National
സഞ്ചാർ സാഥി ആപ്പിന്റെ പ്രീ-ഇൻസ്റ്റളേഷൻ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
പ്രതിപക്ഷ നേതാക്കളിൽ നിന്നും പൗരാവകാശ പ്രവർത്തകരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്.
ന്യൂഡൽഹി | രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ‘സഞ്ചാർ സാഥി’ (Sanchar Saathi) എന്ന സൈബർ സുരക്ഷാ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഉച്ചയ്ക്ക് ശേഷമിറക്കിയ പ്രസ്താവനയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ആപ്പിന് ജനകീയമായ സ്വീകാര്യത വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. ആപ്പ് നിർബന്ധമാക്കിയ ഉത്തരവിനെതിരെ വ്യാപക വിമർശനം ഉയന്നർന്നത് കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഉത്തരവിനെതിരെ ആപ്പിൾ നിയമനടപടിക്ക് ഒരുങ്ങുകയായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ തിടുക്കത്തിൽ ഉത്തരവ് പിൻവലിച്ചത്.
രാജ്യത്ത് പുതുതായി നിർമിക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് പ്രി ഇൻസ്റ്റാൾ ചെയ്യണമെന്നും നിലവിലുള്ള ഫോണുകളിൽ അപ്ഡേറ്റ് വഴി ആപ്പ് ലഭ്യമാക്കണമെന്നുമാണ് സർക്കാർ മൊബൈൽ നിർമാതാക്കൾക്ക് നിർദേശം നൽകിയിരുന്നത്. ഇൻസ്റ്റാർ ചെയ്യുന്ന ആപ്പ് ഒരു കാരണത്താലും ഡിലീറ്റ് ചെയ്യാൻ സാധിക്കരുതെന്നും മുൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ആപ്പിൾ, സാംസംഗ്, വിവോ, ഒപ്പോ തുടങ്ങി രാജ്യത്തെ എല്ലാ മുൻനിര മൊബൈൽ നിർമ്മാതാക്കൾക്കും ഈ നിർദേശം നൽകിയിരുന്നു.
സൈബർ ലോകത്തെ മോശം പ്രവർത്തികളിൽ നിന്നും പൗരന്മാരെ സഹായിക്കുക എന്ന ഏക ലക്ഷ്യം മാത്രമാണ് സുരക്ഷിതമായ ഈ ആപ്പിനുള്ളതെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. ഇത് വ്യക്തികളെ സംരക്ഷിക്കുകയും സൈബർ തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് ‘ജൻ ഭാഗിദാരി’ക്ക് (ജനപങ്കാളിത്തം) അവസരം നൽകുകയും ചെയ്യുന്നു. ഉപയോക്താക്കളെ സംരക്ഷിക്കുക എന്നതല്ലാതെ മറ്റ് ഒരു പ്രവർത്തനവും ആപ്പിലില്ല. എപ്പോൾ വേണമെങ്കിലും ഇത് നീക്കം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉപയോക്താക്കൾക്കുണ്ട് എന്നും സർക്കാർ അറിയിച്ചു.
നിലവിൽ 1.4 കോടി ഉപയോക്താക്കൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. പ്രതിദിനം 2000 തട്ടിപ്പ് സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പ് വഴി ലഭിക്കുന്നുണ്ട്. ഉപയോക്താക്കളുടെ എണ്ണം അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ, സൈബർ സുരക്ഷയെക്കുറിച്ച് കുറഞ്ഞ അവബോധമുള്ള പൗരന്മാർക്ക് എളുപ്പത്തിൽ ആപ്പ് ലഭ്യമാക്കാനാണ് പ്രീ-ഇൻസ്റ്റലേഷൻ നിർബന്ധമാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ ആറ് ലക്ഷം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. ഇത് ആപ്പിന്റെ സ്വീകാര്യത പത്തിരട്ടി വർധിച്ചതായി സൂചിപ്പിക്കുന്നു. സർക്കാർ നൽകുന്ന ഈ സുരക്ഷാ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇത് ഉറപ്പിക്കുന്നതെന്നും സർക്കാർ വിശദീകരിച്ചു.
പ്രതിപക്ഷ നേതാക്കളിൽ നിന്നും പൗരാവകാശ പ്രവർത്തകരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. പ്രീ-ഇൻസ്റ്റലേഷൻ നിർദ്ദേശം സ്വകാര്യത അവകാശങ്ങളെ ലംഘിക്കുന്നുവെന്നും, 2021-ലെ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വിവാദത്തിന് സമാനമായി ഈ ആപ്ലിക്കേഷൻ ആളുകളെ നിരീക്ഷിക്കാൻ ഉപയോഗിക്കാമെന്നും പ്രതിഷേധക്കാർ ആശങ്ക ഉന്നയിച്ചിരുന്നു.


