Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ സെക്ഷ്വല്‍ പ്രെഡേറ്റര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം: ഷമാ മുഹമ്മദ്
പരാതി വന്നപ്പോള്‍ രാഹുല്‍ ഒളിവില്‍ പോയി. നട്ടെല്ലും നിലപാടുമുള്ള നേതാവാണെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ എന്ന് പറയുകയാണ് വേണ്ടിയിരുന്നത്
കോഴിക്കോട് : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സെക്ഷ്വല്‍ പ്രെഡേറ്റര്‍ (ലൈംഗിക വേട്ടക്കാരന്‍)ആണെന്ന് കോണ്‍ഗ്രസ് നേതാവും വക്താവുമായ ഷമാ മുഹമ്മദ്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പരാതി വന്നപ്പോള്‍ രാഹുല്‍ ഒളിവില്‍ പോയി. നട്ടെല്ലും നിലപാടുമുള്ള നേതാവാണെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ എന്ന് പറയുകയാണ് വേണ്ടിയിരുന്നത്. രാഹുല്‍ വിഷയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും അവര്‍ പറഞ്ഞു.
പരാതി ഇല്ലാതിരുന്നിട്ടും പാര്‍ട്ടി രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യുകയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തത് ശരിയായ നടപടിയായിരുന്നു. വിഷയത്തില്‍ കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമായിരുന്നെന്നും ഷമ പറഞ്ഞു.
രാഹുല്‍ വിഷയത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെതിരെ സംസാരിക്കാന്‍ ബി ജെ പിക്ക് അര്‍ഹതയില്ല. ബി ജെ പി എംപിയായിരുന്ന ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ ലോകമറിയുന്ന ഗുസ്തി താരങ്ങളുടെ പരാതിയില്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധം നടന്നിട്ടും പ്രധാനമന്ത്രി ഒരുവാക്ക് മിണ്ടിയില്ല. ബില്‍കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികള്‍ ജയില്‍ മോചിതരായപ്പോള്‍ അവരെ മാലയിട്ട് സ്വീകരിച്ച പാര്‍ട്ടിയാണ് ബി ജെ പിയെന്നും ഷമ പറഞ്ഞു.



