്കന്‍ കൊറിയ പോലുള്ള രാജ്യങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൊബൈല്‍ ഉപകരണങ്ങളും ഇന്റര്‍നെറ്റ് സംവിധാനങ്ങളും മാത്രമാണ് പൗരന്മാര്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. ഇത്തരത്തില്‍ കര്‍ശനമായ ഡിജിറ്റല്‍ നിരീക്ഷണ വ്യവസ്ഥകളുള്ള രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യാന്‍ വിമര്‍ശകര്‍ക്ക് അവസരം നല്‍കുന്നതായിരുന്നു കേന്ദ്ര തീരുമാനം.
തുടരണം ജാഗ്രത
ജനാധിപത്യ രാജ്യത്ത്, പൗരന്മാരെ വിശ്വാസത്തിലെടുക്കുക എന്നതാണ് പ്രധാനം. സുരക്ഷയുടെ പേരില്‍ പൗരന്റെ സ്വകാര്യതയെ ബലികഴിക്കുന്നത്, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമായി മാറും. വ്യാപകമായ വിമര്‍ശങ്ങളും മൊബൈല്‍ കമ്പനികള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നുവെന്ന റിപോര്‍ട്ടുകളും വന്നതിന് പിന്നാലെ, സര്‍ക്കാര്‍ തങ്ങളുടെ നിര്‍ബന്ധിത പ്രീ-ഇന്‍സ്റ്റലേഷന്‍ ഉത്തരവ് പിന്‍വലിച്ചു എന്നത് ജനാധിപത്യ പ്രക്രിയയുടെ വിജയമാണ്. പ്രതിപക്ഷം, പൗരാവകാശ പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍ എന്നിവര്‍ ഒരുമിച്ചുചേര്‍ന്ന് നടത്തിയ നീക്കമാണ് ഈ വിജയം സമ്മാനിച്ചത്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍, സര്‍ക്കാറിന് തെറ്റുപറ്റിയാല്‍ അത് തിരുത്താനുള്ള അവസരമുണ്ടാകണം. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അങ്ങനെ ചെയ്തു എന്നത് ആശ്വാസകരം തന്നെ.
സൈബര്‍ സുരക്ഷാ ഭീഷണികള്‍ വര്‍ധിക്കുന്ന ഈ കാലത്ത്, “സഞ്ചാര്‍ സാഥി’ പോലുള്ള ആപ്പുകള്‍ ആവശ്യം തന്നെയാണ്. എന്നാല്‍, അതിന്റെ ഉപയോഗം പൂര്‍ണമായും പൗരന്റെ ഇഷ്ടത്തിന് വിടുക എന്നതാണ് ജനാധിപത്യ സര്‍ക്കാറിന്റെ കര്‍ത്തവ്യം. സ്വകാര്യതയും സുരക്ഷയും പരസ്പരം വിരുദ്ധമായിക്കൂടാ. അത് രണ്ടും ഒന്നിച്ച് നേര്‍ രേഖയില്‍ സഞ്ചരിക്കണം. സ്വകാര്യതയുടെ കാര്യത്തില്‍ ഇന്ത്യയിലെ പൗരബോധം എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ സംഭവ വികാസങ്ങള്‍. അതിനാല്‍ ഈ ജാഗ്രത ഇനിയും തുടരേണ്ടതുണ്ട്.






