Connect with us

Aksharam Education

ജീവന്റെ ചുരുള്‍

ഡി എൻ എയും ആർ എൻ എയും ജീവനെ അതിന്റെ സുതാര്യതയിൽ നിലനിർത്തുന്നത്.

Published

|

Last Updated

ജീവന്റെ അത്ഭുതങ്ങളിലേക്ക് നോക്കുമ്പോൾ ചെറിയ കോശങ്ങൾ പോലും വലിയ രഹസ്യങ്ങളാണ് സൂക്ഷിക്കുന്നത്. നാം കാണുന്ന ഓരോ രൂപവും കേൾക്കുന്ന ശബ്ദവും അനുഭവിക്കുന്ന വികാരം പോലും നമ്മുടെ ശരീരത്തിനകത്തു പ്രവർത്തിക്കുന്ന ചെറിയ അണുക്കളുടെ ഫലമായാണ്. ഈ ഫലത്തിന് പിന്നിൽ നിശബ്ദമായി ജോലി ചെയ്യുന്ന രണ്ട് അതുല്യ സന്ദേശവാഹകരാണ് ഡി എൻ എയും ആർ എൻ എയും. ഇവയുടെ പ്രവർത്തനമാണ് ജീവനെ അതിന്റെ സുതാര്യതയിൽ നിലനിർത്തുന്നത്.

എന്താണ് ഡി എൻ എ?

ഡി എൻ എ എന്നത് ഡിയോക്സിറൈബോന്യൂക്ലിക് ആസിഡ് (Deoxyribonucleic Acid)എന്നതിന്റെ ചുരുക്കപ്പേരാണ്. ഇത് മനുഷ്യരടക്കമുള്ള എല്ലാ ജീവികളുടെയും ജനിതക വിവരങ്ങളുടെ ഭൂപടമാണ്. നമ്മുടെ കണ്ണിന്റെ നിറം, ഉയരം, സ്വഭാവം, രക്തഗ്രൂപ്പ് ഇതെല്ലാം ഡി എൻ എയിൽ എഴുതപ്പെട്ടിരിക്കുന്ന നിർദേശങ്ങളാണ്. ഡി എൻ എ നീളമുള്ള ഇരട്ടനൂൽപോലുള്ള രൂപത്തിലായതിനാൽ അത് “ഡബിൾ ഹെലിക്‌സ്’ എന്ന് അറിയപ്പെടുന്നു.

കണ്ടുപിടിത്തം

ഒരുപാട് ശാസ്ത്രീയ പ്രവർത്തനത്തിലേക്കുള്ള വലിയ തുടക്കമായിരുന്നു ഡി എൻ എയുടെ കണ്ടുപിടിത്തം. അമേരിക്കൻ ബയോളജിസ്റ്റായ ജെയിംസ് വാട്‌സണും ഇംഗ്ലീഷ് ഫിസിസ്റ്റായ ഫ്രാൻസിസ് ക്രിക്കുമാണ് ഡി എൻ എയുടെ ഇരട്ടനൂൽ ഘടന കണ്ടുപിടിച്ചത്.
ഡി എൻ എയുടെ പ്രവർത്തനം

നമ്മുടെ ശരീരത്തിലെ കോശത്തിനകത്ത് ഡി എൻ എ ഒരു “മാസ്റ്റർ പ്ലാൻ’ പോലെയാണ് പ്രവർത്തിക്കുന്നത്. ശരീരത്തിൽ ഏത് പ്രോട്ടീൻ എപ്പോൾ, എത്ര, എവിടെ നിർമിക്കണം എന്ന നിർദേശങ്ങൾ നൽകുന്നത് ഡി എൻ എയാണ്. ഇത് ശരീരത്തിന്റെ വളർച്ചയും പ്രവർത്തനങ്ങളും നിയന്ത്രിക്കുകയും പ്രോട്ടീൻ നിർമാണത്തിനാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.

എന്താണ് ആർ എൻ എ?

ശരീരത്തിലെ കോശങ്ങളിൽ കാണുന്ന അത്യന്തം പ്രധാനപ്പെട്ട ജീവകണികയാണ് ആർ എൻ എ (റൈബോ ന്യൂക്ലിക് ആസിഡ്- Ribonucleic Acid). ഡി എൻ എയിലുള്ള വിവരങ്ങളെ വായിച്ച്, അതിനെ അടിസ്ഥാനമാക്കി പ്രോട്ടീനുകൾ നിർമിക്കുന്നതിന് ആർ എൻ എ സഹായിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഡി എൻ എ പുസ്തകമാണെങ്കിൽ, ആർ എൻ എ അതിലെ വിവരങ്ങൾ വായിച്ച് ജോലിചെയ്യുന്ന സന്ദേശവാഹകനാണ്.

ആർ എൻ എയുടെ കണ്ടുപിടിത്തം

19ാം നൂറ്റാണ്ടിന്റെ അവസാനം ഫ്രീഡ്രിക്ക് മീഷർ (Friedrich Miescher) ആണ് ആർ എൻ എ കണ്ടുപിടിച്ചത്. അദ്ദേഹം ന്യുക്ലീൻ എന്ന പേരിൽ ഡി എൻ എയും ആർ എൻ എയും ഉൾപ്പെടുന്ന ജൈവപദാർഥം കണ്ടെത്തി. പിന്നീട് 1900ങ്ങളിൽ ഫീബസ് ലെവീൻ (Phoebus Levene) ആർ എൻ എയുടെ ഘടനയും അതിലെ ഷുഗർ-റൈബോസ്, ബേസ് എന്നിവയും വിശദീകരിച്ചു. ആർ എൻ എയുടെ ജൈവപ്രാധാന്യം, പ്രോട്ടീൻ നിർമാണത്തിലുളള പങ്ക് എന്നിവ 1950-60 കാലഘട്ടത്തിൽ ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് വാട്സൺ, മൗറീസ് വിൽകിൻസ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ പഠനങ്ങളിലൂടെ കണ്ടെത്തി.

ആർ എൻ എ പ്രധാനമായും ഡി എൻ എയുടെ സന്ദേശം കോപ്പി ചെയ്ത് പ്രോട്ടീൻ നിർമാണത്തിന് റിബോസോ (പ്രോട്ടീൻ നിർമാണ കോശം) മിലേക്ക് എത്തിക്കുന്നു. അമിനോ ആസിഡുകൾ (പ്രോട്ടീനുകൾ നിർമിക്കാൻ സഹായിക്കുന്ന ഓർഗാനിക് സംയുക്തങ്ങളാണ്) ക്രമപ്പെടുത്തി പ്രോട്ടീൻ നിർമിക്കുന്നതിൽ സഹായിക്കുന്നു. കൂടാതെ ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നു.

ഒറ്റവാക്കിൽ പറഞ്ഞാൽ ഡി എൻ എ ജീവിതത്തിന്റെ രൂപരേഖയും ആർ എൻ എ ആ രൂപരേഖ പ്രവർത്തനത്തിലാക്കുന്ന സഹായിയുമാണ്. ഇവ രണ്ടും ചേർന്നാണ് നമ്മൾ ആരാണ്, എങ്ങനെയാണ് ജീവന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നത് എന്നതെല്ലാം നിർണയിക്കുന്നത്. ശാസ്ത്രലോകത്ത് ഡി എൻ എയും ആർ എൻ എയും കണ്ടെത്തിയ മഹാന്മാർ മനുഷ്യജ്ഞാനത്തിന് പുതിയ ലോകങ്ങൾ തുറന്നുതന്നു. ജീവന്റെ തുടിപ്പുകൾ മനസ്സിലാക്കാൻ ഈരണ്ട് കണങ്ങളും ഏറ്റവും വലിയ വഴികാട്ടികളാണ്.

 

തയാറാക്കിയത്: ഷാമില കെ