Aksharam Education
വോട്ടിന് ഇലക്ട്രോണിക് മെഷീൻ
ഇന്ത്യയിൽ ആദ്യമായി ഇ വി എം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്നത് കേരളത്തിലാണ്
ഇന്നത്തെ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനായി കാണുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ(ഇ വി എം) രംഗപ്രവേശം ചെയ്തിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ഇന്ത്യയിൽ ആദ്യമായി ഇ വി എം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്നത് കേരളത്തിലാണ്. 1982 മേയ് 19നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയ ആ ദിവസം. പറവൂർ നിയോജക മണ്ഡലത്തിലെ 52 പോളിംഗ് ബൂത്തുകളിലാണ് ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു തിരഞ്ഞെടുപ്പ് നടന്നത്.
1977 മുതൽ 1982 വരെയുള്ള കാലഘട്ടം കേരളത്തിൽ അസ്ഥിരമായ സർക്കാറുകളുടെ കൂടി കാലമായിരുന്നുവെന്ന് നേരത്തേ വിശദീകരിച്ചിരുന്നുവല്ലോ. ഇതിനൊക്കെ ശേഷം വന്ന 1982 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുന്നത്. അന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ സംശയം പ്രകടിപ്പിച്ച് കോടതിയെ സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനായിരുന്നു സുപ്രീം കോടതിയുടെ വിധി.
തുടക്കത്തിൽ യന്ത്രത്തിൽ തൊട്ടാൽ ഷോക്ക് അടിക്കുമോ, തങ്ങൾ ഉദ്ദേശിക്കുന്ന സ്ഥാനാർഥിക്ക് തന്നെ വോട്ട് വീഴുമോ തുടങ്ങിയ ആശങ്കകൾ വ്യാപകമായി ഉയർന്നിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം കോടതി കയറി. തുടർന്ന് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് പോളിംഗ് നടത്തിയ 52 ബൂത്തുകളിലും ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീം കോടതി നിർദേശിച്ചു. ഇങ്ങനെ റീ പോളിംഗിന് ശേഷം ഫലം വന്നപ്പോൾ ആദ്യം വിജയിച്ച സ്ഥാനാർഥി പരാജയപ്പെടുകയും തോറ്റ സ്ഥാനാർഥി വിജയിക്കുകയും ചെയ്തു. ചുരുക്കത്തിൽ വോട്ടിംഗ് മെഷീൻ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ വിവാദങ്ങളും കൂടെ ഉണ്ടായിരുന്നു. എന്നിരുന്നാലും ഘട്ടംഘട്ടമായി ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് മെഷീൻ ഉപയോഗിക്കാൻ തുടങ്ങി.
വി വി പി എ ടി
വിവിധ പ്രതിപക്ഷ പാർട്ടികൾ പലപ്പോഴും ഇ വി എം മെഷീനുകളെ കുറിച്ച് ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. 2013ൽ ഇ വി എമ്മുകളുടെ വിശ്വസനീയമായ പ്രവർത്തനം സ്ഥിരീകരിക്കാൻ സഹായിക്കുന്നതിന് ഒരു പേപ്പർ ട്രയൽ ഉൾപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദേശിച്ചു. 2014ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ പരീക്ഷിച്ച വോട്ടർ-വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ (വി വി പി എ ടി) ഉള്ള ഇ വി എമ്മുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വികസിപ്പിച്ചെടുത്തു. 2019 ലെ സുപ്രീം കോടതി വിധിക്ക് ശേഷം അന്തിമ ഫലങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് വിശ്വാസ്യത ഉറപ്പാക്കാൻ വി വി പി എ ടികളുടെ രണ്ട് ശതമാനം പരിശോധിച്ചുറപ്പിച്ചുകൊണ്ട് എല്ലാ തിരഞ്ഞെടുപ്പുകളിലും ഉപയോഗിക്കുന്നു.
പേപ്പർ ബാലറ്റുകൾ
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിലവിൽ വരുന്നതിനുമുമ്പ് പേപ്പർ ബാലറ്റുകൾ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പുകൾ നടത്തിയിരുന്നത്. മാനുവലായിട്ടായിരുന്നു വോട്ടെണ്ണൽ. സ്ഥാനാർഥികളുടെ പേരും ചിഹ്നവും വെച്ച് അച്ചടിച്ച പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തുകയായിരുന്നു ചെയ്തിരുന്നത്. സ്ഥാനാർഥിയുടെ പേരിന് നേരെയോ ചിഹ്നത്തിന് നേരെയോ സീൽ പതിക്കുകയാണ് ചെയ്തിരുന്നത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ പെട്ടിയിലാക്കി സീൽ ചെയ്ത് സൂക്ഷിക്കും. വോട്ടെണ്ണൽ ദിവസം പെട്ടി പൊട്ടിച്ച് വോട്ടെണ്ണും. വലിയ ചെലവേറിയതായിരുന്നു ഇത്തരത്തിലുള്ള വോട്ടെടുപ്പ്. വോട്ടെണ്ണലിന് ഗണ്യമായ വിഭവങ്ങളും എണ്ണാൻ ഏറെ സമയവും ആവശ്യമായിരുന്നു. ഇ വി എമ്മുകൾ എത്തിയതോടെ ചെലവ് ഗണ്യമായി കുറക്കുകയും ഫലങ്ങൾ വേഗത്തിൽ പ്രഖ്യാപിക്കാൻ സാധിക്കുകയും ചെയ്തു.




