Kerala
മദ്യ ബ്രാന്‍ഡിന് പേരിടല്‍ മത്സരം: നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ
മലബാര്‍ ഡിസ്റ്റിലറീസിനോട് മറുപടി സത്യാവങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
കൊച്ചി| മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും സംഘടിപ്പിച്ച മത്സരത്തിന്റെ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ. കൊല്ലത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എം എം സഞ്ജീവ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെട്ടത്.
പൊതുജനങ്ങളോട് മദ്യത്തിന് പേരിടാന്‍ ആവശ്യപ്പെടുന്നത് അബ്കാരി ചട്ടലംഘനമാണെന്നും സര്‍ക്കാര്‍ സ്ഥാപനം തന്നെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുകയാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ബെവ്‌കോയുടെ നടപടി പിന്‍വലിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മലബാര്‍ ഡിസ്റ്റിലറീസിനോട് മറുപടി സത്യാവങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് പേര്, ലോഗോ എന്നിവ ക്ഷണിച്ച് മികച്ച നിര്‍ദേശത്തിന് 10,000 സമ്മാനം പ്രഖ്യാപിച്ചതാണ് വിവാദമായത്.
അതേസമയം, മത്സരം സംഘടിപ്പിച്ചത് തങ്ങളല്ലെന്നും നിലവില്‍ മദ്യ ഉല്‍പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ബെവ്‌കോ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.


