Connect with us

From the print

വി സി നിയമനം: മുഖ്യമന്ത്രിയെ തള്ളി ഗവര്‍ണര്‍

സിസയെയും പ്രിയ ചന്ദ്രനെയും വി സിമാരാക്കാന്‍ ശിപാര്‍ശ.

Published

|

Last Updated

ന്യൂഡല്‍ഹി | ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അസാധാരണ നീക്കവുമായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വി സി നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ശിപാര്‍ശ തള്ളിയ ഗവര്‍ണര്‍, ഡോ. സിസ തോമസിനെയും ഡോ. പ്രിയ ചന്ദ്രനെയും വി സിമാരായി ശിപാര്‍ശ ചെയ്യുന്നതായി സുപ്രീം കോടതിയെ അറിയിച്ചു. സാങ്കേതിക സര്‍വകലാശാലാ വി സിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലാ വി സിയായി ഡോ. പ്രിയ ചന്ദ്രനെയുമാണ് ശിപാര്‍ശ ചെയ്തത്. ഗവര്‍ണറുടെ പുതിയ നീക്കത്തോടെ സംസ്ഥാന സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് കൂടുതല്‍ ശക്തമാകും.

ഡിജിറ്റല്‍ സര്‍വകലാശാലാ വി സി നിയമനത്തിനായി ചാന്‍സലര്‍ക്ക് മുഖ്യമന്ത്രി കൈമാറിയ മുന്‍ഗണനാ പട്ടികയില്‍ ഡോ. സജി ഗോപിനാഥനും സാങ്കേതിക സര്‍വകലാശാലയിലെ പട്ടികയില്‍ ഡോ. സി സതീഷ് കുമാറുമായിരുന്നു ആദ്യ സ്ഥാനത്തുണ്ടായിരുന്നത്. ഈ രണ്ട് പേരുകളും പരിഗണിക്കാനാകില്ലെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമനത്തിനായി മുഖ്യമന്ത്രി കൈമാറിയ മുന്‍ഗണനാ പാനലില്‍ ആദ്യ രണ്ട് പേരുകളെ ഗവര്‍ണര്‍ ശക്തമായാണ് എതിര്‍ത്തത്. സര്‍വകലാശാലാ വി സി ആയിരുന്നപ്പോള്‍ കണക്കുകള്‍ സി എ ജി ഓഡിറ്റിംഗിന് വിധേയമാക്കിയിട്ടില്ലെന്നാണ് സജി ഗോപിനാഥിനെതിരായ ആരോപണം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി അനധികൃത അദാലത്ത് നടത്തി തോറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ വിജയിപ്പിച്ച വ്യക്തിയാണ് പട്ടികയില്‍ രണ്ടാമതുള്ള ഡോ. എം എസ് രാജശ്രീ എന്നാണ് ഗവര്‍ണറുടെ ആരോപണം. ഡോ. ജിന്‍ ജോസ്, ഡോ. പ്രിയ ചന്ദ്രന്‍ എന്നിവരായിരുന്നു മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്.

സാങ്കേതിക സര്‍വകലാശാലാ വി സി നിയമനത്തിന് മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ മൂന്ന് പേരുകളാണ് ശിപാര്‍ശ ചെയ്തിരുന്നത്. ഡോ. ബിന്ദു ജി ആര്‍, ഡോ. പ്രിയ ചന്ദ്രന്‍ എന്നിവരാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ടായിരുന്നത്. അതേസമയം, ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വി സി നിയമനത്തിന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുടെ അധ്യക്ഷതയിലുള്ള സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കിയ രണ്ട് പട്ടികയിലും സിസ തോമസിന്റെ പേര് ഉള്‍പ്പെട്ടിരുന്നു. ഡിജിറ്റല്‍ സര്‍വകലാശാലയില്‍ അഞ്ചാമതായും സാങ്കേതിക സര്‍വകലാശാലയില്‍ നാലാമതായുമാണ് സിസയുടെ പേരുള്ളത്. സിസയുടെ പേര് വി സി നിയമനത്തിനായി ശിപാര്‍ശ ചെയ്യുന്നില്ലെന്ന് ഗവര്‍ണര്‍ക്ക് കൈമാറിയ കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഒക്ടോബര്‍ 14നാണ് വി സി നിയമനവുമായി ബന്ധപ്പെട്ട പാനലിന്റെ മുന്‍ഗണനാ ക്രമം നിശ്ചയിച്ചു കൊണ്ടുള്ള പട്ടിക ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കൈമാറിയത്. താത്കാലിക വി സി എന്ന നിലയില്‍ സിസ തോമസ് സര്‍വകലാശാലയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചുവെന്നും സിസ തോമസ് ചാന്‍സലര്‍ക്ക് എഴുതിയ കത്ത് സര്‍വകലാശാലയുടെ യശസ്സിനെ ബാധിച്ചുവെന്നുമാണ് അവരുടെ പേര് ശിപാര്‍ശ ചെയ്യാത്തതിന് പ്രധാന കാരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.

 

Latest