Kerala
കടുത്ത നടപടി വേണം; രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണമായി കൈയൊഴിഞ്ഞ് കോണ്‍ഗ്രസ്സ് നേതാക്കള്‍
രാഹുലിനെതിരെ കടുത്ത നടപടിക്ക് കെ പി സി സി ഒരുങ്ങുന്നു.
തിരുവനന്തപുരം | ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ പരാതിയും വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണമായി കൈയൊഴിഞ്ഞ് കോണ്‍ഗ്രസ്സ് നേതാക്കള്‍. രാഹുലിനെതിരെ കടുത്ത നടപടി വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. രാഹുലിന് സംരക്ഷണം ഒരുക്കാന്‍ കോണ്‍ഗ്രസ്സ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് മഹിളാ കോണ്‍ഗ്രസ്സ് അധ്യക്ഷ ജെബി മേത്തര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്സ് എടുക്കുന്നത് സ്ത്രീപക്ഷ നിലപാടാണ്. അതിന്റെ തീവ്രത അളക്കാന്‍ പോയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
രാഹുലിനെതിരെ നടപടി ഉറപ്പാണെന്ന് ഹൈബി ഈഡന്‍ പ്രതികരിച്ചു. എന്റെ ധാരണകളോ രാഹുലുമായുള്ള അടുപ്പമോ കോണ്‍ഗ്രസ്സ് നടപടികളെ സ്വാധീനിക്കില്ലെന്ന് ഷാഫി പറമ്പില്‍ എം പി വ്യക്തമാക്കി.
രാഹുലിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് കെ പി സി സി എന്നാണ് പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ച കൂടിയാലോചനക്കായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഓണ്‍ലൈനായി യോഗം ചേരും.
നേരത്തെ. രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കെ മുരളീധരനും രംഗത്തെത്തിയിരുന്നു. ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ സമയമായെന്നും പുകഞ്ഞ കൊള്ളി പുറത്തെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരായ നടപടി വൈകരുതെന്ന് മുരളീധരന്‍ കെ പി സി സി അധ്യക്ഷനോട് ആവശ്യപ്പെട്ടു. രാഹുലിന് തെറ്റ് തിരുത്തി തിരിച്ചുവരാനുള്ള അവസരം ഇനിയില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് രാഹുലിനെ നിയോഗിച്ചത്, അല്ലാതെ മതില്‍ ചാടാനല്ല. അച്ചടക്കം പാലിക്കാത്തവര്‍ പുറത്തുപോകും. അവരെ പിന്തുണക്കുന്നവര്‍ക്കും പുറത്തുപോകാം. രാഹുലിന് പൊതുരംഗത്തല്ല, ഒരു രംഗത്തും നില്‍ക്കാന്‍ യോഗ്യതയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

