National
ഇൻഡിഗോ വിമാന സർവീസുകൾ മൂന്നാം ദിനവും തടസ്സപ്പെട്ടു; അന്വേഷണം തുടങ്ങി ഡി ജി സി എ; വിമാനത്താവളങ്ങളിൽ ജീവനക്കാർ അപര്യാപ്തം
ഇന്ന് റദ്ദാക്കിയത് 300 സർവീസുകൾ; യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ, ക്രൂ വിന്യാസം, വിമാനങ്ങൾ വൈകുമ്പോഴുള്ള ഓൺ-ഗ്രൗണ്ട് ഏകോപനം എന്നിവ വിലയിരുത്തുന്നതിനായി പ്രധാന വിമാനത്താവളങ്ങളിൽ തത്സമയ ഫീൽഡ് പരിശോധനകൾ നടത്താൻ ഡി ജി സി എ. പ്രാദേശിക ഓഫീസുകൾക്ക് നിർദേശം നൽകി.
ന്യൂഡൽഹി | പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച പുതിയ നിയമങ്ങൾ കാരണം ജീവനക്കാരുടെ കുറവുണ്ടായതിനെ തുടർന്ന് ഇൻഡിഗോ വിമാന സർവീസുകൾ തുടർച്ചയായ മൂന്നാം ദിവസവും രാജ്യവ്യാപകമായി തടസ്സപ്പെട്ടു. മുന്നൂറോളം സർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ ബെംഗളൂരു, മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള കൊച്ചി സർവീസുകളും ഉൾപ്പെടുന്നു.
ഡൽഹി, കൊൽക്കത്ത, മുംബൈ, ബെംഗളൂരു അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകളാണ് റദ്ദാക്കുകയോ, മണിക്കൂറുകൾ വൈകുകയോ ചെയ്തത്. ഇതോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ കടുത്ത ബുദ്ധിമുട്ടിലായി. ഇൻഡിഗോയുടെ ഈ പ്രവർത്തന തടസ്സങ്ങളിൽ വ്യോമയാന മന്ത്രാലയം ഇടപെടുകയും, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡി ജി സി എ) ഇൻഡിഗോ അധികൃതരെ വിളിച്ചുവരുത്തി റിപ്പോർട്ട് തേടുകയും ചെയ്തു.
കൂടാതെ, യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ, ക്രൂ വിന്യാസം, വിമാനങ്ങൾ വൈകുമ്പോഴുള്ള ഓൺ-ഗ്രൗണ്ട് ഏകോപനം എന്നിവ വിലയിരുത്തുന്നതിനായി പ്രധാന വിമാനത്താവളങ്ങളിൽ തത്സമയ ഫീൽഡ് പരിശോധനകൾ നടത്താനും ഡി ജി സി എ. പ്രാദേശിക ഓഫീസുകൾക്ക് നിർദേശം നൽകി. ഏറ്റവും കൂടുതൽ യാത്രക്കാരെ ബാധിച്ച ഡൽഹി എയർപോർട്ട് ടെർമിനൽ 1-ൽ ഡി ജി സി എ. സംഘം നേരിട്ട് നടത്തിയ പരിശോധനയിൽ, തടസ്സം മൂലം ആളുകൾ കൂടുന്നത് കൈകാര്യം ചെയ്യാൻ ആവശ്യമായ യാത്രാ സഹായ ജീവനക്കാർ വിമാനത്താവളത്തിൽ ഇല്ലെന്ന് കണ്ടെത്തുകയുണ്ടായി. ഇതേത്തുടർന്ന്, ബാധിക്കപ്പെട്ട എല്ലാ ടെർമിനലുകളിലും ഉടൻ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനും, യാത്രക്കാർക്കുള്ള പിന്തുണ സേവനങ്ങൾ ശക്തിപ്പെടുത്താനും ഇൻഡിഗോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസവും 1,232 സർവീസുകളാണ് ജീവനക്കാരുടെ കുറവടക്കമുള്ള കാരണങ്ങളാൽ ഇൻഡിഗോ റദ്ദാക്കിയിരുന്നത്. വിമാനങ്ങൾ റദ്ദാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് ഓഹരി 3.40 ശതമാനം ഇടിഞ്ഞു. ചെക് ഇൻ സംവിധാനത്തിലെ തകരാർ, കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാൽ കഴിഞ്ഞ ദിവസങ്ങളിൽ എയർ ഇന്ത്യ വിമാനങ്ങൾ ഉൾപ്പെടെ മറ്റ് ചില സർവീസുകളും റദ്ദാക്കപ്പെട്ടിരുന്നു.



