Articles
ക്രിപ്‌റ്റോ വീഴും; വാഴില്ല
വിപണിയുടെ ആവശ്യത്തിനനുസരിച്ച് വഴങ്ങാന്‍ സാധിക്കാത്ത, യഥാര്‍ഥ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത ക്രിപ്റ്റോ കറന്‍സികള്‍ക്ക് സുരക്ഷിതമായ ഒരു പണമായി മാറാന്‍ കഴിയില്ല.
ക്രിപ്‌റ്റോ കറന്‍സി വിപണി വീണ്ടും വന്‍ തകര്‍ച്ചയെ നേരിട്ടിരിക്കുകയാണ്. ബിറ്റ്‌കോയിന്റെ മൂല്യം 86,000 ഡോളറിനും താഴേക്ക് കൂപ്പുകുത്തി. ജപ്പാന്‍ സെന്‍ട്രല്‍ ബേങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചന നല്‍കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ആഗോള നിക്ഷേപകരില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. കുറഞ്ഞ പലിശക്ക് ജാപ്പനീസ് യെന്‍ വായ്പയെടുത്ത്, ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള റിസ്‌ക് കൂടിയ ആസ്തികളില്‍ നിക്ഷേപിക്കുന്ന “യെന്‍ ക്യാരി ട്രേഡ്’ തന്ത്രത്തിന് ഏറ്റ തിരിച്ചടിയാണ് വിപണിയെ പിടിച്ചുലച്ചത്. വായ്പ തിരിച്ചടക്കാനായി നിക്ഷേപകര്‍ തങ്ങളുടെ കൈവശമുള്ള ക്രിപ്റ്റോ ആസ്തികള്‍ കൂട്ടത്തോടെ വിറ്റഴിച്ചതോടെ വിപണി തകരുകയായിരുന്നു.
ഈ സാഹചര്യം വീണ്ടും ഓര്‍മിപ്പിക്കുന്നത്, ഭാവിയുടെ ആഗോള കറന്‍സിയായി വാഴ്ത്തപ്പെടുന്ന ക്രിപ്‌റ്റോ, “പണം’ എന്നതിന്റെ അടിസ്ഥാന ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ എത്രത്തോളം പരാജയപ്പെടുന്നു എന്നതാണ്. ശൂന്യതയില്‍ നിന്ന് മൂല്യം ആര്‍ജിക്കാന്‍ പണത്തിന് കഴിയില്ല. അത് യഥാര്‍ഥ സമ്പദ് വ്യവസ്ഥയുമായി, അതായത് സാധനങ്ങളുടെയും സേവനങ്ങളുടെയും ഉത്പാദനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കണം. ഒരു രാജ്യത്തെ ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളുമാണ് ആ രാജ്യത്തിന്റെ കറന്‍സിക്ക് മൂല്യം നല്‍കുന്നത്. നാം പണം ഉപയോഗിക്കുമ്പോള്‍, ആ സമ്പദ് വ്യവസ്ഥയിലുള്ള എന്ത് സാധനവും വാങ്ങാനുള്ള അവകാശമാണ് നമുക്ക് ലഭിക്കുന്നത്. എന്നാല്‍ ക്രിപ്റ്റോ കറന്‍സികള്‍ക്ക് പിന്നില്‍ ഇത്തരമൊരു ഉത്പാദന ശൃംഖലയോ മൂല്യത്തിന്റെ പിന്‍ബലമോ ഇല്ല താനും. ഫലത്തില്‍, സാധനങ്ങളുടെ കൈമാറ്റത്തിന് ഉപകരിക്കുന്ന സുരക്ഷിതമായ ഒരു മാധ്യമം എന്നതിലുപരി, കേവലമൊരു ഊഹക്കച്ചവട ഉപാധി മാത്രമായി ഇവ ചുരുങ്ങുന്നു. വിനിമയം സുഗമമാക്കുക എന്ന പണത്തിന്റെ പ്രാഥമിക ലക്ഷ്യം നിറവേറ്റാന്‍ കഴിയാത്ത ഒന്നിനും പണം എന്ന മേല്‍വിലാസത്തില്‍ ദീര്‍ഘകാലം നിലനില്‍പ്പുണ്ടാകില്ല.
യഥാര്‍ഥ പണവും ക്രിപ്റ്റോയും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ “ഇലാസ്തികത’ അഥവാ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വഴങ്ങാനുള്ള ശേഷിയാണ്. ഒരു സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്താന്‍ പണത്തിന്റെ ലഭ്യത ഇത്തരത്തില്‍ ക്രമീകരിക്കേണ്ടത് അനിവാര്യമാണ്. ആധുനിക കാലത്ത് പണം “എന്‍ഡോജീനസ്’ (Endogenous Money) ആയതുകൊണ്ട് തന്നെ ഇത് സാധ്യമാകുന്നുണ്ട്. വിപണിയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമാകുമ്പോള്‍ ബേങ്കുകള്‍ വായ്പ നല്‍കുന്നതിലൂടെ പണത്തിന്റെ ലഭ്യത സ്വാഭാവികമായി വര്‍ധിക്കുന്നു. മറിച്ച്, മാന്ദ്യമുണ്ടാകുമ്പോള്‍ സെന്‍ട്രല്‍ ബേങ്കുകള്‍ ഇടപെട്ട് വിപണിയിലേക്ക് പണമെത്തിച്ച് സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുകയും ചെയ്യുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധിയിലും കൊവിഡ് കാലത്തും സമ്പദ് വ്യവസ്ഥകള്‍ പൂര്‍ണമായി തകരാതെ പിടിച്ചുനിന്നത്, സെന്‍ട്രല്‍ ബേങ്കുകള്‍ക്ക് പണത്തിന്റെ അളവ് ആവശ്യാനുസരണം നിയന്ത്രിക്കാന്‍ സാധിക്കുന്നത് കൊണ്ടാണ്.
നിലവിലെ ബേങ്കിംഗ് സംവിധാനത്തില്‍, ഒരു ബേങ്ക് പ്രതിസന്ധിയിലാകുകയോ നിക്ഷേപകര്‍ പരിഭ്രാന്തരായി കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ എത്തുകയോ ചെയ്യുമ്പോള്‍, സെന്‍ട്രല്‍ ബേങ്ക് ഇടപെട്ട് ആവശ്യമായ പണം നല്‍കി ആ ബേങ്കിനെ രക്ഷിക്കാറുണ്ട്. ഇത് പ്രതിസന്ധി പടരാതിരിക്കാന്‍ സഹായകമാണ്. എന്നാല്‍ ക്രിപ്റ്റോ വിപണിയില്‍ ഇത്തരമൊരു സുരക്ഷാ വലയമില്ല. യെന്‍ ക്യാരി ട്രേഡ് തകര്‍ന്നപ്പോള്‍ സംഭവിച്ചതും ഇതാണ്, എല്ലാവരും ഒരേസമയം ബിറ്റ്‌കോയിന്‍ വിറ്റഴിക്കാന്‍ ശ്രമിച്ചു. വില്‍ക്കാന്‍ വരുന്നവരുടെ എണ്ണത്തിനനുസരിച്ച് വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയുണ്ടാകുന്നതോടെ വില കുത്തനെ ഇടിഞ്ഞു. വിപണി തകരുമ്പോള്‍ താങ്ങിനിര്‍ത്താന്‍ ഒരു കേന്ദ്രീകൃത ഏജന്‍സി ഇല്ലാത്തതിനാല്‍, വിലയിലെ ഇത്തരം അനിയന്ത്രിതമായ ചാഞ്ചാട്ടങ്ങള്‍ നിയന്ത്രിക്കാന്‍ ആര്‍ക്കും സാധിക്കില്ല.
ഇവിടെയാണ് ബിറ്റ്‌കോയിന്റെ “എക്‌സോജീനസ്’ (Exogenous Money) സ്വഭാവം ഒരു പ്രശ്‌നമായി മാറുന്നത്. ഇതിന്റെ ലഭ്യത ഒരു കമ്പ്യൂട്ടര്‍ കോഡ് വഴി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്. വിപണിയില്‍ പണത്തിന് അത്യാവശ്യം വന്നാലും ഇതിന്റെ ലഭ്യത വര്‍ധിപ്പിക്കാന്‍ കഴിയില്ല. വഴക്കമില്ലാത്ത മരക്കൊമ്പ് കാറ്റത്ത് ഒടിഞ്ഞുവീഴുന്നതുപോലെ, ഇലാസ്തികതയില്ലാത്ത ക്രിപ്റ്റോ വിപണിയിലെ ചെറിയ ചലനങ്ങളില്‍ പോലും തകര്‍ന്നടിയുന്നു.
ബിറ്റ്‌കോയിന്റെ എണ്ണം 21 ദശലക്ഷമായി നിജപ്പെടുത്തിയിരിക്കുന്നു എന്നത് ഒരു ഗുണമായിട്ടാണ് പലരും കാണുന്നത്. എന്നാല്‍ സാമ്പത്തിക ശാസ്ത്രപരമായി ഇതൊരു വലിയ ന്യൂനതയാണ്. പണത്തിന്റെ എണ്ണം കൂടില്ലെന്ന് ഉറപ്പായാല്‍, ജനങ്ങള്‍ അത് ചെലവാക്കാതെ സൂക്ഷിച്ചുവെക്കാന്‍ തുടങ്ങും. പണം വിപണിയിലിറങ്ങാതെ വന്നാല്‍ സാധനങ്ങളും സേവനങ്ങളും വിറ്റഴിക്കപ്പെടില്ല. ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും. പണം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ മാത്രമേ അതിന് അര്‍ഥമുള്ളൂ. 19ാം നൂറ്റാണ്ടിലെ “ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്’ സമ്പ്രദായം പരാജയപ്പെടാന്‍ കാരണം ഇതേ വഴക്കമില്ലായ്മയായിരുന്നു. ചരിത്രത്തിലെ ആ തെറ്റുകള്‍ സാങ്കേതികവിദ്യയുടെ പേരില്‍ ആവര്‍ത്തിക്കുകയാണ് ക്രിപ്റ്റോ ലോകം.
ചുരുക്കത്തില്‍, പണം എന്നത് ഒരു വിശ്വാസമാണ്. എന്നാല്‍ ആ വിശ്വാസം വെറുതെ ഉണ്ടാകുന്നതല്ല, അത് ഒരു രാജ്യത്തിന്റെ ഉത്പാദനത്തിലും വിനിമയ സൗകര്യത്തിലും അധിഷ്ഠിതമാണ്. വിപണിയുടെ ആവശ്യത്തിനനുസരിച്ച് വഴങ്ങാന്‍ സാധിക്കാത്ത, യഥാര്‍ഥ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത ക്രിപ്റ്റോ കറന്‍സികള്‍ക്ക് സുരക്ഷിതമായ ഒരു പണമായി മാറാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം കണ്ടതുപോലെയുള്ള തകര്‍ച്ചകള്‍ ഇനിയും ആവര്‍ത്തിക്കും എന്ന് നിസ്സംശയം പറയാം.





