Kerala
കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ ഡൈവര്‍ മുങ്ങിമരിച്ചു; മരിച്ചത് മലപ്പുറം സ്വദേശി
എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍ സാദത്ത്
കൊച്ചി | കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാര്‍ തൊഴിലാളിയായ ഡൈവര്‍ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം.
എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍ സാദത്ത്. ഇന്നലെ രാവിലെ മുതല്‍ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അന്‍വര്‍ അടിത്തട്ടിലേക്കു മുങ്ങിയത്. മറ്റൊരു ഡൈവറാണ് മുകളില്‍നിന്ന് സുരക്ഷാ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അന്‍വറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. അന്‍വറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചു മണിയോടെ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണവും നടത്തുന്നുണ്ട്.




