Kerala
രാഹുല്‍ മാങ്കൂട്ടം തന്നോടും മോശമായി പെരുമാറിയെന്ന് എം എ ഷഹനാസ്; രാഹുലിന്റെ സംരക്ഷകന്‍ ഷാഫി പറമ്പില്‍
മാധ്യമങ്ങള്‍ക്കു മുമ്പിലാണ് ഷഹനാസ് രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ചത്
കോഴിക്കോട് | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ തന്നോടും മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരിയും കെ പി സി സി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. രാഹുല്‍ തന്നോട് മോശമായി പെരുമാറിയ കാര്യം അന്ന് ഷാഫി പറമ്പില്‍ എം പിയെ അറിയിച്ചിരുന്നു. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നെങ്കിലും എല്ലാം അവഗണിച്ചതായും അവര്‍ ആരോപിച്ചു. മാധ്യമങ്ങള്‍ക്കു മുമ്പിലാണ് ഷഹനാസ് രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ചത്.
കര്‍ഷക സമരത്തിനു ഡല്‍ഹിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുല്‍ മോശം സന്ദേശം അയച്ചത്. ഡല്‍ഹിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉള്‍പ്പെടെ ഷാഫിയെ അറിയിച്ചിരുന്നുവെന്നും ഷഹനാസ് പറഞ്ഞു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ഷാഫിയോട് ആവശ്യപ്പെട്ടു. ഇല്ലെന്ന് ഷാഫി പറയട്ടെ. ഷാഫി നിരാകരിച്ചാല്‍ അതിനുള്ള തെളിവു കാണിക്കാം. ഷാഫി പ്രസിഡന്റായി ഇരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ലായിരുന്നു. കോണ്‍ഗ്രസ്സില്‍ എല്ലായിടത്തും പുരുഷാധിപത്യം ഉണ്ടെന്നും എം എ ഷഹനാസ് പറഞ്ഞു.
കോണ്‍ഗ്രസില്‍ ഇനിയും സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കണം. അതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം പറയുന്നത്. പാര്‍ട്ടിയെ കളങ്കപ്പെടുത്തുന്നത് രാഹുലിനെ പോലുള്ളവരാണ്. സ്ത്രീയെന്ന രീതിയില്‍ അന്ന് തന്റെ പരാതി പരിഗണിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു. രാഹുലിന്റെ ഗാര്‍ഡിയനാണ് ഷാഫി. തന്നെയും എംകെ മുനീര്‍ എം എല്‍ എയും ചേര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് അപവാദപ്രചരണം നടത്തി. ഇതിന്റെ ശബ്ദരേഖ അടക്കം ഷാഫിക്ക് പരാതി നല്‍കി.
പരാതിയുടെ പകര്‍പ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും നല്‍കി. എന്നാല്‍ തനിക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമാണ് പിന്നീടുണ്ടായത്. രാഹുലില്‍ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ നേരിട്ട് അറിയാം. ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്. ഷാഫി പറമ്പില്‍ അധ്യക്ഷനായിരുന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം ആയിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്കിയത് ഷാഫി പറമ്പിലിന്റെ നിര്‍ബന്ധപ്രകാരമാണ്. ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചത് ജെ എസ് അഖിലിനെയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം തള്ളിയാണ് ഷാഫിയുടെ തീരുമാനം നടപ്പിലാക്കിയത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ മെമ്പര്‍ഷിപ്പ് ചേര്‍ത്താണ് രാഹുല്‍ അധ്യക്ഷനായതെന്ന ആരോപണം ഉയര്‍ന്നത് സംഘടനയില്‍ നിന്ന് തന്നെയാണെന്നും ഷഹനാസ് പറഞ്ഞു.





