Business
സഊദി ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കി ഡോ. ഷംഷീര്‍ വയലിലിന്റെ നേതൃത്വത്തിലുള്ള അല്‍മസാര്‍ അല്‍ഷാമില്‍ എജ്യുക്കേഷന്‍
. കമ്പനിയുടെ ആകെ മൂല്യം 2.36 ബില്യണ്‍ റിയാല്‍ ആയി (5,661 കോടി രൂപ) ഉയര്‍ന്നു.
റിയാദ് | സൗദി വിപണിയിലെ വിദ്യാഭ്യാസ കമ്പനി ലിസ്റ്റിങ് വന്‍ വിജയകരമാക്കി മലയാളി ആരോഗ്യസംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ഡോ. ഷംഷീര്‍ ചെയര്‍മാനായ ജിസിസിയിലെ മുന്‍നിര സ്‌പെഷ്യലൈസ്ഡ് എജ്യൂക്കേഷന്‍ കമ്പനി അല്‍മസാര്‍ അല്‍ഷാമില്‍ എഡ്യൂക്കേഷന്‍ മികച്ച മുന്നേറ്റത്തോടെ ആദ്യ ദിനം വ്യാപാരം തുടങ്ങി. ഐപിഒയ്ക്ക് ശേഷം നിശ്ചയിച്ച ഓഹരി വിലയായ 19.5 റിയാലില്‍ (467 രൂപ) ആരംഭിച്ച വ്യാപാരം ആദ്യ ദിനം 18.41% ഉയര്‍ന്ന് 23.09 റിയാലിലാണ് (553 രൂപ) അവസാനിച്ചത്. കമ്പനിയുടെ ആകെ മൂല്യം 2.36 ബില്യണ്‍ റിയാല്‍ ആയി (5,661 കോടി രൂപ) ഉയര്‍ന്നു.
വ്യത്യസ്തതകള്‍ ഏറെയുള്ള ലിസ്റ്റിങ്, മൂന്നു രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ബെല്‍ റിംഗിംഗ്
യുഎഇയില്‍ വേരുകളുള്ള അമാനത്ത് ഹോള്‍ഡിങിന് കീഴിലുള്ള ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ ബിസിനസുകളാണ് സൗദിയില്‍ അല്‍മസാര്‍ അല്‍ഷാമില്‍ എഡ്യൂക്കേഷന് കീഴില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡോ. ഷംഷീര്‍ ചെയര്‍മാനായ കമ്പനി നടത്തിയ നീക്കം മിഡില്‍ ഈസ്റ്റിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ആകെ ഉണര്‍വേകുന്നതായി. സാമ്പത്തിക, വിദ്യാഭ്യാസ, നയതന്ത്ര മേഖലകളിലെ പ്രമുഖര്‍ കിങ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലെ സൗദി സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ (തദാവുള്‍) നടന്ന ബെല്‍ റിംഗിങ് ചടങ്ങില്‍ പങ്കെടുത്തു. സൗദി എക്സ്ചേഞ്ചിലെ ലിസ്റ്റിംഗ് മേധാവി നാസര്‍ അല്‍ അജാജി, സൗദി അറേബ്യയിലെ യുഎഇ സ്ഥാനപതി മതാര്‍ അല്‍ ദഹേരി, ഇന്ത്യന്‍ സ്ഥാനാപതി ഡോ. സുഹെല്‍ അജാസ് ഖാന്‍ എന്നിവര്‍ മണി മുഴക്കി. ആദ്യ മണിക്കൂറില്‍ തന്നെ അല്‍മസാര്‍ ഓഹരികള്‍ക്ക് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.
അല്‍മസാര്‍ അല്‍ഷാമിലിന്റെ വളര്‍ച്ചയില്‍ ഭാഗമാകാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. ”സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള ഒരു പുതിയ സാമ്പത്തിക വളര്‍ച്ചയുടെ പാലമാണ് ഈ ലിസ്റ്റിംഗ്. അഭിലാഷങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ മൂലധനം, അവസരങ്ങള്‍ എന്നിവ പങ്കിട്ടാണ് അല്‍മസാറിന്റെ ഓഹരി പ്രവേശം. സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെയും യുഎഇയുടെ സുസ്ഥിര വളര്‍ച്ചയ്ക്കും നവീകരണത്തിനുമുള്ള പദ്ധതികള്‍ക്കും പിന്തുണ നല്‍കിയാണ് ഈ വളര്‍ച്ച.’
ഇന്ത്യന്‍ സംരംഭകനായ ഡോ. ഷംഷീറിന്റെ ഉദ്യമത്തെ സ്ഥാനാപതി ഡോ. സുഹെല്‍ അജാസ് ഖാന്‍ അഭിനന്ദിച്ചു. കോണ്‍സുലര്‍ മനുസ്മൃതിയും ചടങ്ങില്‍ പങ്കെടുത്തു.
അല്‍മസാര്‍ അല്‍ഷാമിലിന്റെ ഓഹരി മൂലധനത്തിന്റെ 30 ശതമാനമാണ് സൗദി എക്‌സ്‌ചേഞ്ചിന്റെ പ്രധാന വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഐപിഒയുടെ വില അതിന്റെ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലായിരുന്നു. ബുക്ക് ബില്‍ഡിംഗ് പ്രക്രിയയിലൂടെ കമ്പനി 103 മടങ്ങ് ഓവര്‍ സബ്‌സ്‌ക്രിപ്ഷനോടെ ഏകദേശം 62 ബില്യണ്‍ സൗദി റിയാല്‍ (1.48 ട്രില്യണ്‍ രൂപ) മൂല്യം നേടി. ഐപിഒയിലൂടെ സമാഹരിച്ചത് 599 മില്യണ്‍ സൗദി റിയാല്‍ (14.35 ബില്യണ്‍ രൂപ).
ഡോ. ഷംഷീറിന്റെ ഹാട്രിക് ഐപിഒ
ഡോ. ഷംഷീറിന്റെ സംരംഭക യാത്രയിലെ വിജയകരമായ മൂന്നാമത്തെ ലിസ്റ്റിംഗാണ് അല്‍മസാര്‍. ജിസിസി മേഖലയിലെ വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ ഏറ്റവും വലിയ സംയോജിത നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അമാനത്ത് ഹോള്‍ഡിങ്‌സിന് ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് അല്‍മസാര്‍ അല്‍ഷാമില്‍ എജ്യുക്കേഷന്‍. ഡോ. ഷംഷീര്‍ ചെയര്‍മാനായ അമാനത്ത് സാമ്പത്തിക വളര്‍ച്ചയും സാമൂഹിക പ്രഭാവവും കൂട്ടിയിണക്കുന്ന നിക്ഷേപ മാതൃകയായി മാറിയാണ് സൗദി വിപണിയിലേക്ക് കടക്കുന്നത്.
ഹ്യൂമന്‍ ഡെവലപ്‌മെന്റ് കമ്പനി, മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി ദുബായ്, അബുദാബി യൂണിവേഴ്‌സിറ്റി, ലിവ യൂണിവേഴ്‌സിറ്റി, നിമ ഹോള്‍ഡിങ്സ് എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് അല്‍ഷാമിലിന്റെ നിക്ഷേപങ്ങളിലുള്ളത്. സൗദി അറേബ്യയിലെയും യുഎഇയിലെയും 39 സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ നീഡ്‌സ് ഡേകെയര്‍ സെന്ററുകള്‍, 14 സ്‌പെഷ്യല്‍ നീഡ്‌സ് സ്‌കൂളുകള്‍, ഏഴ് ഉന്നത വിദ്യാഭ്യാസ കാമ്പസുകള്‍ എന്നിവയിലായി ഇരുപത്തിഎണ്ണായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കും ഗുണഭോക്താക്കള്‍ക്കും അല്‍സാര്‍ അല്‍ഷാമില്‍ എഡ്യൂക്കേഷന്‍ സേവനം നല്‍കുന്നുണ്ട്.





