National
ഉമീദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍; സമയം നീട്ടിനല്‍കാമെന്ന് ഇന്ത്യാ മുന്നണി എം പിമാര്‍ക്ക് ഉറപ്പുനല്‍കി കേന്ദ്രമന്ത്രി
രാജ്യത്തെ 8.72 ലക്ഷം വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍, അനുവദിച്ചിരിക്കുന്ന അവസാന തീയതിയായ ഡിസംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുക അപ്രായോഗികമാണെന്ന് എം പിമാര്‍ മന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തി.
ന്യൂഡല്‍ഹി | വഖ്ഫ് സ്വത്തുവകകള്‍ ഉമീത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കേ ഇന്ത്യാ മുന്നണിയിലെ എം പിമാര്‍ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവിനെ കണ്ടു. പോര്‍ട്ടലിന് നിരവധി സാങ്കേതിക തടസ്സങ്ങളുള്ള സാഹചര്യത്തില്‍ രാജ്യത്തെ 8.72 ലക്ഷം വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍, അനുവദിച്ചിരിക്കുന്ന അവസാന തീയതിയായ ഡിസംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുക അപ്രായോഗികമാണെന്ന് എം പിമാര്‍ മന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തി.
കൂടിക്കാഴ്ചയ്ക്കു ശേഷം പോര്‍ട്ടലില്‍ വഖ്ഫ് വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാലാവധി നീട്ടി നല്‍കുമെന്ന് കേന്ദ്ര മന്ത്രി വാക്കാല്‍ ഉറപ്പു നല്‍കിയതായി എം പിമാര്‍ അറിയിച്ചു.
മുസ്‌ലിം ലീഗ് എം പിമാര്‍ക്കു പുറമെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, സമാജ്‌വാദി പാര്‍ട്ടി, ഡി എം കെ, ജെ എം എം, എന്‍ സി പി, ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്സ്, ശിവസേന (യു ബി ടി) എന്നീ പാര്‍ട്ടികളുടെ പാര്‍ലിമെന്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തില്‍ നിന്നും മുസ്‌ലിം ലീഗ് അംഗങ്ങളായ ഇ ടി മുഹമ്മദ് ബഷീര്‍, അഡ്വ. ഹാരിസ് ബീരാന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ജെബി മേത്തര്‍ പങ്കെടുത്തു.


