Kerala
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചു ദിവസമാക്കല്‍; സര്‍വീസ് സംഘടനകളുടെ യോഗം മാറ്റി
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയതോടെയാണ് യോഗം മാറ്റിയത്.
തിരുവന്തപുരം | സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച സര്‍വീസ് സംഘടനകളുടെ യോഗം മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയതോടെയാണ് യോഗം മാറ്റിയത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടത്താനിരുന്നതായിരുന്നു യോഗം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എന്‍.ജി.ഒ അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ ഇതിനെതിരെ പരാതി നല്‍കിയിരുന്നു.
സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തിദിനം ആറില്‍ നിന്ന് അഞ്ചാക്കാനായിരുന്നു തീരുമാനം. പ്രവൃത്തിദിനങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍ ഒരു മണിക്കൂര്‍ ജോലിസമയം കൂട്ടണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. മുമ്പും സമാനമായ ആലോചനകളുണ്ടായിരുന്നു. മാസത്തിലെ രണ്ടാം ശനിയോടൊപ്പം നാലാം ശനിയും അവധിയാക്കുക എന്നതായിരുന്നു അന്ന് നടന്ന ചര്‍ച്ച. എന്നാല്‍ ജീവനക്കാരുടെ കാഷ്വല്‍ ലീവ് കുറയ്ക്കണമെന്ന ഉപാധി കാരണം സര്‍വീസ് സംഘടനകള്‍ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായ ശുപാര്‍ശയാണ് മുന്നോട്ട് വച്ചിരിക്കുന്നത്. മാസത്തിലെ എല്ലാ ശനിയും ഞായറും അവധിയാക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ ശിപാര്‍ശ.
നിലവില്‍ 10.15 മുതല്‍ വൈകിട്ട് 5.15 വരെയും മറ്റ് ചില ഓഫീസുകളില്‍ 10 മുതല്‍ 5 വരെയും ആണ് പ്രവൃത്തി സമയം. ഇത് മാറ്റുകയാണെങ്കില്‍ 10.15 ന് തുടങ്ങുന്ന ഓഫീസുകള്‍ 9.15-നോ 9.30-നോ ആരംഭിക്കുകയും വൈകിട്ട് 5.30 അല്ലെങ്കില്‍ 5.45 വരെ പ്രവര്‍ത്തിക്കുകയും വേണം.




