Ongoing News
ബോട്ടുകളില്‍ കൂറ്റന്‍ പതാക; ഈസ്റ്റ് കോസ്റ്റിലെ ദേശീയ ദിനാഘോഷം വിസ്മയമായി
ഈസ്റ്റ് കോസ്റ്റിലുള്‍പ്പെട്ട ഫുജൈറ, ഖോര്‍ഫക്കാന്‍, ബിദ്‌യ, ദിബ്ബ, ദിബ്ബ അല്‍ ഹിസ്വന്‍ എന്നിവിടങ്ങളിലാണ് ഇത്തവണത്തെ ദേശീയ ദിനാഘോഷം വൈവിധ്യമായത്
ഫുജൈറ | 54-ാമത് അല്‍ ഇത്തിഹാദ് ദേശീയ ദിനാഘോഷം ഈസ്റ്റ് കോസ്റ്റില്‍ വൈവിധ്യങ്ങളായ പരിപാടികളോടെ നടന്നു. കടലില്‍ ബോട്ടുകളില്‍ കൂറ്റന്‍ പതാക കെട്ടിയ പ്രദര്‍ശനം വിസ്മയമായി.
ഈസ്റ്റ് കോസ്റ്റിലുള്‍പ്പെട്ട ഫുജൈറ, ഖോര്‍ഫക്കാന്‍, ബിദ്‌യ, ദിബ്ബ, ദിബ്ബ അല്‍ ഹിസ്വന്‍ എന്നിവിടങ്ങളിലാണ് ഇത്തവണത്തെ ദേശീയ ദിനാഘോഷം വൈവിധ്യമായത്. ഈസ്റ്റ് കോസ്റ്റിലെ വിവിധ ബീച്ചുകളിലെ മറൈന്‍ ഫിഷര്‍മെന്‍ അസോസിയേഷനുകള്‍ ചേര്‍ന്നാണ് ബോട്ടുകളില്‍ കൂറ്റന്‍ പതാക കെട്ടി ദേശീയ ദിനാഘോഷം ആകര്‍ഷകമാക്കിയത്. സ്വദേശികളോടൊപ്പം ബോട്ടുകളില്‍ 40 കി.മീറ്റര്‍ ദൂരം സഞ്ചരിച്ച് മലയാളികളടക്കമുള്ള വിദേശികളും ആവേശത്തോടെ ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു. ഈസ്റ്റ് കോസ്റ്റിലെ ദിബ്ബയിലുള്‍പ്പെട്ട അല്‍ അക്കാമിയ, ഷാര്‍ജ എമിറേറ്റിലെ ദിബ്ബ അല്‍ ഹിസ്വന്‍, ഖോര്‍ഫക്കാനിലെ മിനയിലും എല്ലാ വര്‍ഷവും ബോട്ടുകളില്‍ കൂറ്റന്‍ പതാക കെട്ടി പ്രദര്‍ശിപ്പിച്ച് ദേശീയ ദിനാഘോഷം ഉത്സവമാക്കാറുണ്ട്.
കടലില്‍ 20 ബോട്ടുകള്‍ അണിനിരത്തി അതിന്റെ ഒരു വശത്ത് ആയിരത്തോളം മീറ്റര്‍ നീളമുള്ള ഇമാറാത്തിന്റെ കൂറ്റന്‍ പതാക നീട്ടിക്കെട്ടിയാണ് അക്കാമിയയിലെ ഫിഷര്‍മെന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആഘോഷം ആകര്‍ഷകമാക്കിയത്. അക്കാമിയയില്‍ നിന്ന് 40 കി.മീറ്റര്‍ ദൂരമുള്ള ബിദ്‌യക്കടുത്തുള്ള അല്‍ ഫുഖൈത്ത് ബീച്ചിലേക്ക് നൂറുക്കണക്കിന് ബോട്ടുകളുടെ അകമ്പടിയോടെ സ്വദേശികള്‍ക്കൊപ്പം മലയാളികളടക്കമുള്ള വിദേശികളും യാത്ര ചെയ്ത് അവിടെ സംഗമിക്കുകയും ഇമാറാത്തിന്റെ കൂറ്റന്‍ പതാക നീട്ടിക്കെട്ടിയുമാണ് ദേശീയ ദിനം ആഘോഷിച്ചത്. ദേശീയ ഗാനം ആലപിച്ചും പരമ്പരാഗത അറേബ്യന്‍ നൃത്തങ്ങള്‍ പ്രദര്‍ശിപ്പിച്ചും കൊടി തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ചും ആവേശത്തോടെ എല്ലാവരും അല്‍ ഫുഖൈത്തിലെത്തിയാണ് ദേശീയ ദിനം ആകര്‍ഷകമാക്കിയത്.
ദിബ്ബ അല്‍ ഹിസ്വന്‍ മറൈന്‍ ഫിഷര്‍മെന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 30 ബോട്ടുകളില്‍ കൂറ്റന്‍ പതാക വലിച്ചുകെട്ടിയാണ് സ്വദേശികളും മലയാളികളുമടക്കമുള്ള വിദേശികളും ആവേശത്തോടെ ദേശീയ ദിനം ആഘോഷിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ വ്യത്യസ്ത ദിവസങ്ങളിലായി നടന്ന ആവേശകരമായ ദേശീയ ദിനാഘോഷം വീക്ഷിക്കാനായി ഈസ്റ്റ് കോസ്റ്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വദേശികളും വിദേശികളുമടക്കം നിരവധി ജനങ്ങളാണ് അല്‍ ഫുഖൈത്ത് കടല്‍ തീരത്ത് തടിച്ചുകൂടിയത്.ഈസ്റ്റ് കോസ്റ്റിലെ ഫുജൈറ, കല്‍ബ, ബിദ്‌യ, മസാഫി, സൂഖ് അല്‍ ജുമുഅ, ഖോര്‍ഫുക്കാന്‍, ദിബ്ബ, ദിബ്ബ അല്‍ ഹിസ്വന്‍ തുടങ്ങിയ നഗരങ്ങളിലെ കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭംഗിയിലും മനോഹാരിതയിലും കൊടി തോരണങ്ങള്‍, പ്ലാസ്റ്റിക് മാലകള്‍, കട്ടൗട്ടുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിച്ചും ദീപാലങ്കാരത്തില്‍ വര്‍ണ പ്രപഞ്ചം തീര്‍ത്തും സാംസ്‌കാരിക ഘോഷയാത്രകള്‍ സംഘടിപ്പിച്ചും ദേശീയ ദിനാഘോഷം ആകര്‍ഷകമാക്കിയിരുന്നു.
കൂടാതെ ഫുജൈറയിലും അല്‍ ഫുഖൈത്തിലും ബീച്ചുകളിലും ഖോര്‍ഫക്കാനിലും കരിമരുന്ന് പ്രയോഗം നടത്തിയത് ജനശ്രദ്ധയാകര്‍ഷിച്ച ഉത്സവമായി.54-ാമത് യു.എ.ഇ ഈദ് അല്‍ ഇത്തിഹാദ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഖോര്‍ഫക്കാനില്‍ മാരിടൈം പരേഡും സായാഹ്ന സംഗീത വിരുന്നും സംഘടിപ്പിച്ചു. ഈസ്റ്റ് കോസ്റ്റിലെ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികള്‍ അരങ്ങേറി. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം സന്ദര്‍ശകര്‍ ഒഴുകിയെത്തി. പരമ്പരാഗത പ്രകടനങ്ങള്‍, പൈതൃക പ്രദര്‍ശനങ്ങള്‍, വര്‍ണാഭമായ പരേഡ് എന്നിവക്ക് മലയാളികളടക്കമുള്ള പ്രേക്ഷകര്‍ കാഴ്ചക്കാരായി.
രാഷ്ട്രം നേടുന്ന ഓരോ നേട്ടവും സ്ഥാപക പിതാക്കന്‍മാര്‍ സ്‌നേഹത്തില്‍ ഹൃദയങ്ങളെയും നിര്‍മ്മാണത്തില്‍ കൈകളെയും സര്‍ഗ്ഗാത്മകതയില്‍ മനസ്സുകളെയും ഒന്നിപ്പിച്ച ഒരു രാഷ്ട്രത്തിന്റെ ജനനം പ്രഖ്യാപിച്ച ആ ചരിത്ര നിമിഷത്തിന്റെ ഒരു വിപുലീകരണമാണ് ഇപ്പോള്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നതെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി പറഞ്ഞു.






