Kerala
രാഹുല്‍ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ഇല്ലെന്ന് പോലീസ്
രാഹുൽ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം | ബലാത്സംഗ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍എയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായുള്ള റിപ്പോർട്ടുകൾ തള്ളി പോലീസ്. രാഹുലിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. രാഹുലിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തുവെന്നും ഉടൻ കാസർഗോഡ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതനുസരിച്ച് ഹോസ്ദുർഗ് കോടതിക്ക് മുന്നിൽ ഡി വൈ എഫ് എൈ പ്രവർത്തകർ അടക്കം തടിച്ചുകൂടുകയും ചെയ്തിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോണ്ട അമേസ് കാറാണ് കസ്റ്റഡിയിൽ എടുത്തത്. പാലക്കാട് നിന്നാണ് കാർ കണ്ടെത്തിയത്.
തിരുവനന്തപുരം പ്രിന്‍സിപിള്‍ സെഷന്‍സ് കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തള്ളിയിരുന്നു. ഇതിനു പിന്നാലെ രാഹുൽ ഹോസ്ദുർഗ് കോടതിയിൽ സ്വയം കീഴടങ്ങുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ രാത്രി ഏഴരയോടെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് മടങ്ങി. പിന്നാലെ കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ രാഹുല്‍ കീഴടങ്ങിയെക്കുമെന്നുള്ള അഭ്യൂഹത്തിന് വിരാമമായി.
ഇന്നലെ അടച്ചിട്ട കോടതിമുറിയില്‍ ഒന്നര മണിക്കൂര്‍ നേരത്തെ വാദം പൂര്‍ത്തിയായിരുന്നു. ഒരു രേഖ കൂടി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവ് പരിശോധിച്ചാണ് വാദം പൂര്‍ത്തിയാക്കിയത്. രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ ആശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം കേസിനെ എതിര്‍ത്താണ് പ്രതിഭാഗം വാദിച്ചത്.



