Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ ചാപ്റ്റര്‍ ക്ലോസ് ചെയ്തു, രാഹുലിനുവേണ്ടി പാര്‍ട്ടിയില്‍ ഇനി ആരും വാദിക്കരുത്; കെ മുരളീധരന്‍
രാഹുലിന്റെ ഒരു തിരുത്തലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആവശ്യമില്ല. രാഹുലിനെ പാര്‍ട്ടിക്ക് ആവശ്യമില്ല. ഒളിച്ചിരിക്കുന്നവരെ പുറത്ത് കൊണ്ട് വരേണ്ടത് കേരള പോലീസാണ്.
തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയെയും പുറത്താക്കിയ കെപിസിസി നടപടിയേയും സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രണ്ടു തീരുമാനങ്ങളും പൊതുസമൂഹത്തിന് സന്തോഷം നല്‍കുന്നതാണ്. രാഹുലിനുവേണ്ടി പാര്‍ട്ടിയില്‍ ഇനി ആരും വാദിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. ധാര്‍മികതയുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം. ധാര്‍മികതയുള്ള പ്രവര്‍ത്തിയല്ലല്ലോ രാഹുല്‍ ഇത്രയും നാള്‍ ചെയ്തുകൊണ്ടിരുന്നത്. പൊതുരംഗത്ത് പുലര്‍ത്തേണ്ട മാന്യത അയാള്‍ പുലര്‍ത്തിയില്ല. രാഹുല്‍ എന്ന ചാപ്റ്റര്‍ ക്ലോസ് ചെയ്ത് കഴിഞ്ഞുവെന്നും കെ മുരളീധരന്‍ പറഞ്ഞു.
രാഹുലിന്റെ ഒരു തിരുത്തലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആവശ്യമില്ല. രാഹുലിനെ പാര്‍ട്ടിക്ക് ആവശ്യമില്ല. ഒളിച്ചിരിക്കുന്നവരെ പുറത്ത് കൊണ്ട് വരേണ്ടത് കേരള പോലീസാണ്. സൈബര്‍ ആക്രമങ്ങളെ ഭയപ്പെടുന്നില്ലെന്നും കൂലി തല്ലുകാരെ ആരു പേടിക്കാനാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാനുള്ള പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് അടൂര്‍ പ്രകാശും പ്രതികരിച്ചു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നത് രാഹുല്‍ സ്വയം തീരുമാനിച്ചാല്‍ നല്ലതാണെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോള്‍ തന്നെ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. അത് ഇന്ന് പ്രഖ്യാപിച്ചുവെന്നു മാത്രമേയുള്ളുവെന്ന് വിഡി സതീശന്‍ പ്രതികരിച്ചു. ആദ്യം രാഹുലിനെതിരെ പരാതി വന്നപ്പോള്‍ തന്നെ ഏകകണ്ഠമായി രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നേതാക്കളെല്ലാം തീരുമാനിച്ചിരുന്നു.
രണ്ടാമത്തെ പരാതി കൂടി വന്നതോടെ ഇന്നലെ തന്നെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നേതൃത്വം കൂടിയാലോചിച്ച് ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്നലെയാണോ ഇന്നാണോ എന്നതില്‍ പ്രസക്തിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇത്തരമൊരു തീരുമാനം കൂട്ടായാണ് എടുത്തതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഇനി രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതും വെക്കാതിരിക്കുന്നതുമൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്ത് തീരുമാനമെടുത്താലും കുഴപ്പമില്ല. ഇനി പാര്‍ട്ടിക്ക് യാതൊരു ബാധ്യതയുമില്ല. ഇനി ഒന്ന് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കഴിഞ്ഞതിനാല്‍ രാജിയുടെ കാര്യത്തില്‍ എന്തു തീരുമാനം വേണമെങ്കിലും എടുത്തോട്ടെയെന്നും വിഡി സതീശന്‍ വ്യക്തമാക്കി.




