Articles
പി പി ഉസ്താദ് എന്ന ആദർശ പോരാളി
വഴികാട്ടിയായും സഹപ്രവര്‍ത്തകനായും ആശയസ്രോതസ്സായും വലിയൊരു കാലം കൂടെയുണ്ടായിരുന്ന പി പി മുഹ്്യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്ന പാറന്നൂര്‍ ഉസ്താദിനെ വിയോഗാനന്തരം 13 വര്‍ഷം പിന്നിട്ട ഈ വേളയില്‍ ഓര്‍ക്കുമ്പോഴും മനസ്സില്‍ തിളങ്ങിവരുന്നത് ഇത്തരം അനേകം പ്രചോദനാത്മക ദൃശ്യങ്ങളാണ്.
ചടുലവും ഉശിരുമുള്ള വാക്കുകള്‍ നിറഞ്ഞ പ്രഭാഷണം, സഹജമായ ശൈലിയില്‍ കാമ്പും കനവുമുള്ള എഴുത്തുകള്‍, പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ഒരുമിച്ചുകൂട്ടി അഭിമാനകരമായ ഒട്ടേറെ പദ്ധതികള്‍ക്ക് വേണ്ടി ഓടിനടന്ന നിസ്വാര്‍ഥന്‍, ആദര്‍ശത്തിന് കീഴില്‍ മനുഷ്യരെ അണിനിരത്താനും ആവേശപൂര്‍വം വഴിനടത്താനുമുള്ള അസാമാന്യ മിടുക്ക്, നാടിന്റെയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവര്‍, മാതൃകായോഗ്യനായ അധ്യാപകന്‍… വഴികാട്ടിയായും സഹപ്രവര്‍ത്തകനായും ആശയസ്രോതസ്സായും വലിയൊരു കാലം കൂടെയുണ്ടായിരുന്ന പി പി മുഹ്്യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്ന പാറന്നൂര്‍ ഉസ്താദിനെ വിയോഗാനന്തരം 13 വര്‍ഷം പിന്നിട്ട ഈ വേളയില്‍ ഓര്‍ക്കുമ്പോഴും മനസ്സില്‍ തിളങ്ങിവരുന്നത് ഇത്തരം അനേകം പ്രചോദനാത്മക ദൃശ്യങ്ങളാണ്.
ആദര്‍ശത്തിലുറച്ചുനില്‍ക്കുകയും ധീരമായി പൊരുതി കര്‍മ വീഥിയില്‍ തിളങ്ങുകയും ചെയ്ത സവിശേഷ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അക്കാലത്ത് നിലവിലുണ്ടായിരുന്ന സംഘടനാ ഘടകങ്ങളും സ്ഥാപനങ്ങളും സംരംഭങ്ങളും സജീവമാക്കുന്നതിലും പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിലും അദ്ദേഹം ആവേശത്തോടെ മുന്നില്‍ നടന്നു. താജുല്‍ ഉലമയും സുല്‍ത്വാനുല്‍ ഉലമയും സംഘവും ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തെയും നിലപാടിനെയും ചോദ്യം ചെയ്യാനും ഒറ്റപ്പെടുത്താനും സമൂഹത്തിന്റെ വിവിധ കോണുകളിലുള്ളവര്‍ ഒന്നിച്ചിറങ്ങിയ സമയത്തായിരുന്നു അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനം. ആ സവിശേഷ സന്ധിയെ കൃത്യമായ ഇടപെടലുകളിലൂടെയും സക്രിയമായ മുന്നേറ്റത്തിലൂടെയും വലിയൊരളവുവരെ പ്രതിരോധിക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലൂടെ സാധിച്ചിട്ടുണ്ട്. അതിലൂടെയാണ് അദ്ദേഹം സഹപ്രവര്‍ത്തകരുടെ പ്രിയപ്പെട്ട പി പിയും പ്രവര്‍ത്തകരുടെ പാറന്നൂര്‍ ഉസ്താദും ആകുന്നത്. മര്‍കസ്, സിറാജ്, എസ് എം എ, എസ് വൈ എസ്, ബൈത്തുല്‍ ഇസ്സ… തുടങ്ങി അദ്ദേഹത്തിന്റെ അടയാളപ്പെടുത്തലുകളുണ്ടായ അഭിമാന പദ്ധതികള്‍ നിരവധിയാണ്. നൂറുകണക്കിന് പ്രഭാഷണ വേദികള്‍, മുഖാമുഖങ്ങള്‍, മീറ്റിംഗുകള്‍, സന്ദര്‍ശനങ്ങള്‍… പി പി ഉസ്താദിന്റെ സാന്നിധ്യവും ശബ്ദവും നിര്‍ദേശങ്ങളും പ്രതീക്ഷിച്ച് മനുഷ്യര്‍ ഒത്തുകൂടിയ എത്രയനേകം നല്ല നിമിഷങ്ങള്‍ കടന്നുപോയിട്ടുണ്ട്.
മര്‍കസ് സുന്നി രംഗത്തെ ഒരു വിപ്ലവമായിരുന്നു. പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റുകളുടെ പിന്നില്‍ ശക്തമായ ആദര്‍ശവും സുശക്തമായ സമരവും അനിവാര്യം. ദീര്‍ഘ ദൃഷ്ടികളായ അവേലത്ത് തങ്ങളും ശൈഖുനാ കാന്തപുരം ഉസ്താദും പുതിയ സംരംഭങ്ങളുമായി കര്‍മ രംഗത്തിറങ്ങിയപ്പോള്‍ ശക്തമായ എതിര്‍പ്പുകളുണ്ടായി. അവ തരണം ചെയ്യാന്‍ സഹായകമായത് പി പി ഉസ്താദിന്റെ സാന്നിധ്യവും സാഹസിക നേതൃത്വവുമാണ്. ബിദഈ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ സംഘടനകളെ ഉപയോഗപ്പെടുത്തി സ്വാധീനമുറപ്പിക്കുകയും മുസ്‌ലിം സമുദായ നേതാക്കളെയും സാദാത്തുക്കളെയും വഴി തിരിച്ചു വിടുകയും ചെയ്തു. എഴുപതുകളില്‍ ആ ധീരമായ തൂലിക സുന്നി പ്രസ്ഥാനത്തിന് കരുത്തും ആവേശവുമായി. സ്‌കൂള്‍ അറബി പാഠപുസ്തകത്തിലൂടെ പുത്തനാശയക്കാര്‍ പ്രസ്ഥാനം വളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അവരെ ഒതുക്കി നിര്‍ത്താന്‍ സുന്നി പ്രസ്ഥാനത്തെ തുണച്ചത് അദ്ദേഹത്തിന്റെ ധീരമായ ഇടപെടല്‍ തന്നെയായിരുന്നു.
സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ രൂപവത്കരണത്തിനു ശേഷം സംഘടനക്ക് ഏറ്റവും കൂടുതല്‍ ധൈര്യത്തോടെ പ്രതികരിക്കേണ്ടി വന്ന എല്ലാ സംഭവങ്ങളിലും പി പി മുഹ്യിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ സാന്നിധ്യം ഒരനുഗ്രഹം തന്നെയായിരുന്നു. രംഗത്തു വരേണ്ട എല്ലാ ഘട്ടത്തിലും അദ്ദേഹം മുന്‍പന്തിയില്‍ വന്നിട്ടുണ്ട്. എഴുതേണ്ട ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ മൂര്‍ച്ചയുള്ള തൂലിക ചലിച്ചിട്ടുണ്ട്. അക്കാലത്ത് സംഘടനാ കുടുംബത്തിന് നേതൃത്വം നല്‍കിയ ഇ കെ ഹസന്‍ മുസ്‌ലിയാര്‍, കാന്തപുരം ഉസ്താദ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം ഒരു പ്രവര്‍ത്തകന്റെ റോളില്‍ നിന്നു കൊണ്ട് നേതൃപാടവം തെളിയിച്ച പി പി ഉസ്താദ് പ്രതിയോഗികളുടെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു.
1980ന് മുമ്പ് റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്തയുടെ കീഴിലുള്ള മദ്‌റസാ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ എന്നീ സംഘടനകളുടെ ശക്തമായ പ്രവര്‍ത്തനം നടന്ന നരിക്കുനിയിലും പരിസരങ്ങളിലും സുന്നത്ത് ജമാഅത്തിന്റെ ഒരു മാതൃകാ സംഘാടകനെ കണ്ടത് പി പിയിലായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ അക്കാലത്ത് സുന്നി സമൂഹത്തിന് അഭിമാനമായി മാറി.
അടിമുടി സുന്നിയായിരുന്നു അദ്ദേഹം. പുത്തനാശയക്കാരോട് വിട്ടുവീഴ്ചയില്ലാത്ത, ആദര്‍ശം പറയാന്‍ മറ്റൊന്നും ഭയപ്പെടാത്ത, സുന്നി സംരംഭങ്ങളുടെ ഉന്നമനത്തില്‍ അഭിമാനം കാണുന്ന, സുന്നി അടയാളങ്ങള്‍ നെഞ്ചേറ്റുന്നതൊക്കെയായിരുന്നു പ്രകൃതം. സിറാജ് പത്രം വാങ്ങി വായിക്കാത്തവന്‍ സുന്നി പ്രവര്‍ത്തകനാകില്ല, സുന്നിവോയ്സ് കൈയില്‍ വേണം, മര്‍കസിന്റെ കലൻഡര്‍ വീടിന്റെ വരാന്തയിലെ ചുമരില്‍ തന്നെ തൂക്കിയിടണം, എ പി ഉസ്താദിന്റെ എല്ലാ മുന്നേറ്റങ്ങളിലും മുന്നില്‍ വേണം എന്നൊക്കെയുള്ള വാശി അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് ആ വാശികള്‍ ഒരര്‍ഥത്തില്‍ വലിയ സാഹസവും അഭിമാനവുമായിരുന്നു. ആ ശൈലി തന്നെയാണ് ഒരേസമയം അദ്ദേഹം അനേകമാളുകളുടെ പ്രിയങ്കരനും പ്രതിയോഗിയുമാകാന്‍ കാരണം.
ആദര്‍ശ ഭദ്രതയില്‍ തുടരുന്നതിനെ കുറിച്ച് പി പി ഉസ്താദ് അനുസ്മരിക്കാറുണ്ടായിരുന്നത് “എ പി ഉസ്താദിനെ മരിക്കുന്നതു വരെ നീ കൈ വിടരുത്’ എന്ന ഉമ്മയുടെ ഉപദേശമാണ്. മര്‍കസ് കൊത്തി മാന്തുമെന്നു പറഞ്ഞവര്‍, കാന്തപുരം ഉസ്താദിനെ വെട്ടി നുറുക്കുമെന്ന് ഭീഷണിപ്പെടുത്തിയവര്‍, നമ്മുടെ പ്രവര്‍ത്തകരെ ബോംബിട്ടു നശിപ്പിക്കുമെന്ന് ആക്രോശിച്ചവര്‍… എല്ലാവരും പി പി ഉസ്താദിന്റെ മുമ്പില്‍ പതറിയ സംഭവങ്ങള്‍ നിരവധി. ആ പ്രസംഗവും തൂലികയും ശത്രുക്കളെ വീഴ്ത്തുന്നതായിരുന്നു. ഗള്‍ഫ് നാടുകളില്‍ മര്‍കസും എസ് വൈ എസും ഭീഷണിക്കു വിധേയമായപ്പോള്‍ പി പി ഉസ്താദാണ് പ്രവര്‍ത്തകര്‍ക്ക് ശക്തമായ പിന്തുണയും ധൈര്യവും പകര്‍ന്നത്. സിറാജ് പ്രചരിപ്പിക്കാനും പിന്നീട് സിറാജ് പത്രം ഗള്‍ഫില്‍ പ്രസിദ്ധീകരണം തുടങ്ങാനും ഈ പി പി ഉസ്താദിന്റെ കൂടെ ഓടിയതും നടന്നതും മറക്കാത്ത ഓര്‍മകളാണ്. ആരും സഹായിക്കാനില്ലാത്ത ആ നാളുകളില്‍ പ്രസ്ഥാനവും മര്‍കസും സിറാജും സുന്നീ സംഘടനയും അദ്ദേഹത്തിന്റെ സാന്നിധ്യം ഇഷ്ടപ്പെട്ടു. സി എം വലിയുല്ലാഹി ഉള്‍പ്പെടെയുള്ള മഹത്തുക്കളോടുള്ള ആത്മബന്ധം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി കണ്ടു. തന്റെ നാട്ടില്‍ അഭിമാനകരമായ ഒരു കേന്ദ്രമെന്ന സ്വപ്‌നം ബൈത്തുല്‍ ഇസ്സയിലൂടെ അദ്ദേഹം സാക്ഷാത്കരിച്ചു. ഇപ്പോഴുമത് കൂടുതല്‍ ഇസ്സത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ബന്ധങ്ങളും കഴിവുകളും ഉപയോഗപ്പെടുത്തി സ്വന്തമായി ഒന്നും നേടാതെ ഈ സമുദായത്തിന്, സംഘടനക്ക് വേണ്ടിയാണ് അദ്ദേഹമെല്ലാം ചെലവഴിച്ചത്. താരതമ്യേന സ്വസ്ഥവും മെച്ചപ്പെട്ടതുമായ സ്‌കൂള്‍ അധ്യാപന ജോലിയുപേക്ഷിച്ച് രംഗത്തിറങ്ങിയതും ദീനിന് വേണ്ടിയായിരുന്നല്ലോ. അനേകം മനുഷ്യരിലും ഇടങ്ങളിലും അദ്ദേഹം സൃഷ്ടിച്ച ദീനിന്റെ വെളിച്ചങ്ങള്‍ പരലോക ജീവിതത്തിലും വലിയ മുതല്‍ക്കൂട്ടാകട്ടെ.
(വഫാത്ത് ദിനം ഇന്ന്, ജമാദുല്‍ ആഖിര്‍ 12)





