Kerala
പ്രചാരണം അവസാന ലാപ്പില്‍; പോര് മുറുക്കാന്‍ നേതാക്കള്‍
ഭവന സന്ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യം
കൊച്ചി | പരസ്യ പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഓളമുണ്ടാക്കി സംസ്ഥാന- കേന്ദ്ര നേതാക്കള്‍. പ്രധാന നേതാക്കളെ ഒന്നടങ്കം രംഗത്തിറക്കിയാണ് മുന്നണികളുടെ പ്രചാരണം. ഒമ്പതിന് വിധിയെഴുത്ത് നടക്കുന്ന ഏഴ് ജില്ലകളിലും സംസ്ഥാന നേതാക്കളുടെ ആദ്യഘട്ട പ്രചാരണം നടന്നുകഴിഞ്ഞെങ്കിലും അവസാനഘട്ടത്തില്‍ അണികള്‍ക്ക് ആവേശം പകരാന്‍ പ്രധാന നേതാക്കളെ വീണ്ടും കളത്തിലിറക്കുകയാണ് മുന്നണികള്‍.
എൽ ഡി എഫിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ജില്ലകളില്‍ പ്രചാരണത്തിനിറങ്ങുന്നത്. കടുത്ത മത്സരം നടക്കുന്ന നഗര കേന്ദ്രീകൃത മേഖലകളിലെ പ്രചാരണ യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ തുടങ്ങിയവരും പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
കോര്‍പറേഷനിലേക്ക് കടുത്ത മത്സരം നടക്കുന്ന കൊച്ചിയില്‍ മന്ത്രി പി രാജീവാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ്്സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് കണ്‍വീനര്‍ അടൂർ പ്രകാശ് തുടങ്ങിയ നേതാക്കളാണ് യു ഡി എഫിനായി കളത്തിലിറങ്ങുന്നത്. കൊച്ചിയില്‍ വി ഡി സതീശന്റെ നേതൃത്വത്തിലാണ് പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.
ബി ജെ പി സംസ്ഥാന പ്രസിഡന്റ്്രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവരാണ് എന്‍ ഡി എക്കായി പരിപാടികളില്‍ പങ്കെടുക്കുന്നത്. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനുമുള്‍പ്പെടെയുള്ളവരും വരുംദിവസങ്ങളില്‍ വിവിധ ജില്ലകളിലായി എന്‍ ഡി എക്കായി പ്രചാരണത്തിനെത്തും.
ജില്ലകളില്‍ പൊതുവിലും ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായും വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ പ്രകടനപത്രിക പുറത്തിറക്കിയത്. പദ്ധതികളും വാഗ്ദാനങ്ങളും മുന്നണികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഭവന സന്ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പ്രചാരണം മുന്നേറുന്നത്. നോട്ടീസുകളും വോട്ടഭ്യർഥനയും പ്രകടനപത്രികയും വീടുകളിലെത്തിച്ചു.
സ്ഥാനാർഥികളും പ്രവര്‍ത്തകരും നേതാക്കളും ഒരു തവണ വീടുകളിലെത്തി. രണ്ടാംഘട്ട സന്ദര്‍ശനവും സ്‌ക്വാഡ് പ്രവര്‍ത്തനവുമാണ് മുന്നേറുന്നത്.പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം രാഷ്ട്രീയവും ആയുധമാക്കിയാണ് പ്രചാരണം. രാഹുല്‍ മാങ്കൂട്ടത്തിൽ എം എല്‍ എക്കെതിരായ ലൈംഗിക പീഡനക്കേസ്, കിഫ്ബി കേസിലെ ഇ ഡി നോട്ടീസ്, ശബരിമല സ്വർണക്കൊള്ള എന്നിവയൊക്കെയാണ് മുന്നണികള്‍ പയറ്റുന്ന പ്രധാന പ്രചാരണായുധങ്ങള്‍.






