Articles
കായിക സാക്ഷരത; കേരളം വട്ടപ്പൂജ്യമാണ്
കായിക സാക്ഷരതയുള്ള സമൂഹത്തെ ഉണ്ടാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആളുകളെ ആരോഗ്യമുള്ളവരാക്കാന്‍ കഴിയും എന്നതോടൊപ്പം തന്നെ ആരോഗ്യ പരിപാലന രംഗത്ത് വ്യക്തികളും കുടുംബങ്ങളും സമൂഹവും ഭരണകൂടവും ചെലവഴിക്കുന്ന പണത്തിന്റെ തോത് കുറക്കാനും കഴിയും. കായിക സാക്ഷരത ഏത് പ്രായത്തിലുമുള്ള ആളുകള്‍ക്ക് അവരുടെ ശാരീരിക സ്ഥിതിക്കനുസരിച്ച് നേടിയെടുക്കാന്‍ കഴിയും.
ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം. ഉയര്‍ന്ന വിദ്യാഭ്യാസം നേടുക, സമൂഹത്തില്‍ ഉയര്‍ന്ന ശമ്പളവും സാമൂഹിക പദവിയും ഉള്ള തൊഴിലുകളില്‍ എത്തുക എന്നത് മലയാളിയുടെ സ്വപ്നമാണ്. എല്ലാ തലത്തിലുമുള്ള വിദ്യാഭ്യാസത്തിനും കേരളം കൊടുക്കുന്ന പ്രാധാന്യം നമുക്കറിവുള്ളതാണല്ലോ. ഏറ്റവും ഉയര്‍ന്ന സാക്ഷരത നേടിയതിനോടൊപ്പം ഏറ്റവും ഉയര്‍ന്ന ശരാശരി ആയുര്‍ദൈര്‍ഘ്യവും കേരളം നേടിയിട്ടുണ്ട്. എന്നാല്‍ രോഗാതുരതയുടെ കാര്യത്തിലും നമ്മള്‍ തന്നെയാണ് മുന്‍പന്തിയില്‍. തെറ്റായ ജീവിത ശൈലികള്‍ കൊണ്ട് വരുന്ന മിക്ക രോഗങ്ങളും കേരളത്തില്‍ വളരെ കൂടുതലാണ്. പ്രമേഹം, രക്തസമ്മര്‍ദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഞരമ്പുകളെ ബാധിക്കുന്ന അസുഖങ്ങള്‍, പൊണ്ണത്തടി തുടങ്ങി മാനസിക സമ്മര്‍ദം വരെയുള്ള എല്ലാ ജീവിതശൈലി രോഗങ്ങളുടെയും കേന്ദ്രമാണ് കേരളം. പ്രമേഹത്തിന്റെ തലസ്ഥാനം എന്നാണ് ഇന്ന് കേരളം അറിയപ്പെടുന്നത്. ഉയര്‍ന്ന സാക്ഷരതയും ഉയര്‍ന്ന രോഗാതുരതയും ഒരുപോലെ കേരളത്തില്‍ നിലനില്‍ക്കുന്നു. കേരളത്തില്‍ ഏറ്റവും വേഗത്തില്‍ തഴച്ചുവളരുന്ന വ്യവസായം ഫാര്‍മസികളാണ്. ഇടത്തരം വീടുകളിലെ പ്രതിമാസ കുടുംബ ബജറ്റില്‍ 25 ശതമാനം വരെ മരുന്ന് കടകളിലേക്ക് പോകുന്നുണ്ട് എന്ന് കേട്ടാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ല. വര്‍ഷത്തില്‍ നാല് പ്രാവശ്യമെങ്കിലും ആശുപത്രിയില്‍ പോയില്ലെങ്കില്‍ മലയാളിക്ക് ഉറക്കം വരില്ലെന്ന മട്ടിലായി നമ്മുടെ ആരോഗ്യം.
നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഹിപ്പോക്രാറ്റിസ് പറഞ്ഞിട്ടുണ്ട്, അസുഖം വന്നതിന് ശേഷം ചികിത്സക്കുന്നതിനേക്കാള്‍ ഭേദം അസുഖം വരാതെ നോക്കലാണെന്ന്. ഭൂമിയില്‍ മനുഷ്യജീവിതം ഉള്ളിടത്തോളം കാലം ബാധകമായ ഒരു തത്ത്വമാണിത്. ചുറ്റുമുള്ള ആളുകളെ നോക്കിയാല്‍ കാണാന്‍ കഴിയുക അമിതവണ്ണമുള്ളവരെയും നടക്കാന്‍ ബുദ്ധിമുട്ടുന്നവരെയും വിവിധതരം രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരെയും പ്രതിമാസം നല്ലൊരു തുക ഫാര്‍മസികളില്‍ ചെലവഴിക്കുന്നവരെയുമാണ്. ഏറ്റവും സാക്ഷരതയുള്ള, ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള കേരളത്തിന്റെ സ്ഥിതിവിവര പുറംപൂച്ചിനുള്ളില്‍ യഥാര്‍ഥത്തില്‍ ഒളിഞ്ഞിരിക്കുന്നത് രോഗാതുരതയുടെ വേദനിപ്പിക്കുന്ന കാഴ്ചകളാണ്. കൈയില്‍ കാശും സമീപത്ത് ആശുപത്രിയും ഉണ്ടെങ്കില്‍ ആരോഗ്യത്തോടെ ജീവിക്കാമെന്ന് മണ്ടന്മാര്‍ മാത്രമേ വിചാരിക്കൂ. ആരോഗ്യമുള്ള ശരീരത്തിലേ മരുന്ന് ഫലിക്കൂ. ആരോഗ്യവും ഓജസ്സും നഷ്ടപ്പെട്ട ശരീരത്തില്‍ മരുന്നിനും വലുതായൊന്നും ചെയ്യാനുണ്ടാകില്ല. നമ്മുടെ ശരീരത്തിന്റെ സ്വാഭാവികമായ ശക്തികളെ നിലനിര്‍ത്തുക എന്നതാണ് പരമപ്രധാനമായ കാര്യം. വേട്ടയാടി ജീവിച്ച പൂര്‍വികര്‍ ദിവസവും നടക്കുകയും ഓടുകയും ചെയ്താണ് അവര്‍ക്കാവശ്യമായ ഭക്ഷണം കണ്ടെത്തിയിരുന്നത്. ‘ചലിക്കുക’ എന്നത് ആദിമ മനുഷ്യരെ സംബന്ധിച്ച് അവരുടെ അതിജീവനത്തിന്റെ ഭാഗമായിരുന്നു. കായികമായി സക്രിയരായിരിക്കുക എന്നത് അവരെ സംബന്ധിച്ച് മറ്റൊരു സമയത്തേക്ക് മാറ്റിവെക്കാന്‍ കഴിയുന്നതായിരുന്നില്ല. കായിക അധ്വാനം പൂര്‍വികരെ സംബന്ധിച്ച് അവരുടെ അസ്തിത്വത്തെ തന്നെ നിര്‍ണയിച്ച കാര്യമായിരുന്നു. എന്നാല്‍ ആധുനിക മനുഷ്യരെ സംബന്ധിച്ച് ചലിക്കുക എന്നത് അവരുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഒന്നായി അവര്‍ കരുതുന്നില്ല എന്നതാണ് വാസ്തവം. ശാരീരിക നിഷ്‌ക്രിയത്വമാണ് ശരാശരി മലയാളിയുടെ പൊതുസ്വഭാവം.
നടക്കാന്‍ വയ്യ, ഇരിക്കാന്‍ വയ്യ, ചെറുതായി പോലും ഒന്നോടാന്‍ വയ്യ, ഭാരമെടുക്കാന്‍ വയ്യ, എന്തിന് നന്നായൊന്ന് പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ പോലുമുള്ള കായികക്ഷമത മിക്കവര്‍ക്കും ഇല്ല. കുട്ടികളില്‍ മിക്കവരും മൊബൈലിന് അടിമകള്‍ ആണ്. പലവിധ കാരണങ്ങള്‍ കൊണ്ട് അവരില്‍ മിക്കവരും കായിക വ്യായാമങ്ങള്‍ ചെയ്യുകയോ എന്തെങ്കിലും കളികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നില്ല. ഒപ്പം കുടുംബങ്ങള്‍ക്കകത്തേക്ക് കടന്നുവരുന്ന ഫാസ്റ്റ്ഫുഡ് സംസ്‌കാരവും ചേരുമ്പോള്‍ മിക്ക മലയാളി കുഞ്ഞുങ്ങളും കൗമാരക്കാരും കായിക ക്ഷമതയുടെ കാര്യത്തില്‍ വട്ടപ്പൂജ്യമാണ്. ഇവിടെയാണ് കയിക ക്ഷമതയുമായി ബന്ധപ്പെട്ട രണ്ട് പ്രധാന ആശയങ്ങള്‍ കടന്നുവരുന്നത്. മനുഷ്യശരീരം കൊണ്ട് എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന പ്രാഥമികമായ ചില ചലനങ്ങളും കായിക സാക്ഷരതയും ആണിവ.
എല്ലാ മനുഷ്യര്‍ക്കും അവര്‍ക്ക് അംഗപരിമിതത്വം ഇല്ലെങ്കില്‍ അവരുടെ ശരീരങ്ങള്‍ കൊണ്ട് സാധ്യമായ ചില പ്രാഥമിക ചലനങ്ങള്‍ ഉണ്ട്. നടക്കുക, ഓടുക, ഇരിക്കുക, ചാടുക, നീന്തുക തുടങ്ങി നിരവധി പ്രാഥമിക ശരീര ചലനങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയും. നമ്മള്‍ കുട്ടികള്‍ ആയിരുന്നപ്പോള്‍ ഇവയില്‍ പലതും പ്രയാസമില്ലാതെ നമ്മള്‍ ചെയ്തിട്ടുമുണ്ടാകും. എന്നാല്‍ വളരുന്നതോടെ ശരീരത്തിന്റെ പ്രാഥമിക ചലനങ്ങള്‍ പലതും നമുക്ക് കൈമോശം വരുന്നു. ഓടാനുള്ള ശേഷി കുറയുന്നു. മരം കയറുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റില്ല. ഭാരം ഉയര്‍ത്താനോ എറിയാനോ കളികളില്‍ ഏര്‍പ്പെടാനോ കഴിയാതെ വരുന്നു. നടക്കുക, ഇരിക്കുക എന്നതിനപ്പുറം നമ്മുടെ ശരീരങ്ങള്‍ക്ക് ചലിക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നു. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളുടെ വാര്‍ധക്യം മിക്കവാറും വേദനാജനകമായിരിക്കും. കായിക സാക്ഷരതയുടെ പ്രാധാന്യം ഇവിടെയാണ് പ്രസക്തമാകുന്നത്.
കായിക നിഷ്‌ക്രിയത്വത്തില്‍ നിന്ന് സ്വയം മോചനം നേടാന്‍ എന്തൊക്കെ ചെയ്യണം എന്ന് അറിവുള്ളവരാകുക, കായിക ക്ഷമതയുയര്‍ത്തുന്ന കാര്യങ്ങള്‍ നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തുക, അവ ശാസ്ത്രീയമായി എങ്ങനെയാണ് ചെയ്യേണ്ടത് എന്നറിവുണ്ടാകുക, നിരന്തരമായി ഇത്തരം കാര്യങ്ങളിലൂടെ ശാരീരിക ക്ഷമതയും ആത്മവിശ്വാസവും ഉള്ളവരായി നാം മാറുക തുടങ്ങിയ കാര്യങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍ കായിക സാക്ഷരത ഉണ്ടെന്ന് പറയാം. എഴുതാനും വായിക്കാനും അറിയുന്നതിലൂടെ ഒരാള്‍ കേവലം സാക്ഷരത നേടുക മാത്രമല്ലല്ലോ ചെയ്യുന്നത്. താന്‍ ആര്‍ജിച്ച സാക്ഷരത ഉപയോഗിച്ച് അയാള്‍ സമൂഹത്തെ സേവിക്കുക കൂടി ചെയ്യുന്നുണ്ടല്ലോ. അതുപോലെ തന്നെയാണ് കായിക സാക്ഷരതയും. കായിക സാക്ഷരത നേടുന്നതിലൂടെ ഒരാള്‍ സ്വയം ആരോഗ്യമുള്ള വ്യക്തിയാകാന്‍ ശ്രമിക്കുകയും തനിക്ക് ചുറ്റുമുള്ളവരെ കൂടി കായിക സാക്ഷരരാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഒരാളുടെ കായിക ക്ഷമത പരമാവധിയാക്കാനുള്ള അറിവും പ്രാപ്തിയും അതില്‍ ആനന്ദവും ഉള്ള ആളുകളെയാണ് കായിക സാക്ഷരര്‍ എന്ന് വിളിക്കുന്നത്. കായിക സാക്ഷരത എന്ന ആശയത്തിന് വൈകാരികവും ശാരീരികവും ജ്ഞാനപരവുമായ തലങ്ങള്‍ ഉണ്ട്. കായിക ക്ഷമത കൈവരിക്കാനുള്ള പ്രവൃത്തികളില്‍ നിരന്തരം ഏര്‍പ്പെടുക എന്നത് കായിക സാക്ഷരതയുടെ ശാരീരിക തലമാണ്. കായിക ക്ഷമത നേടാനുള്ള പ്രവൃത്തികളെ പറ്റിയുള്ള ശാസ്ത്രീയമായ അറിവുണ്ടാകുക എന്നത് കായിക സാക്ഷരതയുടെ ജ്ഞാനപരമായ തലമാണ്.
കായിക സാക്ഷരതയുള്ള സമൂഹത്തെ ഉണ്ടാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആളുകളെ ആരോഗ്യമുള്ളവരാക്കാന്‍ കഴിയും എന്നതോടൊപ്പം തന്നെ ആരോഗ്യ പരിപാലന രംഗത്ത് വ്യക്തികളും കുടുംബങ്ങളും സമൂഹവും ഭരണകൂടവും ചെലവഴിക്കുന്ന പണത്തിന്റെ തോത് കുറക്കാനും കഴിയും. കായിക സാക്ഷരത ഏത് പ്രായത്തിലുമുള്ള ആളുകള്‍ക്ക് അവരുടെ ശാരീരിക സ്ഥിതിക്കനുസരിച്ച് നേടിയെടുക്കാന്‍ കഴിയും. വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ കുട്ടികളെ കായിക സാക്ഷരത എന്ന ആശയം പഠിപ്പിക്കണം. ഏതെങ്കിലും ഒരു വിനോദത്തില്‍ ഏര്‍പ്പെടുക എന്നതിനപ്പുറം ശരീരത്തിന്റെ സമസ്ത ചലന സാധ്യതകളും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള കായിക വിദ്യാഭ്യാസ കരിക്കുലം വികസിപ്പിക്കണം. കായിക സാക്ഷരത എന്നത് ഒരു പ്രത്യേക ഘട്ടത്തില്‍ നേടിയെടുക്കുന്നതിലൂടെ അവസാനിക്കുന്ന ഒന്നല്ല, ജീവിതകാലം മുഴുവന്‍ നമ്മള്‍ നേടുന്നതും തുടരുന്നതുമായ ഒന്നാണ്. കായിക സാക്ഷരത നേടുന്നതിലൂടെ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയും. കേരളം കടന്നുപോകുന്ന ഭീകരമായ രോഗാതുരതയെ മറികടക്കാനും ആരോഗ്യമുള്ള തലമുറകളെ വളര്‍ത്തിയെടുക്കാനും കായിക സാക്ഷരതയിലൂടെ സാധിക്കും. കായിക സാക്ഷരതയുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നത് വ്യക്തിയുടെ മാത്രം ഉത്തരവാദിത്വമല്ല. അതൊരു സാമൂഹികമായ ബാധ്യതയാണ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതരായി ആളുകളെ തമ്മിലിണക്കാന്‍ മൈതാനങ്ങള്‍ക്ക് കഴിയും. നല്ലൊരു കേരളത്തെ ഉണ്ടാക്കാന്‍ കായിക സാക്ഷരരായ സമൂഹത്തിന് കഴിയും. ഡോക്ടറും എന്‍ജിനീയറും വക്കീലും അധ്യാപകനും ഒക്കെയാകാനുള്ള ഓട്ടത്തിനിടയില്‍ ശരീരത്തെ മറക്കാന്‍ പാടില്ല. ശരീരവും മനസ്സും ഉള്ളപ്പോഴേ നമ്മളും ഉള്ളൂ.



