Kuwait
കെട്ടിടങ്ങളുടെ ഓട്ടോമേറ്റഡ് നമ്പറുകള്‍ ശേഖരിച്ച് വ്യാജ മേല്‍വിലാസം തയ്യാറാക്കി നല്‍കല്‍; കുവൈത്തില്‍ മൂന്നുപേര്‍ പിടിയില്‍
അറസ്റ്റിലായവരില്‍ ഒരാള്‍ ഏഷ്യന്‍ പൗരനും രണ്ടുപേര്‍ അറബ് പൗരന്മാരും ആണ്.
കുവൈത്ത് സിറ്റി | കുവൈത്തിലെ ഫര്‍വാനിയ, ജലീബ് ഏരിയകളിലെ കെട്ടിടങ്ങളുടെ ഓട്ടോമേറ്റഡ് നമ്പറുകള്‍ ശേഖരിച്ച് വ്യാജ മേല്‍വിലാസം നിര്‍മിച്ചു നല്‍കുന്ന സംഘത്തിലെ മൂന്ന് പേരെ ഫര്‍വാനിയ ഗവര്‍ണറേറ്റ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ ഏഷ്യന്‍ പൗരനും രണ്ടുപേര്‍ അറബ് പൗരന്മാരും ആണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
40 ദിനാര്‍ മുതല്‍ 120 ദിനാര്‍ വരെ ആണ് ഇടപാടുകാരില്‍ നിന്നും ഇവര്‍ വാങ്ങിയിരുന്നത്. കെട്ടിട ഉടമകള്‍ അറിയാതെ പ്രദേശത്തെ വിവിധ കെട്ടിടങ്ങളുടെ ഓട്ടോമേറ്റഡ് നമ്പറുകള്‍ ശേഖരിച്ച് പ്രവാസികളുടെ മേല്‍വിലാസങ്ങള്‍ മാറ്റുന്നതിനുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിയിരുന്നത്. പിടിയിലായവരില്‍ നിന്നും 1,694 ദിനാറും ഒരു പ്രിന്ററും ക്യാമറയും വിതരണത്തിന് തയ്യാറായ നിരവധി സിവില്‍ ഐ ഡി കാര്‍ഡുകളും പിടിച്ചെടുത്തു.
കഴിഞ്ഞാഴ്ചയില്‍ ജലീബ് പ്രദേശത്തെ 67 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയതിനു പിന്നാലെ സ്വദേശി പാര്‍പ്പിട മേഖലയിലേക്ക് ബാച്ചിലര്‍ താമസക്കാരുടെ ഒഴുക്ക് വര്‍ധിച്ചിരുന്നു. കൈത്താന്‍, ഫിര്‍ദൗസ്, ആന്തലോസ്, റാബിയ എന്നീ പ്രദേശങ്ങളിലേക്കാണ് ബാച്ചിലര്‍മാര്‍ പുതിയ താമസ ഇടങ്ങള്‍ തേടി എത്തുന്നതെന്നും റിപോര്‍ട്ടുണ്ടായിരുന്നു. ഇത്തരത്തില്‍ സ്വദേശി താമസ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഇത്തരക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നവര്‍ക്കും എതിരെ നഗരസഭാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ജല വൈദ്യുതി മന്ത്രാലയം തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സുകളുമായി ഏകോപനം നടത്തി ഈ പ്രദേശങ്ങളില്‍ പ്രത്യേക പരിശോധനയും കര്‍ശനമാക്കിയതായി നഗരസഭയിലെ ബാച്ചിലേഴ്‌സ് പരിശോധനാ സമിതി മേധാവി എന്‍ജിനീയര്‍ മുഹമ്മദ് അല്‍ ജലാവി അറിയിച്ചു.




