Kerala
ധ്രുവീകരണ രാഷ്ട്രീയത്തെ വിദ്യാര്‍ഥികള്‍ അതിജയിക്കും: സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍
മതമൂല്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുന്നത് എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളാനുള്ള സന്മനസ്സ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പുതിയ തലമുറയുടെ സവിശേഷതയും ഈ പാരസ്പര്യമാണ്.
കണ്ണൂര്‍ | ധ്രുവീകരണ രാഷ്ട്രീയത്തെ പുതു തലമുറയോട് താത്വികമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഏറ്റവും വലിയ ശരികേടാണെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍. നിഷ്‌കളങ്കമായി നാളെ പ്രതീക്ഷിച്ചിരിക്കുന്നവരാണ് വിദ്യാര്‍ഥികള്‍. നാടിന്റെ നാളെയും അവര്‍ തന്നെയാണെന്നും എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘നമ്മള്‍ നാടായ കഥ’ പഠന ശിബിരത്തില്‍ അധ്യക്ഷ ഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു.
മതമൂല്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുന്നത് എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളാനുള്ള സന്മനസ്സ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പുതിയ തലമുറയുടെ സവിശേഷതയും ഈ പാരസ്പര്യമാണ്. അതിനെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം നവമാധ്യമങ്ങള്‍ വഴി പുതിയ തലമുറയിലേക്ക് വെറുപ്പ് പ്രചരിപ്പിക്കാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമം ജാഗ്രതയോടെ കാണണം. മാനുഷിക ബന്ധങ്ങളിലൂടെയും കൈമാറ്റത്തിലൂടെയും ജീവിച്ചുതീര്‍ത്ത കഥകളാണ് പുതിയ തലമുറകള്‍ക്ക് കൈമാറേണ്ടതെന്നും സംഗമം അഭിപ്രായപ്പെട്ടു.
എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ടി അബൂബക്കര്‍, സെക്രട്ടറിമാരായ
സി എം സാബിര്‍ സഖാഫി, ജാബിര്‍ കാന്തപുരം പഠന ശിബിരത്തില്‍ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ടി പി സൈഫുദ്ദീന്‍, സി എ റാസി, ബാസിം നൂറാനി, അബ്ദുല്ല ബുഹാരി സംബന്ധിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി 750 സെക്ടര്‍ കേന്ദ്രങ്ങളില്‍ തെരുവ് സംഗമങ്ങളും 125 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ പഠന സംഗമങ്ങളും നടക്കും.



