Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് ദിവസം അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു

പോളിങ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളിലാണ് അതത് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവായത്.

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പോളിങ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളിലാണ് അതത് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവായത്. ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുമാണ് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേതനത്തോടു കൂടിയ അവധിയായിരിക്കും.

വോട്ടെടുപ്പ് നടക്കുന്ന തീയതികളില്‍ അതത് ജില്ലകളില്‍ പൊതു അവധിയും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷന്‍ മറ്റ് ഇതര വിഭാഗം ജീവനക്കാര്‍ക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കില്‍ അവര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നല്‍കുന്നതിന് തൊഴില്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനോ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെയും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസങ്ങളില്‍ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കേന്ദ്ര പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

---- facebook comment plugin here -----

Latest