Connect with us

From the print

ഇടുക്കി: ശക്തി തെളിയിക്കാൻ മുന്നണികൾ

2015ല്‍ ആറ് സീറ്റ് നേടി ശക്തമായ തിരിച്ചുവരവ് നടത്തിയ എല്‍ ഡി എഫ് 2020ല്‍ കേരള കോണ്‍ഗ്രസ്സി (എം)ന്റെ വരവോട് ജില്ലാ പഞ്ചായത്തും ഭൂരിഭാഗം പഞ്ചായത്തുകളും പിടിച്ചടക്കി.

Published

|

Last Updated

ഇടുക്കി | അപ്രതീക്ഷിത കാലാവസ്ഥയാണ് ഇപ്പോള്‍ മലയോരത്ത്. ചിലപ്പോള്‍ മരംകോച്ചും തണുപ്പ്. അല്ലെങ്കിൽ ചൂട്. ഇതുമല്ലെങ്കിൽ സമ്മിശ്രം. തദ്ദേശ തിരഞ്ഞെടുപ്പ് കാലാവസ്ഥയും ഏതാണ്ട് അതുപോലെ തന്നെയാണ്. 2020 ആവര്‍ത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എല്‍ ഡി എഫ്. പ്രതിപക്ഷമില്ലാതെ ജില്ലാ പഞ്ചായത്തിലെ 16 സീറ്റും കൈയടക്കിയ 2010ലെ ഫലമാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്.

എല്‍ ഡി എഫ് തുടർച്ച
2015ല്‍ ആറ് സീറ്റ് നേടി ശക്തമായ തിരിച്ചുവരവ് നടത്തിയ എല്‍ ഡി എഫ് 2020ല്‍ കേരള കോണ്‍ഗ്രസ്സി (എം)ന്റെ വരവോട് ജില്ലാ പഞ്ചായത്തും ഭൂരിഭാഗം പഞ്ചായത്തുകളും പിടിച്ചടക്കി. നിലവിൽ ജില്ലാ പഞ്ചായത്തിൽ എല്‍ ഡി എഫിന് പത്തും യു ഡി എഫിന് ആറും ഡിവിഷനുകളാണുള്ളത്. ഇത്തവണ ഒരു ഡിവിഷന്‍ കൂടി 17 ആയി. പ്രസിഡന്റ് സ്ഥാനം വനിതക്കാണ്. എല്‍ ഡി എഫില്‍ തിലോത്തമ സോമനും (സി പി എം) യു ഡി എഫില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്്ഷീല സ്റ്റീഫനും (കെ സി ജെ) ആണ് പ്രസിഡന്റ്്പദവിക്ക് സാധ്യത.
പോര് മുന്നണിക്കകത്തും

നെടുങ്കണ്ടം പഞ്ചായത്തിലെ 16ാം വാര്‍ഡിലും രാജാക്കാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലും മുസ്്ലിം ലീഗ് ഒറ്റക്കാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും (ജെ) നേരിട്ട് ഏറ്റമുട്ടുന്ന വാര്‍ഡുമുണ്ട്. ഇടവെട്ടി പഞ്ചായത്തിലെ നടയം വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ഥിക്കെതിരെ കേരള കോണ്‍ഗ്രസ്സ് (എം) നേതാവ് സ്വതന്ത്ര വേഷത്തിലുണ്ട്. ഇവിടെ കോണ്‍ഗ്രസ്സിന്റെയും ബി ജെ പിയുടെയും സ്ഥാനാർഥികളുള്ളതിനാല്‍ ചതുഷ്‌കോണ മത്സരമാകും.

തൊടുപുഴ നഗരസഭ
നഗരസഭകളായ തൊടുപുഴയും കട്ടപ്പനയും യു ഡി എഫ് ആണ് ഭരിക്കുന്നത്. 35 അംഗ തൊടുപുഴ നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും യു ഡി എഫ്-14, എല്‍ ഡി എഫ്- 12, ബി ജെ പി- എട്ട് എന്നിങ്ങനെയാണ് സീറ്റ് നില. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ഇക്കുറി യു ഡി എഫിന് വിജയസാധ്യതയുണ്ടെങ്കിലും 36 (ചുങ്കം), പത്ത് (മുതലക്കോടം വെസ്റ്റ്), 17 (ബി ടി എം സ്‌കൂള്‍) വാര്‍ഡുകളില്‍ വിമതരുണ്ട്.

1988ലെ പ്രഥമ കൗണ്‍സില്‍ മുതല്‍ ഒരു തവണ ഒഴികെ 32 വര്‍ഷം തൊടുപുഴ നഗരസഭയിലെ സി പി എം കൗണ്‍സിലറായിരുന്ന ആര്‍ ഹരി കളംമാറി കോലാനി വാര്‍ഡില്‍ യു ഡി എഫ് പിന്തുണയുളള സ്വതന്ത്രനാണ്. അധ്യക്ഷസ്ഥാനം വനിതക്കായതിനാല്‍ കെ പി സി സി ജനറല്‍ സെക്രട്ടറി നിഷാ സോമനെ കോണ്‍ഗ്രസ്സ് നടുക്കണ്ടം വാര്‍ഡില്‍ കളത്തിലിറക്കിയിട്ടുണ്ട്. ഇത്തവണ 38 വാർഡുകളാണ് നഗരസഭയിലുള്ളത്.

കട്ടപ്പന നഗരസഭ
കട്ടപ്പന നഗരസഭയില്‍ 34ല്‍ 23 വാര്‍ഡുകളും നിലവില്‍ യു ഡി എഫിനൊപ്പമാണ്. കോണ്‍ഗ്രസ്സിന് ശക്തമായ ആധിപത്യമുളള ഇവിടെ മുന്‍ എം എല്‍ എ. ഇ എം അഗസ്തി ചെയര്‍മാന്‍ പദവി ലക്ഷ്യമിട്ട് ഇരുപതേക്കര്‍ വാര്‍ഡില്‍ ജനവിധി തേടുന്നത് അണികളില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. എങ്കിലും കട്ടപ്പന യു ഡി എഫിനെ കൈവിടാനിടയില്ല. ഇത്തവണ വാര്‍ഡ് ഒന്ന് കൂടി 35 ആയിട്ടുണ്ട്.
എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാല് വീതം ഇരുമുന്നണികളുമാണ് ഭരിക്കുന്നത്. 52 ഗ്രാമപഞ്ചായത്തുകളില്‍ 30 ഇടത്ത് എല്‍ ഡി എഫാണ് ഭരണത്തിൽ. 21 എണ്ണമാണ് യു ഡി എഫിനൊപ്പമുള്ളത്. കാഞ്ചിയാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം യു ഡി എഫിനാണ്. പട്ടികവര്‍ഗ സംവരണ സീറ്റില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് അംഗങ്ങളില്ലാത്തതിനാല്‍ പ്രസിഡന്റ്്സ്ഥാനം ബി ജെ പിക്ക് ലഭിച്ചു. ഇത്തവണ ഗ്രാമപഞ്ചായത്തില്‍ 834ഉം രണ്ട് മുനിസിപാലിറ്റികളിലായി 73ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 112ഉം വാര്‍ഡുകളുമാണുള്ളത്.

ചെറുകക്ഷികളും
ഇത്തവണ ശക്തി തെളിയിക്കാന്‍ ചെറുകക്ഷികളുമുണ്ട്. മണക്കാട് പഞ്ചായത്തിലെ 14ല്‍ 13 വാർഡിലും ട്വന്റി-20 കന്നിയങ്കത്തിനിറങ്ങിയിട്ടുണ്ട്. കരിമണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലടക്കം ആറ് തദ്ദേശ സ്ഥാപനങ്ങളിലായി 39 വാര്‍ഡുകളില്‍ ആം ആദ്മി രംഗത്തുണ്ട്. നിലവിൽ ഒരംഗമുള്ള കരിങ്കുന്നം പഞ്ചായത്തിലെ പത്ത് വാര്‍ഡിലും രണ്ട് ബ്ലോക്ക് ഡിവിഷനിലും ആം ആദ്മി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
തമിഴ് അതിര്‍ത്തി മേഖലയായ ദേവികുളം, പീരുമേട് നിയോജകമണ്ഡലങ്ങളില്‍ ഡി എം കെ അടക്കമുളള തമിഴ് പാര്‍ട്ടികളും ഒരു കൈനോക്കുന്നു. 2015ല്‍ എ ഐ എ ഡി എം കെക്ക് മറയൂര്‍, ദേവികുളം, പീരുമേട് ഗ്രാമപഞ്ചായത്തുകളില്‍ സീറ്റ് ലഭിച്ചിരുന്നു.

തുറുപ്പുചീട്ട്- പ്രതിരോധം
ക്ഷേമ പെന്‍ഷന്‍ വര്‍ധന, ഭൂപതിവ് ചട്ടഭേദഗതി, വ്യാപക പട്ടയ വിതരണം എന്നിവയാണ് എല്‍ ഡി എഫിന്റെ തുറുപ്പുചീട്ടുകള്‍. എന്നാല്‍, പട്ടയ ക്രമവത്കരണത്തിന് ഫീസ് ചുമത്തുന്നതും പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളും ഉയര്‍ത്തിക്കാട്ടി യു ഡി എഫ് പ്രതിരോധം തീര്‍ക്കുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലൊഴികെ മറ്റിടങ്ങളില്‍ പ്രാദേശിക വിഷയങ്ങളാകും ഗതി നിര്‍ണയിക്കുക.

---- facebook comment plugin here -----