Connect with us

Kerala

സഭയിലെ സംഘര്‍ഷം പ്രതിപക്ഷം ബോധപൂര്‍വ്വം സൃഷ്ടിക്കുന്നത്; രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

ഒരുകാലത്തും നടക്കാത്ത കാര്യങ്ങളാണ് സഭയില്‍ സംഭവിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള വിഷയം കൈകാര്യം ചെയ്യുന്നത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണെന്നും അന്വേഷണത്തില്‍ ബെഞ്ചിന് പൂര്‍ണ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ സ്തംഭിപ്പിച്ചുള്ള പ്രതിപക്ഷത്തിന്റെ സമരവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡിവിഷന്‍ ബെഞ്ചിന്റെ നേതൃത്വത്തിലാണ് എസ്‌ഐടിയുടെ പ്രവര്‍ത്തനം നടക്കുന്നത്. ഡിവിഷന്‍ ബെഞ്ചിന്റെ ഓരോ ഘട്ടത്തിലുമുളള നിര്‍ദേശങ്ങളും വലിയരുത്തലും കൃത്യമായി നടക്കുന്നുണ്ട്. ഡിവിഷന്‍ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങളാണ് നിയമ മന്ത്രി വിശദീകരിച്ചത്. അത് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് അന്വേഷണവുമായി ബന്ധപ്പെട്ട് എസ്ഐടിക്കെതിരെ ഏതെല്ലാം തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടോ അതിനെല്ലാമുള്ള കൃത്യമായ മറുപടി ഡിവിഷന്‍ ബെഞ്ച് നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷ ചെല്ലുന്നത് ഡിവിഷന്‍ ബെഞ്ചിന് മുന്നിലല്ല. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന് മുന്നിലാണ്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ജഡ്ജിമാര്‍ അവര്‍ക്ക് തോന്നിയ ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയെന്നുവരും. അന്വേഷണം നടക്കുന്നത് സര്‍ക്കാരിന്റെ നിര്‍ദേശത്തിലല്ല. അതെല്ലാം നിരീക്ഷിക്കുന്നത് ഹൈക്കോടതിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

സഭയില്‍ ഇന്ന് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. വാച്ച് ആന്‍ഡ് വാര്‍ഡ്മാരെ തള്ളുകയായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍. ഒരുകാലത്തും നടക്കാത്ത കാര്യങ്ങളാണ് സഭയില്‍ സംഭവിക്കുന്നത്. പ്രകോപനകരമായ അന്തരീക്ഷം സഭയില്‍ ഇല്ല. എന്നിട്ടും ബോധപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest