Kerala
റെയില്‍വേ ഭൂമിയില്‍ 16 ടര്‍ഫ് മൈതാനങ്ങള്‍ നിര്‍മിക്കും; സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തുക ലക്ഷ്യം
കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലായാണ് ടര്‍ഫ് കോര്‍ട്ടുകള്‍ സ്ഥാപിക്കുക.
നീലേശ്വരം | രാജ്യത്ത് റെയില്‍വേയുടെ ഉടമസ്ഥതയിലുള്ളതും ഉപയോഗശൂന്യവുമായി കിടക്കുന്ന ഭൂമി ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി 16 പുതിയ ടര്‍ഫ് മൈതാനങ്ങള്‍ നിര്‍മിക്കാന്‍ റെയില്‍വേ തീരുമാനം. കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലായാണ് ടര്‍ഫ് കോര്‍ട്ടുകള്‍ സ്ഥാപിക്കുക. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഒട്ടേറെ സ്ഥലങ്ങള്‍ വെറുതെ കിടക്കുന്ന സാഹചര്യത്തില്‍, അവയെ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ കായിക സൗകര്യങ്ങളാക്കി മാറ്റുക എന്ന ബഹുമുഖ ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് റെയില്‍വേ ബോര്‍ഡ് രൂപം നല്‍കിയിരിക്കുന്നത്.
കേരളത്തിന് മുന്‍ഗണന: 14 സ്ഥലങ്ങള്‍
പദ്ധതി പ്രകാരം നിര്‍മിക്കുന്ന 16 ടര്‍ഫ് മൈതാനങ്ങളില്‍ 14 എണ്ണത്തിനും കേരളമാണ് വേദിയാകുന്നത്. പ്രാദേശിക കായിക വികസനത്തിന് ഈ നീക്കം വലിയ ഊര്‍ജം നല്‍കുമെന്നാണ് പ്രതീക്ഷ. നീലേശ്വരം, കാസര്‍കോട്, തൃക്കരിപ്പൂര്‍, കുമ്പള, കണ്ണൂര്‍, പയ്യന്നൂര്‍, പഴയങ്ങാടി, തലശ്ശേരി, കൊയിലാണ്ടി, ഫറോക്ക്, നിലമ്പൂര്‍, അങ്ങാടിപ്പുറം, തിരൂര്‍ എന്നിവയാണ് കേരളത്തില്‍ ടര്‍ഫ് കോര്‍ട്ടുകള്‍ക്കായി കണ്ടെത്തിയിട്ടുള്ള റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലെ സ്ഥലങ്ങള്‍. തമിഴ്നാട്ടിലെ മധുക്കരയിലും കര്‍ണാടകത്തിലെ മംഗളൂരു റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുമാണ് ശേഷിക്കുന്ന ഓരോ ടര്‍ഫുകള്‍ നിര്‍മിക്കുക. ഭൂമി വിനിയോഗവും വരുമാന വര്‍ധനയുമാണ് റെയില്‍വേയുടെ പാളങ്ങള്‍ക്കും സ്റ്റേഷനുകള്‍ക്കും സമീപത്തായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയില്‍ ടര്‍ഫ് കോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.
ഉപയോഗശൂന്യമായ ഭൂമി കായികാവശ്യങ്ങള്‍ക്കായി പരിവര്‍ത്തനം ചെയ്യുക, ടര്‍ഫ് വാടകക്ക് നല്‍കുന്നതിലൂടെ റെയില്‍വേക്ക് പുതിയ വരുമാന മാര്‍ഗം കണ്ടെത്തുക, പ്രാദേശിക സമൂഹത്തിനും കായിക താരങ്ങള്‍ക്കും മികച്ച പരിശീലന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ്, ടര്‍ഫുകള്‍ എപ്പോഴാണ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലബാറില്‍ റെയില്‍വേയുടെ കീഴില്‍ 26 ഏക്കറില്‍ കൂടുതല്‍ ഭൂമി ഉപയോഗിക്കാതെ കിടിക്കുന്നുണ്ട്. ഈ സ്ഥലത്ത് പിറ്റ് ലൈന്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് റെയില്‍വേ ടര്‍ഫ് നിര്‍മാണ പദ്ധതിയുമായെത്തുന്നത്.



