Kerala
പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി അന്ധനെപോലെയാക്കി, മുഖം മറച്ചത് ജനാധിപത്യവിരുദ്ധം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കര്‍
ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം മര്യാദ പാലിക്കണമെന്നും സ്പീക്കര്‍
തിരുവനന്തപുരം| മുഖം മറച്ചുകൊണ്ടുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കര്‍ എ എന്‍ ഷംസീര്‍. സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിപക്ഷ പ്രതിഷേധം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം മര്യാദ പാലിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. തന്നെ അന്ധനെപോലെയാക്കി, മുഖം മറച്ചത് ജനാധിപത്യവിരുദ്ധമെന്നും സ്പീക്കര്‍ പറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ ഒന്നും ചെയ്തിട്ടില്ല. വേണമെങ്കില്‍ തനിക്ക് അവരോട് നിര്‍ദേശം നല്‍കാമായിരുന്നുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ തങ്ങളുടെ ബാനറുകളും മറ്റും പിടിച്ചുമാറ്റി. അവര്‍ തങ്ങളെ പ്രകോപിപ്പിച്ചു എന്ന വാദമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചത്. ജനാധിപത്യപരമായിരുന്നു സഭയിലെ പ്രതിപക്ഷ സമരം. എസ്‌ഐടിയുടെ വീഴ്ചയില്‍ സര്‍ക്കാരിന് പങ്കുണ്ട്. ഇതിനു മുന്‍പുള്ള സ്പീക്കര്‍മാര്‍ പ്രതിഷേധമുണ്ടാകുമ്പോള്‍ ഇരു ഭാഗവും കേള്‍ക്കാറുണ്ട്. എന്നാല്‍ ഈ സ്പീക്കര്‍ പ്രതിപക്ഷ സമരത്തെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു. പിന്നാലെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്തേക്കിറങ്ങി.
വലിയ പ്രതിഷേധമാണ് നിയമസഭയ്ക്കകത്ത് നടന്നത്. ശബരിമല സ്വര്‍ണക്കൊള്ളയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനു കാരണം. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിനു മുമ്പില്‍ പ്രതിഷേധിച്ചു. ബാനര്‍ താഴ്ത്തിയില്ലെങ്കില്‍ പിടിച്ചുമാറ്റുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ ഡയസിന് മുകളിലേക്ക് ചാടിക്കടക്കാന്‍ ചില പ്രതിപക്ഷ എംഎല്‍എമാര്‍ ശ്രമിച്ചു. അന്‍വര്‍ സാദത്ത്, മാത്യു കുഴല്‍നാടന്‍, ടി വി ഇബ്രാഹിം, സനീഷ് കുമാര്‍ ജോസഫ് എന്നിവരാണ് ചാടിക്കടക്കാന്‍ ശ്രമിച്ചത്. ഇത് വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ തടഞ്ഞു. പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ തിരികെ സീറ്റുകളിലേക്ക് മടങ്ങി. ഇതിനിടെ സ്പീക്കര്‍ എഴുന്നേറ്റുപോകുകയായിരുന്നു.



