Kerala
അപകീര്‍ത്തി പരാമര്‍ശം; ശ്രീനാദേവിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ചിറ്റയം ഗോപകുമാര്‍
നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ നിരുപാധികം പൊതുക്ഷമാപണം നടത്തുക, പത്രസമ്മേളനത്തില്‍ ശ്രീനാദേവി നടത്തിയ തെറ്റായ പ്രസ്താവനകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹൈക്കോടതി അഭിഭാഷകന്‍ അമൃത് എം ജെ മുഖേനെ നല്‍കിയ വക്കീല്‍ നോട്ടീസില്‍ പറയുന്നത്
പത്തനംതിട്ട | വ്യാജവും രാഷ്ട്രീയ പ്രേരിതവും സത്യ വിരുദ്ധവുമായ പ്രസ്താവനകള്‍ സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലൂടെയും തുടര്‍ച്ചയായി നടത്തി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറിയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് മാത്രമല്ല, വോട്ടര്‍മാരുടെയും പൊതുജനങ്ങളുടെയും മുമ്പില്‍ കളങ്കപ്പെടുത്താന്‍ മനഃപൂര്‍വ്വം ഉദ്ദേശിച്ചുള്ളതാണെന്ന് നോട്ടീസില്‍ പറയുന്നു.
സിപിഐ പ്രതിനിധിയായി ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശ്രീനാദേവി ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പള്‌ലിക്കല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മത്സരിക്കുകയാണ്. അതിന്റെ ഭാഗമായി സിപിഐയേയും അതിന്റെ നേതാക്കളെയും ബോധപൂര്‍വ്വം അപമാനിക്കുന്ന പ്രസ്താവനകള്‍ രാഷ്ട്രീയ പ്രേരിതമായി നടത്തുകയാണെന്നും നോട്ടീസിലുണ്ട്. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ നിരുപാധികം പൊതുക്ഷമാപണം നടത്തുക, പത്രസമ്മേളനത്തില്‍ ശ്രീനാദേവി നടത്തിയ തെറ്റായ പ്രസ്താവനകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹൈക്കോടതി അഭിഭാഷകന്‍ അമൃത് എം ജെ മുഖേനെ നല്‍കിയ വക്കീല്‍ നോട്ടീസില്‍ പറയുന്നത്




