Kerala
പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥത വഹിച്ചിട്ടില്ല; കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെ തള്ളി ജോണ്‍ ബ്രിട്ടാസ് എംപി
കരാറില്‍ ഒപ്പുവയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കാര്യമാണ്. അതില്‍ ഇടപെടേണ്ട ആവശ്യമില്ല
ന്യൂഡല്‍ഹി | പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി. മന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ കരാര്‍ ഒപ്പിടാന്‍ താന്‍ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.
കരാറില്‍ ഒപ്പുവയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കാര്യമാണ്. അതില്‍ ഇടപെടേണ്ട ആവശ്യമില്ല. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ചുമലിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. കര്‍ണാടക, ഹിമാചല്‍ സര്‍ക്കാരുറുകള്‍ യഥേഷ്ടം ഫണ്ട് വാങ്ങി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നിലപാടാണ്, മറ്റ് പ്രതിപക്ഷ സര്‍ക്കാരുകളുടെ നിലപാടുകളെ ദുര്‍ബലമാക്കിയതെന്നും ബ്രിട്ടാസ് ആരോപിച്ചു
എന്‍ഇപിയുടെയും പിഎം ശ്രീയുടെയും പേര് പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പിഎം ശ്രീ വിഷയം നിലവില്‍ സമിതിയുടെ പരിഗണനയിലാണ്. കേരളത്തിന് ലഭിക്കേണ്ട ഫണ്ട് സംബന്ധിച്ചാണ് നിരവധി തവണ കേന്ദ്രമന്ത്രിയെ കണ്ടത്. കേരളത്തിന് ലഭിക്കേണ്ട കൃത്യമായ വിഭവം ലഭിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിനായി ബ്രിഡ്ജായാണ് എംപിമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും കേരളത്തിനും ഇടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന.
കേരളം പദ്ധതിയില്‍ ഒപ്പുവെക്കാന്‍ സമ്മതം അറിയിച്ചിരുന്നുവെന്നും പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു.





