National
നാല് കോടിയുടെ ഇന്‍ഷ്വറന്‍സിനായി മാനസിക വെല്ലുവിളി നേരിടുന്ന ജേഷ്ഠനെ ക്രൂരമായി കൊലപ്പെടുത്തി; യുവാവും കൂട്ടാളികളും അറസ്റ്റില്‍
ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധികള്‍ സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു
ഹൈദരാബാദ് | കടം വീട്ടാനായി മാനസിക വെല്ലുവിളി നേരിടുന്ന സ്വന്തം ജ്യേഷ്ഠനെ വന്‍ തുകക്ക് ഇന്‍ഷ്വര്‍ ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സഹോദരന്‍ അറസ്റ്റില്‍. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ രാമദുഗുവിലാണ് സംഭവം. രാമദുഗു സ്വദേശി മാമിദി നരേഷും (30) സുഹൃത്തുക്കളും ചേര്‍ന്നാണ് ഇന്‍ഷുറന്‍സ് തുകയായ നാല് കോടി ലഭിക്കാന്‍ വേണ്ടി ജ്യേഷ്ഠന്‍ വെങ്കിടേഷിനെ (37) കൊലപ്പെടുത്തിയത്.
1.15 കോടിയുടെ കടക്കെണിയിലായ നരേഷ് വഹാനപകടമെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിച്ച് സഹോദരന്‍ വെങ്കിടേഷിനെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിക്കവെയാണ് പിടിയിലായത്.
ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ നരേഷിന് ഏകദേശം 25 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിനുപുറമെ, ടിപ്പര്‍ ലോറികളുടെ ഇഎംഐ ഉള്‍പ്പെടെ ആകെ 1.50 കോടി രൂപയുടെ കടക്കെണിയിലായിരുന്നു നരേഷ്. ഈ കടങ്ങള്‍ വീട്ടാനായാണ് മാനസിക വെല്ലുവിളി നേരിടുന്ന സഹോദരന്‍ വെങ്കിടേഷിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി അപകടമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്.
ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധികള്‍ സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച രാമദുഗു പൊലീസാണ് കൊടുംക്രൂരതയുടെ ചുരുളഴിച്ചത്. നരേഷ് ഉള്‍പ്പെടെ മൂന്ന് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു.
രണ്ട് മാസം മുമ്പ് മുതല്‍, വെങ്കിടേഷ് നാല് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്നും വെവ്വേറെ 4.14 കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് എടുത്തിരുന്നു. ഇതിനിടെയാണ് നമുണ്ട്‌ല രാകേഷ് എന്നയാള്‍ നരേഷിന് കടം നല്‍കിയ 7 ലക്ഷം രൂപ തിരിച്ചു ചോദിച്ചത്.
ഇതോടെ സമ്മര്‍ദത്തിലായ നരേഷ് ജ്യേഷ്ഠനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. പദ്ധതി പ്രകാരം തന്റെ സഹോദരനെ കൊല്ലുകയാണെന്നും സഹകരിച്ചാല്‍ നല്‍കേണ്ട 7 ലക്ഷം രൂപയ്ക്ക് പുറമേ 13 ലക്ഷം രൂപ നല്‍കാമെന്നും രാകേഷിന് നരേഷ് വാക്കുനല്‍കി. തുടര്‍ന്ന് ടിപ്പര്‍ ഡ്രൈവറായ പ്രദീപിന് രണ്ട് ലക്ഷം രൂപ നല്‍കാമെന്നും അയാള്‍ വാഗ്ദാനം ചെയ്തു. ഇക്കാര്യം ആരുംതന്നെ വെളിപ്പെടുത്താതിരിക്കാന്‍ മൂവരും ശിക്ഷ അനുഭവിക്കേണ്ട വിധത്തില്‍ പദ്ധതിപ്രകാരം ഒരു വീഡിയോ എടുത്തു. എല്ലാവരും കുറ്റക്കാരെന്ന തരത്തിലായിരുന്നു വീഡിയോ ചിത്രീകരിച്ചത്.
കൊലപാതകത്തിനായി കഴിഞ്ഞ മാസം 29 ന് രാത്രി, ഡ്രൈവര്‍ പ്രദീപ് രാമദുഗുവിന്റെ പ്രാന്തപ്രദേശത്തുള്ള ഭാരത് പെട്രോള്‍ പമ്പിലേക്ക് ഒരു ലോഡ് മണ്ണുമായി എത്തിയ ടിപ്പര്‍ പാര്‍ക്ക് ചെയ്തു. ശേഷം, വാഹനം തകരാറിലായതായി നടിച്ച് അയാള്‍ നരേഷിനെ വിളിച്ചു. നരേഷ് തന്റെ ബന്ധു സായി വഴി ബൈക്കില്‍ വെങ്കിടേഷിനെ സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നു .ടിപ്പര്‍ കേടായെന്നും ശരിപ്പെടുത്താനായി തന്റെ ജ്യേഷ്ഠന്‍ വെങ്കിടേഷിനോട് ജാക്കി ടയറിനടിയില്‍ ഇട്ട് തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ നരേഷ് ടിപ്പര്‍ മുന്നോട്ട് ഓടിച്ചു. ഇതോടെ, ടയറിനടിയില്‍പ്പെട്ട വെങ്കിടേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടം സംഭവിച്ചതാണെന്ന് പോലീസിനോട് പറഞ്ഞുവെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ എത്തിയപ്പോള്‍, നരേഷ് സംഭവത്തെക്കുറിച്ച് പറഞ്ഞ രീതിയില്‍ അവര്‍ക്ക് സംശയം തോന്നി. ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇതോടെ പോലീസ് നടത്തിയ അന്വേഷണമാണ് ക്രൂര കുറ്റകൃത്യം പുറത്തെത്തിച്ചത്.


