Connect with us

Articles

സുപ്രീം കോടതിയുടെ ഭാവി?

നിലവിലുള്ള ഇന്ത്യന്‍ അവസ്ഥയില്‍ കേവലം ഒരു ചീഫ് ജസ്റ്റിസിന്റെ റിട്ടയര്‍മെന്റും പുതിയ ആളുടെ സ്ഥാനാരോഹണവും അത്ര വലിയ വിഷയമല്ല. കാര്യമായ മാറ്റങ്ങളൊന്നും നീതിന്യായ സംവിധാനത്തില്‍ ഉണ്ടാകുമെന്ന് കരുതാനും കഴിയില്ല. എങ്കിലും ജസ്റ്റിസ് ഗവായി ചീഫായുള്ള കുറച്ച് കാലത്തും (കേവലം ആറ് മാസം) അതിനു മുമ്പും ഉണ്ടായ വിധികളെ കുറിച്ച് ചില ചിന്തകള്‍ ആവശ്യമാണ് എന്ന് പറയേണ്ടി വരും.

Published

|

Last Updated

ഭൂഷണ്‍ രാമകൃഷ്ണ ഗവായ് എന്ന ചീഫ് ജസ്റ്റിസ് നവംബര്‍ 23ന് സ്ഥാനമൊഴിയുകയും സൂര്യകാന്ത് എന്ന ജസ്റ്റിസ് ഇന്ത്യയുടെ 53ാമത് ചീഫ് ജസ്റ്റിസായി പിറ്റേന്ന് സ്ഥാനമേല്‍ക്കുകയും ചെയ്തിരിക്കുകയാണല്ലോ. നിലവിലുള്ള ഇന്ത്യന്‍ അവസ്ഥയില്‍ കേവലം ഒരു ചീഫ് ജസ്റ്റിസിന്റെ റിട്ടയര്‍മെന്റും പുതിയ ആളുടെ സ്ഥാനാരോഹണവും അത്ര വലിയ വിഷയമല്ല. കാര്യമായ മാറ്റങ്ങളൊന്നും നീതിന്യായ സംവിധാനത്തില്‍ ഉണ്ടാകുമെന്ന് കരുതാനും കഴിയില്ല. എങ്കിലും ജസ്റ്റിസ് ഗവായി ചീഫായുള്ള കുറച്ച് കാലത്തും (കേവലം ആറ് മാസം) അതിനു മുമ്പും ഉണ്ടായ വിധികളെ കുറിച്ച് ചില ചിന്തകള്‍ ആവശ്യമാണ് എന്ന് പറയേണ്ടി വരും.

ഇതുവരെ ഉണ്ടായിരുന്ന 52 ചീഫുകളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ടാമനാണ് ഗവായ്. ആദ്യ ജഡ്ജി നമ്മുടെ നാട്ടുകാരനായ കെ ജി ബാലകൃഷ്ണന്‍ ആയിരുന്നല്ലോ. ഗവായ് പട്ടികജാതിയില്‍പ്പെട്ട ആളെന്ന് മാത്രമല്ല ബുദ്ധ മതാനുയായിയും ആണ്. അത്തരത്തിലുള്ള ആദ്യയാള്‍. 1960ല്‍ ജനിച്ച അദ്ദേഹം ബോംബെ ഹൈക്കോടതി ജഡ്ജിയായും ദേശീയ നിയമ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചാന്‍സലര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശക്തമായ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനങ്ങളുണ്ടായിരുന്ന ഒരു കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ആര്‍ എസ് ഗവായ് മുന്‍ എം പിയും ഗവര്‍ണറുമായിരുന്നു. കേരളത്തിലും അദ്ദേഹം ഗവര്‍ണര്‍ പദവിയില്‍ ഇരുന്നിട്ടുണ്ട്.

ബാരിസ്റ്റര്‍ രാജ ബോണ്‍സ്ലെയുടെ കീഴില്‍ നാഗ്പൂരിലാണ് അദ്ദേഹം പ്രാക്ടീസ് ആരംഭിച്ചത്. പിന്നീട് ബോംബെ ഹൈക്കോടതി ജഡ്ജി ആക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജഡ്ജി എന്ന നിലയിലുള്ള ജീവിതം ഓര്‍ക്കാന്‍ കഴിയും വിധത്തില്‍ നിരവധി നിര്‍ണായക വിധികളും ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. കോടതിയുടെ തന്നെ പ്രവര്‍ത്തന രീതികള്‍, ചീഫ് ജസ്റ്റിസിന്റെ ഭരണാധികാരങ്ങള്‍ തുടങ്ങി ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം വരെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ ഏറെ സംവാദങ്ങള്‍ക്കിട നല്‍കി. അദ്ദേഹത്തിന്റെ പല വിധിന്യായങ്ങളും ജനപക്ഷത്ത് നിന്നായിരുന്നു എന്ന് പറയുമ്പോഴും നമുക്ക് വിയോജിക്കേണ്ടി വരുന്ന ചില സുപ്രധാന വിധികളും ആ പേനയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ചില വിധികളെ നമുക്ക് പരിശോധിക്കാം. അവയില്‍ ഗഹനമായ ഭരണഘടനാ പ്രശ്നങ്ങളും ക്രിമിനല്‍ നിയമ പ്രശ്നങ്ങളും ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉള്‍പ്പെടുന്നുണ്ട്.

ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട അദ്ദേഹത്തിന്റെ ഒരു വിധി കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ചുള്ള ഭരണഘടനയുടെ 370 അനുഛേദം റദ്ദാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസിലാണ്. ആ വിധി പറഞ്ഞ ബഞ്ചില്‍ ഗവായിയും അംഗമായിരുന്നു. ഐക്യകണ്‌ഠേനെയാണ് റദ്ദാക്കലിനെ ഭരണഘടനാനുസൃതമെന്ന് അംഗീകരിച്ചത്. എന്നാല്‍ കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണം എന്നും സെപ്തംബറിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നും ആ വിധിയില്‍ പറഞ്ഞിരുന്നു.

ഗവായ് ഏറ്റവുമധികം പ്രശംസിക്കപ്പെട്ട ഒന്നായിരുന്നു ഇലക്ടറല്‍ ബോണ്ടുകള്‍ നിയമവിരുദ്ധമാണെന്ന വിധി. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ഐക്യകണ്‌ഠ്യേനെയാണ് ഈ വിധിയും പ്രസ്താവിച്ചത്. അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ് നല്‍കിയ കേസിലായിരുന്നു ഭരണഘടനയുടെ 19(1)എ അനുസരിച്ചുള്ള അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഈ ബോണ്ട് എന്ന വിധി. പ്രധാനമന്ത്രിയെ ഏറെ ചൊടിപ്പിച്ച വിധിയായിരുന്നു ഇത്.

ഒരുപക്ഷേ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ കരുത്തുള്ള ഒന്നായിരുന്നു ബുള്‍ഡോസര്‍ രാജിനെതിരായ വിധി. ഒരു കേസില്‍ പ്രതികളായവരുടെ വീടുകള്‍ അധികൃതര്‍ യാതൊരു മുന്നറിയിപ്പുകളുമില്ലാതെ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തിയതിനെതിരെ ഇരകള്‍ നല്‍കിയ കേസിലാണ് നിര്‍ണായകമായ ഈ വിധി. നിയമവാഴ്ചയുടെയും അധികാരങ്ങള്‍ വേര്‍തിരിക്കുന്ന ഭരണഘടനാ തത്ത്വങ്ങളുടെയും ലംഘനമാണ് ഈ നടപടിയെന്ന വിധി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ ഒന്നാണ്.

പട്ടികജാതിക്കാര്‍ക്കിടയിലെ വിവിധ ജാതികള്‍ക്ക് പ്രത്യേക സംവരണം നല്‍കുന്നത് ശരിവെച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ച ഏഴംഗ ഭരണഘടനാ ബഞ്ചിലും ഗവായ് ഉണ്ടായിരുന്നു. സ്വയം ആ വിഭാഗത്തില്‍ പെട്ടയാള്‍ എന്നതിനാല്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. ഇത്തരത്തിലുള്ള സംവരണ തത്ത്വങ്ങള്‍ കൂടുതല്‍ സമത്വപൂര്‍ണമായതും നീതിപൂര്‍വകമായതുമാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ആ വിധിക്കെതിരായും അനുകൂലമായും നിരവധി സംവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ചില ജാതിയില്‍ പെട്ടവര്‍ കൂടുതല്‍ അവകാശങ്ങള്‍ നേടി ക്രീമിലെയര്‍ ആകുന്നു എന്നതിനാല്‍ തുല്യത ഉറപ്പാക്കാന്‍ ഈ നടപടി ഗുണകരമാകുമെന്ന് പഞ്ചാബ് സംസ്ഥാനവും ദേവീന്ദര്‍ സിംഗും തമ്മിലുള്ള ഈ കേസില്‍ അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തി.

രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി പ്രസ്താവിച്ച ബഞ്ചിലും അദ്ദേഹം അംഗമായിരുന്നു. സംഘ്പരിവാറുകാര്‍ നല്‍കിയ കേസിലെ ഈ വിധി നടപ്പാക്കിയാല്‍ പാര്‍ലിമെന്റ് അംഗത്വം നഷ്ടമാകുന്നതടക്കമുള്ള ഒട്ടനവധി ഗുരുതരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാകുമെന്നതിനാലാണ് ആ സ്റ്റേ നല്‍കുന്നതെന്നും കോടതി പറഞ്ഞു. ജനാധിപത്യപക്ഷത്ത് നിന്ന് അദ്ദേഹം ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങിയത് ഏറ്റവുമൊടുവില്‍ രാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരുടെ അധികാരങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിധിയിലാണ്. രാഷ്ട്രപതിയുടെ ഒരു റഫറന്‍സിനുള്ള മറുപടി എന്ന രീതിയിലാണ് ഈ കേസ് വന്നത്. സംസ്ഥാന നിയമസഭകള്‍ പാസ്സാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ദീര്‍ഘകാലം ഗവര്‍ണര്‍മാരും രാഷ്ട്രപതിയും തടഞ്ഞുവെക്കുന്നതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഒരു കേസില്‍ അവര്‍ക്ക് ചില സമയപരിധികള്‍ നിശ്ചയിച്ച് കൊണ്ട് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് നല്‍കിയ ഒരു വിധിക്കെതിരെ ആയിരുന്നു രാഷ്ട്രപതിയുടെ റഫറന്‍സ്. ആ സമയത്തിനുള്ളില്‍ അവര്‍ ഒപ്പിടാതിരുന്നാല്‍ അത് ഡീംഡ് അഥവാ സ്വമേധയാ നിയമമാകും എന്നുള്ള മുന്‍ കോടതി വിധിയാണ് ഇതിലൂടെ റദ്ദാക്കപ്പെട്ടത്. ഭരണഘടനയുടെ 200, 201 അനുഛേദങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ടാണ് ഈ വിധി. എന്നാല്‍ വളരെ കൂടുതല്‍ കാലതാമസം വരികയും അതില്‍ ഭരണപ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്താല്‍ കോടതികള്‍ക്ക് ഇടപെടാമെന്നും വിധിയില്‍ ഒരു ആശ്വാസമായി പറയുന്നുണ്ട്.

പദ്ധതികള്‍ക്ക് മുന്‍കൂര്‍ പാരിസ്ഥിതികാനുമതി വേണം എന്ന മുന്‍കാല വിധിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയതും ഇദ്ദേഹം ചീഫ് ആയിരുന്ന കാലത്താണ് എന്നതും മറന്നു കൂടാ. ഒരുപക്ഷേ, ഏറ്റവും മാധ്യമശ്രദ്ധ നേടിയത് ഒരു കേസിനിടക്ക് ഇദ്ദേഹം നടത്തിയ പരാമര്‍ശമായിരുന്നു. മധ്യപ്രദേശിലെ ജാവറി വിഷ്ണു ക്ഷേത്രത്തിലെ ഏഴടി ഉയരമുള്ള പ്രതിമയുടെ തല വെട്ടിമാറ്റിയെന്നും അത് പുനഃസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സമര്‍പ്പിച്ച വ്യക്തിയോട്, സെപ്തംബര്‍ 16ന് തുറന്ന കോടതയില്‍ ചോദിച്ച ‘അത് ശരിയാക്കാന്‍ താങ്കള്‍ക്ക് നേരിട്ട് ദൈവത്തോട് തന്നെ പ്രാര്‍ഥിച്ചു കൂടെ’ എന്നര്‍ഥം വരുന്നതായിരുന്നു ആ പരാമര്‍ശം. ഇതിനെതിരെ രാജ്യവ്യാപകമായി സംഘ്പരിവാര്‍ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ‘100 കോടി ഹിന്ദുക്കളുടെ കൂടി ചീഫ് ജസ്റ്റിസല്ലേ ഗവായ്’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. അദ്ദേഹം ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും ചിലര്‍ വാദിച്ചു. അദ്ദേഹത്തിന്റെ ജാതിയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വിമര്‍ശങ്ങളും ഉയര്‍ന്നുവന്നു. ജാതി സംവരണത്തിന്റെ പ്രശ്നമാണിതെന്നു വരെ ബ്രാഹ്മണ വാദികള്‍ ആവര്‍ത്തിച്ചു. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന നവബുദ്ധിസ്റ്റും അംബേദ്കറൈറ്റുമായ ഇദ്ദേഹത്തെ ഈംപീച്ച് ചെയ്യണം എന്ന് വരെയുള്ള ആവശ്യം ഉയര്‍ന്നുവന്നു. ഇത്തരം ആക്ഷേപങ്ങള്‍ നിരന്തരം ഉയര്‍ന്നു വന്നപ്പോള്‍ രണ്ട് ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ വിശദീകരണക്കുറിപ്പ് പുറത്തുവന്നു. താന്‍ എല്ലാ മതവിശ്വാസങ്ങളെയും അങ്ങേയറ്റം ബഹുമാനിക്കുന്നു എന്നും ഇപ്പോള്‍ തന്റെ ചില വാചകങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നതെന്നും ആ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ചീഫ് സ്ഥാനത്തിരുന്നപ്പോള്‍ ഉണ്ടായത് പോലെ ചില നിര്‍ണായക അഭിപ്രായ പ്രകടനങ്ങളാണ് സേവനം അവസാനിച്ച ശേഷം അദ്ദേഹം നല്‍കിയ അഭിമുഖങ്ങളിലൂടെ നടത്തിയിരിക്കുന്നത് എന്ന് കാണാം. ഒട്ടനവധി ചാനലുകളിലും പത്രങ്ങളിലും അദ്ദേഹവുമായുള്ള അഭിമുഖങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം, താന്‍ ഗവര്‍ണര്‍, രാജ്യസഭാ എം പി തുടങ്ങിയ ഒരു പദവിയും സ്വീകരിക്കുകയില്ല എന്നതാണ്. കുറച്ച് കാലമായി ആ സ്ഥാനത്ത് നിന്ന് വിരമിച്ച പലരും ഗവര്‍ണര്‍ ആയും എം പി ആയും പലവിധ ട്രൈബ്യൂണല്‍, കമ്മീഷന്‍ അധ്യക്ഷനായും ഒക്കെ പോയത് നമ്മള്‍ കണ്ടതാണ്. ഭരണ കക്ഷിക്കാര്‍ക്കു വേണ്ടി ചെയ്ത സേവനങ്ങള്‍ക്കാണ് ഇത്തരം സ്ഥാനങ്ങള്‍ ലഭിക്കുന്നത്.

ഒരു ജഡ്ജിയുടെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയ സംഭവം നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്നതാണ് എന്നും കോടതി തന്നെ ഇക്കാര്യം അന്വേഷിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോടതികളില്‍ കെട്ടിക്കിടക്കുന്ന ഒരു ലക്ഷത്തില്‍ താഴെയുള്ള കേസുകള്‍ നീതിനിഷേധമാണ്. കൂടുതല്‍ ജഡ്ജിമാരെ നിയമിക്കാതെ ഇതിന് പരിഹാരമാകില്ല. അത് ചെയ്യേണ്ടത് സര്‍ക്കാറും പാര്‍ലിമെന്റുമാണ് എന്നും താന്‍ അതിനായി ഏറെ ശ്രമിച്ചു എന്നും ഗവായ് പറയുന്നു. സ്ഥാനം ഒഴിഞ്ഞ അന്ന് തന്നെ തന്റെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു.

അടുത്ത ചീഫായി അധികാരമേറ്റിട്ടുള്ള സൂര്യകാന്തിനെ പറ്റി ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നറിയാം. പക്ഷേ, ചില സൂചനകള്‍ അദ്ദേഹം തന്നെ നല്‍കിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കോടതികളില്‍ കെട്ടിക്കിടക്കുന്ന 90,000ത്തില്‍ പരം കേസുകള്‍ എന്നത് തന്നെയാണ് അദ്ദേഹം ആദ്യം അഭിപ്രായം പറഞ്ഞ വിഷയം. താഴെ കോടതികളില്‍ അടക്കം കാര്യങ്ങള്‍ കൂടുതല്‍ അടുക്കും ചിട്ടയുമുള്ളതാക്കാന്‍ ശ്രമിക്കും. അതിവേഗ കോടതികളിലൂടെ ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്നവ തീര്‍പ്പാക്കും. തന്റെ നേതൃത്വം ‘കര്‍ഷകന്റെ ക്ഷമയും കവിയുടെ സഹാനുഭൂതിയും ഉള്ളതായിരിക്കും’ എന്നാണ് പറഞ്ഞത്. കേസുകളുടെ എണ്ണം മാത്രമല്ല സങ്കീര്‍ണമായ ഭരണഘടനാ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ഏറെ സാമൂഹിക പ്രാധാന്യമുള്ളതുമായ നിരവധി കേസുകള്‍ അദ്ദേഹത്തിന് മുന്നിലെത്തും. 14 മാസം അദ്ദേഹം ആ പദവിയിലുണ്ടാകും. ഒരു സമഗ്ര പരിഷ്‌കരണമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

അദ്ദേഹത്തിന്റെ മുന്നില്‍ വരാന്‍ പോകുന്ന ഒരു പ്രധാന വിഷയം എസ് ഐ ആര്‍ സംബന്ധിച്ച് കേരളം നല്‍കിയിരിക്കുന്ന ഹരജിയാണ്. നവംബര്‍ 21ന് ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. തത്കാലം സ്റ്റേ അനുവദിച്ചിട്ടില്ലെങ്കിലും പരിമിതമായെങ്കിലും സമയപരിധി നീട്ടാന്‍ കമ്മീഷന്‍ തീരുമാനിച്ചത് കോടതിയുടെ ഇടപെടല്‍ ഉള്ളതിനാല്‍ മാത്രമാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന അധിക്ഷേപങ്ങള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയാകെ ഒരു വിഷയമായി ഉയര്‍ന്നിട്ടുണ്ടല്ലോ. ഇത് സംബന്ധിച്ച നിര്‍ണായകമായ കേസ് സുപ്രീം കോടതിയുടെ മുന്നിലുണ്ട്. കോമഡി പരിപാടികള്‍ അവതരിപ്പിക്കുന്ന സമയ് റെയ്ന എന്നയാളുടെ തമാശകള്‍ അംഗവൈകല്യമുള്ളവരെ പരിഹസിക്കുന്നതാണെന്നാണ് കേസ്. മറ്റു ചില യൂട്യൂബര്‍മാരുടെ കേസുകളും കൂടെയുണ്ട്. കേസുകള്‍ സമയബന്ധിതമായി തീര്‍ക്കാത്ത വിഷയത്തിലുള്ള കേസും ഇദ്ദേഹത്തിന് മുന്നില്‍ വരുന്നുണ്ട്. മ്യാന്മറില്‍ കടുത്ത പീഡനങ്ങള്‍ നേരിട്ട റോഹിംഗ്യന്‍ മുസ്ലിംകളുടെ അവസ്ഥ എന്താകും എന്ന കേസും പ്രധാനമായ ഒന്നാണ്.

ഇതിലെല്ലാം അദ്ദേഹം എടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമാണ്. ഇതിനിടയില്‍ കോടതിക്ക് പുറത്ത് അദ്ദേഹം പറഞ്ഞ ഒരു അഭിപ്രായവും വിമര്‍ശങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കോടതി വിധികള്‍ ഭാരതീയമായിരിക്കണം എന്നതാണ് ആ പരാമര്‍ശം. തീരുമാനങ്ങള്‍ ഭരണഘടനാ വിധേയമായിരിക്കണം എന്നല്ലേ അദ്ദേഹം പറയേണ്ടത്. ഇന്നത്തെ ദേശീയ സാഹചര്യത്തില്‍ ഏറെ സംശയങ്ങള്‍ ഉയര്‍ത്തിയേക്കാവുന്ന പ്രസ്താവനയാണിത്. എന്തായാലും അതിന്റെ ശരിയായ അര്‍ഥം വരുംകാല വിധികളില്‍ കൂടി വ്യക്തമാകും.

 

Latest